വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസില്‍ റാഗിംഗിനിടെ ദുരുഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്ത്ഥന് മരിക്കാനിടയായ സംഭവത്തില്‍ ശിക്ഷാ നടപടി നേരിട്ട ഉന്നതരെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ അദ്ധ്യാപക സംഘടന നടത്തുന്ന പണപ്പിരിവ് വിവാദമായി. കേസിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ സര്‍വകലാശാലയിലെ ചില അധ്യാപകര്‍ ഒത്താശ ചെയ്തതിനു പിന്നാലെയാണ് മറ്റുകുറ്റാരോപിതരെ രക്ഷിക്കാന്‍ സംഘടന നേരിട്ടു രംഗത്തു വരുന്നത്. മുന്‍ ഡീന്‍ ഡോ. എം കെ നാരായണന്, ഹോസ്റ്റല്‍ അസിസ്റ്റന്റ് ഡോ. കാന്തനാഥന് എന്നിവര്‍ക്കു കേസു നടത്താനാണ് സിപിഎം അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് യൂണിവേഴ്സിറ്റി കേരള പണം പിരിക്കുന്നത്. 2000 രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ മറ്റ് അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. മാനേജ്മെന്റ് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ സമ്മര്‍ദ്ദം മൂലം സസ്പെന്ഷന് കാലാവധി കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ഇരുവരെയും തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: