ഡാർജിലിംഗ്: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വർഷത്തെ ആർമി കമാൻഡേഴ്‌സ് കോൺഫറൻസിനെ അഭിസംബോധന ചെയ്തു. ഡാർജിലിംഗിലെ സുക്‌ന കാൻ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം കോൺഫറൻസിൽ പങ്കെടുത്തത്.
നേരത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം ഗാംഗ്‌ടോക്കിൽ എത്തേണ്ടതായിരുന്നു. എന്നാൽ മോശം കാലാവസ്ഥയെത്തുടർന്ന് അദ്ദേഹത്തിന്റെ വിമാനം സിലിഗുരിയിലേക്ക് മടങ്ങി. ഈ സാഹചര്യത്തിലാണ് അദ്ദേഹം അവിടെ സുക്നകാൻ്റിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി കോൺഫറൻസിനെ അഭിസംബോധന ചെയ്യേണ്ടി വന്നത്.
അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളും നിർദേശങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരോട് അദ്ദേഹം വിശദമായി ചർച്ച ചെയ്തു. ആഗോളതലത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹൈബ്രിഡ് യുദ്ധം ഉൾപ്പെടെയുള്ളവയെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ നടക്കുന്ന സംഘർഷങ്ങളിലും ഇത് പ്രകടമാണ്. തന്ത്രങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും രൂപപ്പെടുത്തുമ്പോഴും സായുധ സേന ഈ വശങ്ങളെല്ലാം കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ അതിർത്തിയിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തി. പ്രത്യേകിച്ചും ലഡാക്കിലും അരുണാചൽ പ്രദേശിലും അതിർത്തിയിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിഗതികളാണ് ഉള്ളത്. ഈ സാഹചര്യത്തിൽ സേന കൂടുതൽ ജാഗരൂകരാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേ സമയം രണ്ട് ഘട്ടങ്ങളിലായാണ് കോൺഫറൻസ് നടക്കുന്നത്. ആദ്യ ഘട്ടം ഒക്ടോബർ 10 മുതൽ 11 വരെ ഗാംഗ്‌ടോക്കിലും രണ്ടാം ഘട്ടം 2024 ഒക്ടോബർ 28 മുതൽ 29 വരെ ദൽഹിയിലും നടക്കും. ഇതാദ്യമായാണ് യഥാർത്ഥ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള സ്ഥലത്ത് ഉന്നത സൈനിക കമാൻഡർമാരുടെ നിർണായക യോഗം ചേരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ പ്രവർത്തന തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുക, നിർണായക തന്ത്രങ്ങളെക്കുറിച്ച് ആലോചന നടത്തുക, ദേശീയ സുരക്ഷയുടെ വിവിധ വശങ്ങളിലും ഇന്ത്യൻ സൈന്യത്തിലെ സാങ്കേതിക മുന്നേറ്റങ്ങളിലും ഊന്നൽ നൽകി ഭാവി നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: