വിയൻ്റിയാൻ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾ ആഗോള തലത്തിൽ ദക്ഷിണേഷ്യയിലെ രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ലാവോസിൽ നടക്കുന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറേഷ്യയിലും പശ്ചിമേഷ്യയിലും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പ്രശ്നങ്ങൾക്ക് യുദ്ധക്കളത്തിൽ നിന്ന് പരിഹാരം ഉണ്ടാകില്ലെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു. കൂടാതെ സ്വതന്ത്രവും സമൃദ്ധവും ഭരണാധിഷ്ഠിതവുമായ ഇൻഡോ-പസഫിക് മേഖല ലോകത്തിന്റെ തന്നെ സമാധാനത്തിനും പുരോഗതിക്കും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ചൈനാ കടലിന്റെ സമാധാനവും സുരക്ഷയും സുസ്ഥിരതയും മുഴുവൻ ഇന്തോ-പസഫിക് മേഖലയുടെയും താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ആഗോള ദക്ഷിണേഷ്യയിലെ രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി അത് യുറേഷ്യയായാലും പശ്ചിമേഷ്യയായാലും എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു.
താൻ ബുദ്ധന്റെ നാട്ടിൽ നിന്നാണ് വരുന്നത്. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരമാധികാരം, പ്രാദേശിക സമഗ്രത, അന്താരാഷ്‌ട്ര നിയമങ്ങൾ എന്നിവയെ മാനിക്കേണ്ടത് ആവശ്യമാണ്. മാനുഷിക സമീപനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യൂറേഷ്യയിൽ ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷത്തിനും പശ്ചിമേഷ്യയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനും ഇടയിലാണ് അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും എതിരായ ഗുരുതരമായ വെല്ലുവിളി കൂടിയാണ് തീവ്രവാദം. അതിനെ നേരിടാൻ ലോക ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
ഇന്ത്യ എല്ലായ്‌പ്പോഴും ആസിയാൻ ഐക്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഇന്തോ-പസഫിക് കാഴ്ചപ്പാടിന്റെയും ക്വാഡ് സഹകരണത്തിന്റെയും കേന്ദ്രം ആസിയാൻ ആണെന്നും മോദി ചൂണ്ടിക്കാട്ടി. മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ പ്രധാന സ്തംഭമാണ് കിഴക്കൻ ഏഷ്യ ഉച്ചകോടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: