”യാ ദേവീ സര്‍വ്വഭൂതേഷു
വിദ്യാരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോ നമഃ”
അജ്ഞാനത്തെ അന്ധകാരത്തിന്റെ പ്രതീകമായാണ് പൂര്‍വസൂരികളായ മഹര്ഷീശ്വരന്മാര് കണ്ടത്. അതിനാലാണ് മന്ത്രദ്രഷ്ടാക്കളായ മഹര്ഷീശ്വരന്മാര് തമസോ മാ ജ്യോതിര്‍ഗമയ എന്നു പ്രാര്‍ത്ഥിച്ചത്. ജ്യോതിസ് അഥവാ വെളിച്ചത്തെ അവര്‍ വിജ്ഞാന പ്രതീകമായി കണ്ടു. ഏതൊരു വ്യക്തിയിലും തമസ്, രജസ്, സ്വത്വം എന്നീ ത്രിഗുണങ്ങളില്‍ ഏതെങ്കിലും ഒന്നു പ്രബലമായിരിക്കും. തമോഗുണ പ്രധാനിയായ വ്യക്തികള്‍ ആസുരീകതയെ പ്രതിനിധീകരിക്കുമ്പോള്‍ സത്വഗുണപ്രധാനികള് ദൈവീസമ്പത്തിനെ പ്രതിനിധീകരിക്കും.
തമസ്സാണ്ട മനസ്സില്‍ വിജ്ഞാനദീപം കൊളുത്തുകയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം. പുരാണങ്ങളിലെ ദേവാസുര യുദ്ധങ്ങളെല്ലാം ഉള്ളിലെ ഇരുട്ടില്‍ നിന്നും സത്യപ്രകാശത്തിലേക്ക് സ്വയമുയര്ത്താന് സാധകന് നടത്തുന്ന ശ്രമങ്ങളുടെ പ്രതീകവല്‍ക്കരണമാണ്. ഈ സനാതന തത്ത്വം ഏറ്റവും മിഴിവോടെ കാണാനാവുന്നത് നവരാത്രി ആഘോഷത്തിലാണ്.
ആസുരികതയുടെ മൂര്‍ത്തീരൂപമായ മഹിഷാസുരനെ വധിച്ച് ദേവി ആദിപരാശക്തി ലോകത്തിനു ധര്മ്മപ്രഭ ചൊരിഞ്ഞതിന്റെ അനുസ്മരണം എന്ന നിലയിലാണ് ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങള്‍. (ചണ്ഡാസുരന്, രക്തബീജന്, ശുംഭനിശുംഭന്മാര്, ധൂമ്രലോചനന്, മുണ്ഡാസുരന് തുടങ്ങി കാലകേയാസുരനെ വരെ വധിച്ചതും ദേവിയാണ്.)
കരിപുരണ്ട മനസ്സുകള്‍ ഏറ്റവും സ്വാര്ത്ഥപൂരിതമാകും. അവിടെ താന്‍ എന്നും തന്റേതെന്നും ഉള്ള ചിന്തമാത്രമേ കാണൂ. ഈ സ്വാര്‍ത്ഥത്തില്‍ നിന്നു സ്വയംവളര്ന്ന് തന്റെ ഹിതം സമൂഹഹിതവും തന്റെ സുഖം സമാജസുഖവും എന്ന തിരിച്ചറിവിലേക്ക് എത്തുമ്പോഴാണ് മനസ്സ് നിര്‍മ്മലവും പ്രഭാപൂര്ണ്ണവുമാകൂ.
അധികാരത്തിനോടുള്ള അത്യാര്‍ത്തിയുടേയും നശീകരണ വാഞ്ഛയുടേയും പ്രതീകമാണ് മഹിഷാസുരന്. ധനുവിന്റെ പുത്രനായ കാലകേയസ്സും ഇതേ പ്രതീകം തന്നെ. നല്ലതു ചൊല്ലിക്കൊടുക്കേണ്ട അമ്മ സ്വാര്ത്ഥലോഭമോഹങ്ങളാല് മക്കളെ ആദ്യന്തം തിന്മയുടെ വഴിയലൂടെ വളര്‍ത്തിയതിന്റെ ഉദാഹരണങ്ങളാണ് ഈ അസുരര്‍ എല്ലാം. ഇങ്ങനെ തിന്മയുടെ സവിശേഷാകാരങ്ങളാകുന്നവരെ വെല്ലാന്‍ പൗരുഷം മാത്രം മതിയാകാതെ വരും. അതിനാലാണ് പുരാണകഥകളില്‍ ഇത്തരം ആസുരീയ ശക്തികള്‍ക്ക് അന്ത്യം കുറിക്കാന്‍ അമ്മയായ ആദിപരാശക്തി തന്നെ രണഭൂമിയില്‍ എത്തുന്നത്.
ദുര്‍ഗാഷ്ടമിക്ക് എന്തുകൊണ്ടു പൂജ വയ്ക്കുന്നു, മഹാനവമി ദിനത്തില്‍ എന്തുകൊണ്ട് ആയുധപൂജ നടത്തുന്നു എതിനെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളില്‍ ഒന്ന് ഇങ്ങനെയാണ്. പാണ്ഡവര്‍ പന്ത്രണ്ട് വര്‍ഷം നീണ്ട വനവാസ കാലത്ത് തങ്ങളുടെ ആയുധങ്ങളെല്ലാം ഒരു കൂറ്റന്‍ വഹ്നി വൃക്ഷത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചു വെച്ചു. വനവാസകാലം തീരുവോളം അവര്‍ തങ്ങളുടെ സംരക്ഷണത്തിനു വനദുര്ഗ്ഗയോട് പ്രാര്‍ത്ഥിച്ചിരുന്നു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലെ ആയുധങ്ങള്‍ തിരിച്ചെടുത്ത് അവര്‍ ഒന്‍പതു ദിവസം തുടര്‍ച്ചയായി ദേവിയെ പൂജിച്ചു. തിന്മകളെ ഇല്ലാതാക്കി നന്മയും വിജയവും ഏകുന്ന ദേവിയെ സങ്കല്‍പ്പിച്ച് പത്താംദിവസമാണ് പഞ്ചപാണ്ഡവര്‍ അവരവരുടെ ആയുധങ്ങള്‍ തിരികെ കൈക്കൈക്കൊണ്ടത്. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് ആയുധപൂജയും മഹാനവമി, വിജയദശമി ആഘോഷങ്ങളും തുടങ്ങിയതെന്നാണ്.
പൂജ വെച്ച കുട്ടികള്‍ മഹാനവമി ദിവസമായ ഇന്ന് രാവിലേയും വൈകീട്ടും ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നത് ഉത്തമം. നാളെയാണ് വിജയദശമി.
”ആശ്വിനസ്യ സിതേപക്ഷേ
ദശമ്യാം താരകോദയേ
സ കാലോ വിജയോ ജ്ഞേയഃ
സര്‍വ്വാര്‍ത്ഥ സിദ്ധയേ”
എന്നാണ്.
അതിനാല്‍ നാളെ പുലര്‍ച്ചേ എഴുന്നേറ്റു കുളിച്ചു ദേഹശുദ്ധി വരുത്തി മാല, പുഷ്പങ്ങള്‍ ഇവയാല്‍ മൂര്‍ത്തികളെ അലങ്കരിക്കണം. ദേവീചിത്രത്തിന് വലതു വശത്തും ഇടതു വശത്തും കരിമ്പ് വെയ്ക്കണം. പായസം, പയര്‍, അവില്, മലര്, ശര്‍ക്കര, പഴം, മറ്റു നിവേദ്യങ്ങള്‍ എന്നിവയും അര്‍പ്പിക്കാം. സരസ്വതീ മന്ത്രങ്ങള്‍ ചൊല്ലി, ലളിത സഹസ്രനാമത്താല്‍ പുഷ്പാര്‍ച്ചന നടത്തി കര്പ്പൂരാരതിയോടെ വേണം പൂജവെച്ച ഗ്രന്ഥങ്ങള്‍ തിരിച്ചെടുക്കാന്‍. അനന്തരം ഒരു തളികയില്‍ അരിയെടുത്ത് വലതു ചൂണ്ടാണി വിരലാല്‍ ‘ഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തു. ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതണം. തുടര്‍ന്ന് ഗണപതിയേയും സരസ്വതീദേവിയേയും ധ്യാനിച്ച് പാഠപുസ്തകങ്ങളില്‍ ഒന്നെടുത്ത് വായിച്ച്, ബുദ്ധിയും ശക്തിയും ഏകണേ എന്ന പ്രാര്‍ത്ഥനയോടെ നമസ്കരിച്ച് വിദ്യാരംഭം പൂര്‍ത്തിയാക്കാം.
”സരസ്വതി നമസ്തുഭ്യം,
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: