സേതുബന്ധനമെന്ന സ്‌നേഹ നൂലിനാല്‍ കോര്‍ത്തിണക്കിയ കുറച്ച് ഊരുകള്‍ തമ്മിലുള്ള സ്‌നേഹപ്പെരുമ നിറയുന്ന ഒരനുഷ്ഠാനമാണ് കന്നിമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന ചിറകെട്ടോണം അഥവാ തേവരോണം എന്ന ചടങ്ങ്. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്തുള്ള ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറയിലാണ് തൃപ്രയാര്‍ തേവര്‍ സാക്ഷിയാകുന്ന ഈ ചടങ്ങ് നടക്കുന്നത്. ഇതിനടുത്ത പ്രദേശങ്ങളായ മുറ്റിച്ചൂര്‍, പെടയനാട്, കുട്ടന്‍കുളം, താന്ന്യം, പെരിങ്ങോട്ടുകര തുടങ്ങിയ ഇടങ്ങളിലേയും മറ്റും പ്രദേശവാസികള്‍ ഭക്ത്യാദരങ്ങളോടെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും ഭക്തിയാല്‍ കോര്‍ത്തിണക്കുന്ന പരിപാവനമായ ഒരു ചടങ്ങാണിത്.
സീതയെ അന്വേഷിച്ചു നടന്ന ശ്രീരാമന്‍ രാമേശ്വരത്തു വെച്ച് ലങ്കയിലേക്ക് കടക്കാന്‍ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും ഒന്നിപ്പിച്ച് സേതുബന്ധനം നടത്തിയ കൂട്ടായ്മയുടെ പ്രതീകമാണ് ഇന്നും ചെമ്മാപ്പിള്ളി എന്ന പ്രദേശത്തു നടന്നുവരുന്ന കന്നിമാസത്തിലെ തിരുവോണ നാളിലെ സേതുബന്ധനം. തൃക്കാക്കരയപ്പനെ പൂജിച്ച് നടത്തുന്ന ചിറകെട്ടോണം എന്ന ഈ അനുഷ്ഠാനം, ആധുനികത കടന്നുവരുമ്പോള്‍ പച്ച പരിഷ്‌കാരത്തിന്റെ പേരില്‍ മാറ്റിനിറുത്തപ്പെടേണ്ട ഒന്നല്ല. ”സ്‌നേഹ ചിറകെട്ടോണം’ എന്നും വിളിക്കാവുന്ന ഈ ചടങ്ങ് ഭാരത സംസ്‌കാരത്തെ, അതിന്റെ പവിത്രതയെ വിളിച്ചോതുന്ന, പ്രകൃതിയുമായി അലിഞ്ഞുകിടക്കുന്ന ഒരു കാലാതിവര്‍ത്തിയായ അനുഷ്ഠാനമാണ്.
രാമന്റെ അയനമാണല്ലോ രാമായണം. ഭക്തിയിലൂടെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി പാട്ടു സാഹിത്യ ശാഖയിലെ ആദ്യ കൃതിയായി ചീരാമ കവി തെരെഞ്ഞെടുത്തതും രാമകഥയായ രാമായണം തന്നെയാണ്. അതായത് ഭാരത സംസ്‌കാരത്തിന്റെ പൈതൃക സ്വത്ത് തന്നെയാണ് രാമചരിതമായ രാമായണം. ശ്രീരാമന്‍ എന്ന അവതാര പുരുഷന്‍ മാത്രമല്ല അതിലെ പ്രതിപാദ്യം. മനുഷ്യന്റെ ജീവിത സംസ്‌കാര പരിണാമ ചരിത്രം കൂടിയാണ് രാമായണം. ഈ രാമായണത്തെ ആസ്പദമാക്കി ഒരുപാട് ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നാം കൊണ്ടാടുന്നുണ്ട്. അതിന് ജാതിമതഭാഷ പ്രദേശഭേദങ്ങള്‍ ഒന്നുമില്ല. അങ്ങനെ രാമായണത്തിലെ സേതുബന്ധനം എന്ന ഭാഗത്തെ ആസ്പദമാക്കി ചിറകെട്ട് എന്ന സ്‌നേഹനൂലിനാല്‍ കോര്‍ത്ത ഭക്തിസമ്പന്നമായ ഒരു അനുഷ്ഠാനമാണ് തൃപ്രയാര്‍ തേവരുടെ മണ്ണായ ചെമ്മാപ്പിള്ളി എന്ന പ്രദേശത്തു നടക്കുന്ന ചിറകെട്ടോണം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ഒന്നുമില്ലാതെ ജാതിമതഭേദമന്യേ എല്ലാ തുറകളിലും പെട്ട ആളുകള്‍ ഒത്തുചേര്‍ന്നാന്ന് ചിറകെട്ട് ചടങ്ങ് സംഘടിപ്പിക്കുന്നത്.
‘മാവേലി നാടു വാണിടും കാല’ത്തെ അനുസ്മരിപ്പിക്കുന്ന പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ്, കന്നിയിലെ തിരുവോണ നാളിലാണ് ചിറകെട്ടോണത്തിന്റെ അരങ്ങുണരുന്നത്. ഈ ചിറകെട്ടോണം പറയി പെറ്റ പന്തിരുകുലത്തെയും ഓര്‍മിപ്പിക്കുന്നു. വരരുചിയില്‍ നിന്ന് പഞ്ചമി എന്ന പറയ സ്ത്രീക്ക് ജനിച്ച മക്കളെ, പ്രസവിക്കുന്ന സ്ഥലങ്ങളില്‍ത്തന്നെ ഉപേക്ഷിച്ചു പോകുന്നു. ആ പന്ത്രണ്ട് മക്കളില്‍ ഓരോരുത്തരെയും വിവിധ ജാതികളില്‍പ്പെട്ടവര്‍ എടുത്തു വളര്‍ത്തുന്നു അവരെല്ലാം തങ്ങള്‍ ചെന്നെത്തിയ കുലങ്ങളിലെ കുലവൃത്തികളില്‍ അഗ്രഗണ്യരാകുന്നു. എല്ലാ ജാതികളിലും പറയി പെറ്റ ഈ മക്കള്‍ എത്തിയിരുന്നു. ആ പറയി പെറ്റ പന്തിരുകുലത്തിലെ എല്ലാ തുറകളിലും പെട്ടവര്‍ ഒത്തുകൂടുന്ന ഒരു സ്‌നേഹച്ചിറ കെട്ടല്‍ കൂടിയാണ് ചിറകെട്ടോണം എന്നറിയപ്പെടുന്ന ഈ ചടങ്ങ്.
ചിറകെട്ട് നടക്കുന്ന സ്ഥലം ഇപ്പോള്‍ പെരിങ്ങോട്ടുകര ജുമാ മസ്ജിദിന്റെതാണ്. ഈ പള്ളിയില്‍ നിന്നുള്ളവരും ചടങ്ങില്‍ സസന്തോഷം പങ്കെടുക്കുന്നു. എല്ലാ കുലത്തിലും ഉള്ളവരുടെ സ്‌നേഹത്തിന്റെ സേതുബന്ധനമാണ് ഈ ചിറകെട്ട്. ഇതിലൂടെ പ്രകൃതി സംരക്ഷണവും കൃഷി സംരക്ഷണവും ജലവിഭവ ശേഖരണവും ഒരുമിച്ച് നടക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ എത്രമാത്രം പ്രായോഗിക ബുദ്ധിയോടെയാണ് ഈ ഒരോ ആചാരങ്ങളും കൊണ്ടാടിയത്.
ചിറകെട്ടോണം ചടങ്ങിനു മുമ്പായി കുമ്മാട്ടിയിറങ്ങി പരിസരവാസികളെയെല്ലാം ചിറകെട്ടോണ ചടങ്ങ് വിളംബരം ചെയ്ത് അറിയിക്കുന്നു. കുമ്മാട്ടി ദ്രാവിഡ സംസ്‌കാരത്തിന്റെ പ്രതീകമാണ്. പ്രകൃതിയോട് അലിഞ്ഞു ചേര്‍ന്ന് ജീവിച്ച കാടിന്റെ മക്കളെ ഇതോര്‍മിപ്പിക്കുന്നു. ചിറകെട്ടിന് സാക്ഷ്യം വഹിക്കുന്നതിന് തൃപ്രയാര്‍ തേവര്‍ വിഷ്ണുമായ സ്വാമിയേയും ഹനുമാന്‍ സ്വാമിയേയും ക്ഷേത്രമേല്‍പിച്ച് മുതലപ്പുറത്തേറി തീവ്രാനദി കടന്നെത്തുമെന്നാണ് സങ്കല്പം. ആ സമയത്ത് പുഴയില്‍ അസാധാരണ തിരയിളക്കം കാണപ്പെടുമെന്നും പറയപ്പെടുന്നു. അന്നേ ദിവസം ക്ഷേത്രത്തിലെ ദീപാരാധനയും അത്താഴപൂജയും നേരത്തെ നടത്തുന്നു. അന്ന് നടക്കുന്ന അന്നദാനം ശബരിസല്‍ക്കാരം എന്നാണ് അറിയപ്പെടുന്നത്.
ശ്രീരാമചന്ദ്ര ഭഗവാനെ ശബരിമാതാവ് സ്വീകരിച്ചതിന്റെ ഓര്‍മയ്‌ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നാനാജാതി മതസ്ഥരും തനിക്കു ലഭിച്ച ഭക്ഷണം അപരന് നല്കിയ ശേഷം മറ്റൊരാളില്‍ നിന്നും തന്റെ ഭക്ഷണം വാങ്ങിക്കഴിക്കുന്ന രീതിയിലാണ് ഈ ചടങ്ങ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭഗവാനെ ചിറകെട്ടാന്‍ സഹായിച്ച അണ്ണാറക്കണ്ണനെ സ്മരിക്കുന്ന ‘സേതുബന്ധന വന്ദനം’ എന്ന ചടങ്ങ് ചിറ കെട്ടിയതിനു ശേഷം എല്ലാ ദിവസവും ഇവിടെ നടക്കുന്നുമുണ്ട്.
പരസ്പര വിശ്വാസത്തിന്റെ, നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ, ഭക്തിയുടെ, സംസ്‌കാരത്തിന്റെ, പ്രകൃതിയുടെ ചങ്ങലക്കെട്ടിനാല്‍ കോര്‍ത്തിണക്കപ്പെടുന്ന ഒത്തൊരുമയുടെ പ്രതീകമായ ചിറകെട്ടൊണം ഒരിക്കല്‍ കൂടി ആഗതമാവുകയാണ്. പരസ്പരം സ്‌നേഹിക്കാന്‍ മറന്നുപോകുന്ന മനുഷ്യത്വത്തിന് പ്രസക്തി നല്‍കാത്ത പുതുതലമുറയെ, സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ ഈ സ്‌നേഹ ചിറകെട്ട് എന്ന ചടങ്ങിലൂടെ, നേരിലേക്ക് വഴികാട്ടാം.
ഭാരത സംസ്‌കാരത്തിന്റെ അന്ത:സത്തയെ വിളിച്ചുണര്‍ത്തുന്ന നമ്മുടെ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഭാരത മണ്ണിലെ കേരം തിങ്ങും കേരള നാട്ടിലെ തൃപ്രയാറപ്പന്റെ മണ്ണില്‍ ചെമ്മാപ്പിള്ളി എന്ന ചെറുഗ്രാമത്തിലാണ് ചിറകെട്ട് എന്ന ചരിത്രപരമായ ചടങ്ങ് നടക്കുന്നത്. സേതുബന്ധനത്തെ അടിസ്ഥാനമാക്കി ഇങ്ങനെയൊരു ചടങ്ങ് ഇവിടെയല്ലാതെ മറ്റൊരിടത്തും നാം കാണുന്നില്ല. സേതുബന്ധനം എന്ന പരസ്പര ഐക്യത്തേയും സകല ജീവജാലങ്ങളെയും ഒന്നിപ്പിക്കുന്ന ഏകതാ സങ്കല്പമായ അദ്വൈത ചിന്തയെയും ഓര്‍മിപ്പിക്കുന്നു.
എം.പി. ഹണി
9645419837
പ്രതികരിക്കാൻ ഇവിടെ എഴുതുക: