ന്യൂദല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ജനവിധിയെ അവഹേളിക്കുന്നു. തെരഞ്ഞെടുപ്പുഫലം അംഗീകരിക്കില്ലെന്നു പറഞ്ഞ കോണ്‍ഗ്രസ്, വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രപതിക്കും പരാതി നല്‍കാനൊരുങ്ങുന്നു.
എക്സിറ്റ് പോളുകളില്‍ തങ്ങള്‍ക്കു വലിയ വിജയമാണ് ലഭിച്ചത്. ജനങ്ങള്‍ തങ്ങള്‍ക്കനുകൂലമായാണ് വിധിയെഴുതിയത്. ബിജെപി വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിച്ചു, എന്നൊക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
തെരഞ്ഞെടുപ്പു കമ്മിഷനു നല്കിയ പരാതിയില്‍ മറുപടി ലഭിക്കുന്ന മുറയ്ക്ക് മറ്റു നിയമ നടപടികള്‍ സ്വീകരിക്കും, കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
വോട്ടിങ് യന്ത്രത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ ക്രമക്കേടു നടന്നെന്നും ഈ മണ്ഡലങ്ങളിലെ ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്നുമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷന് കൊടുത്തിരിക്കുന്ന പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമത്രേ.
ജനവിധിയെ അപഹസിക്കുന്ന തരത്തിലാണ് രണ്ടു ദിവസമായി കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളും പ്രവര്‍ത്തികളും. എന്നാല്‍ ഇന്നലെ ഹരിയാനയിലെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി എംപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഹരിയാനയില്‍ നിന്നുള്ള പ്രമുഖ നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, കുമാരി സെല്‍ജ എന്നിവര്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: