പാലക്കാട്: എലപ്പുള്ളിയിലെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റില്‍ വീണ അഞ്ചു കാട്ടുപന്നികളെയാണ് കൊന്നത്. കഴുത്തില്‍ വടമിട്ട് കുരുക്കിയാണ് വെടിവെച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെടിവെച്ച് കൊന്ന പന്നികളെ പുറത്തെടുത്തു.
ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തി നോക്കിയപ്പോഴാണ് കാട്ടു പന്നികള്‍ കിണറ്റില്‍ വീണതായി കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാല്‍ പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജീവനോടെ പുറത്തെടുത്ത് പുറത്തു വിടാനുള്ള നീക്കത്തെ നാട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും, പന്നികളെ കരയില്‍ കയറ്റി തുറന്നു വിട്ടാല്‍ വീണ്ടും അപകടമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവന് വരെ ഭീഷണിയായേക്കുമെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടർമാരെ പ്രദേശത്തേക്ക് എത്തിച്ചത്.
ഇവിടെ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: