തിരുവനന്തപുരം: ദേവികുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും നടന്നിട്ടുണ്ടെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉത്തരവ് നല്കിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. നിയമസഭയില്‍ സബ്മിഷന് മറുപടി നല്കുകയായിരുന്നു മന്ത്രി.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ അഞ്ചുപേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അന്വേഷണ സംഘം ജില്ലാ കളക്ടര്‍ക്ക് ഒക്‌ടോ. 2ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ പരാതിക്കടിസ്ഥാനമായ 876 ഏക്കര്‍ വിസ്തീര്‍ണം വരുന്നതുമായ സര്‍ക്കാര്‍ പാറ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1965-1970 കാലഘട്ടത്തില്‍ നല്കിയ അഞ്ചു പട്ടയങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് കൈയേറ്റം നടന്നത്. 3060 ഏക്കര്‍ വരുന്ന ഒരു വലിയപ്രദേശം ഒരു മൈനര്‍ സര്‍ക്യൂട്ട് ആയി സര്‍വേ ചെയ്ത് 27/1 എന്ന സര്‍വേ നമ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഭൂമിയില്‍ നിന്നാണ് മുമ്പ് പട്ടയങ്ങള്‍ നല്കിയിട്ടുള്ളത്. ഈ പട്ടയങ്ങള്‍ പ്രകാരമുള്ള സ്ഥലങ്ങളാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോള്‍ റീസര്‍വേ ബ്ലോക്ക് നമ്പര്‍ 4ല്‍ സര്‍വേ 35ല്‍പ്പെട്ട 876 ഏക്കര്‍ വരുന്ന ഭൂമിയുടെ ഒരു ഭാഗത്ത് കൈയേറ്റം നടന്നിട്ടുള്ളത്.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പതിച്ചു നല്കാനാകാത്തതും പാരിസ്ഥിതികമായി റെഡ് സോണില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശത്തുള്ള അനധികൃത കൈയേറ്റം തടയാത്ത ഉദ്യോഗസ്ഥരെയും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി അനുവദിച്ച ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച എന്‍ഒസികള്‍ പരിശോധിച്ച് റദ്ദാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: