ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ 55 കാരനെ ആക്രമിച്ച പുള്ളിപ്പുലിയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ഇന്ന് പുലർച്ചെ സെയ്‌റ പ്രദേശത്താണ് സംഭവം.
ഗ്രാമവാസിയായ ദേവറാമിന്റെ വീടിന് പുറത്ത് കന്നുകാലികളെ പുള്ളിപ്പുലി ആക്രമിച്ചു. ശബ്ദം കേട്ട് കന്നുകാലികളെ പരിശോധിക്കാൻ ഗേറ്റ് തുറന്നപ്പോൾ പുലി ഇയാൾക്ക് നേരെ ചാടി വീഴുകയായിരുന്നു. തുടർന്ന് സഹായത്തിനായുള്ള ഇയാളുടെ നിലവിളി കേട്ട് ഗ്രാമവാസികൾ പെട്ടെന്ന് തടിച്ചുകൂടി പുള്ളിപ്പുലി ഒളിച്ചിരിക്കുന്ന പ്രദേശം വളഞ്ഞു.
തുടർന്ന് വടികളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് പുള്ളിപ്പുലിയെ അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതേ സമയം വനം വകുപ്പും പോലീസും കഴിഞ്ഞ കുറേ ദിവസങ്ങളായി നരഭോജിയായ പുള്ളിപ്പുലിയെ തിരയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നേരത്തെ വർധിച്ചുവരുന്ന പുലിയുടെ ആക്രമണ സംഭവങ്ങളെ തുടർന്ന് വനംവകുപ്പ് ഒക്‌ടോബർ ഒന്നിന് നരഭോജിയായ പുലിയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടിരുന്നു.
കമല കൻവാർ എന്ന 55 കാരിയായ സ്ത്രീയെ സുവാട്ടോൻ കാ ഗുധയിലെ വീടിന് പുറത്ത് കന്നുകാലികൾക്ക് തീറ്റ നൽകുന്നതിനിടെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഉത്തരവ് ഇറക്കിയത്.
കൂടാതെ ഉദയ്പൂർ ജില്ലയിൽ സെപ്തംബർ മാസത്തിൽ 18, 19, 20, 25, 28, 30 തീയതികളിൽ പുള്ളിപ്പുലി മനുഷ്യരെ വേട്ടയാടിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: