ടെല്‍അവീവ്: ഒരേസമയം ലെബനനിലും സിറിയയിലും ഗാസയിലും, വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. സിറിയയില്‍ ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യവസായ മേഖല ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കൂടാതെ, സിറിയയെയും ലെബനനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ലക്ഷ്യമാക്കിയും ആക്രമണം നടന്നു.
ബുധനാഴ്ച സിറിയയിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ആദം ജാഹൗട്ടിനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. സിറിയയിലെ ഗോലന്‍ ഭീകര ശൃംഖലയിലെ അംഗമാണ് ആദം. ഇന്നലെ ലെബനന്റെ തെക്കന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഹിസ്ബുള്ള കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധശേഖരവും നശിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ലെബനനും ഗാസയുടെ സ്ഥിതിയുണ്ടാകുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. നെതന്യാഹുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇക്കാര്യം പരാമര്‍ശിച്ചത്. ലെബനനിലെ പ്രത്യേകിച്ച് ജനസാന്ദ്രതയേറിയ ബെയ്റൂട്ട് പോലെയുള്ള ഇടങ്ങളില്‍, ജനങ്ങള്‍ക്ക് ഹാനീകരമായ രീതിയില്‍ ആക്രമണം നടത്തുന്നത് കുറയ്ക്കണമെന്ന് ബൈഡന് ആവശ്യപ്പെട്ടതായി യുഎസ് വിദേശകാര്യ വക്താവ് മാത്യൂ മില്ലര്‍ അറിയിച്ചു. ഇസ്രയേലില്‍ ഇറാന് നടത്തിയ ആക്രമണവും ചര്‍ച്ചയായി. ഇരുവരുടെയും ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇറാന് തിരിച്ചടി നല്‍കുമെന്നറിയിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വീഡിയോ സന്ദേശം പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: