മുള്‍ട്ടാന്‍: ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് മത്സരത്തിന് ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തുവയ്‌ക്കാവുന്നൊരു മാസ് ത്രില്ലര്‍ പ്രകടനവുമായ് ഇംഗ്ലണ്ട്. പാക് മണ്ണിലെത്തിയ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നാല് ദിവസം കഴിയുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അന്തസോടെ 550ന് മേല്‍ സ്‌കോര്‍ ചെയ്ത ആതിഥേയര്‍ തോല്‍വിയുടെ വക്കില്‍.
സ്‌കോര്‍: പാകിസ്ഥാന്‍- 556, 152/6(37ഓവറുകള്‍); ഇംഗ്ലണ്ട് 823/7(149 ഓവറുകള്‍) ഡിക്ലയേര്‍ഡ്.
267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ട് നേടിയത്. ഇതിനെതിരെ ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. പാകിസ്ഥാനെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടത് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് ആണ്. ക്രിക്കറ്റ് ഇന്നോളം പറഞ്ഞു തന്നെ വീരേതിഹാസങ്ങളെ കവച്ചുവയ്‌ക്കുന്ന പ്രകടനവുമായി മുന്നേറിയ ഇംഗ്ലണ്ടിന്റെ പവര്‍ ബാറ്റിങ്ങില്‍ ഒരുപിടി റിക്കാര്‍ഡുകള്‍ കൂടി പിറന്നു.
ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടോട്ടല്‍ ഇംഗ്ലണ്ട് കണ്ടെത്തി. 1997ല്‍ കൊളംബോയില്‍ ഭാരതത്തിനെതിരെ ശ്രീലങ്ക നേടിയ 952 റണ്‍സും 1938ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ 903 റണ്‍സുമാണ് മുന്നിലുള്ള വമ്പന്‍ സ്‌കോറുകള്‍. ഈ വമ്പന്‍ ലെവലിലേക്ക് ടീമിനെ നയിച്ചത് ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറി(262)യും ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറി പ്രകടനവു(317)മാണ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 454 റണ്‍സ് റിക്കാര്‍ഡ് സ്‌കോറായി. ഒമ്പത് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയക്കുവേണ്ടി ആദം വോഗ്‌സും ഷോന്‍ മാര്‍ഷും ചേര്‍ന്നെടുത്ത നാലാം വിക്കറ്റിലെ 449 റണ്‍സാണ് പഴങ്കഥയായത്. ടെസ്റ്റില്‍ അതിവേഗം ട്രിപ്പിള്‍ സെഞ്ചുറി തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി മാറാന്‍ ബ്രൂക്കിന് സാധിച്ചു. 310 പന്തുകളെടുത്താണ് ബ്രൂക്ക് 300 തികച്ചത്. സേവാഗ് 2008ല്‍ കരിയറിലെ രണ്ടാം ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ എടുത്തത് 278 പന്തുകളായിരുന്നു. 29 ബൗണ്ടറികളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്. ഒടുവില്‍ സായിം അയൂബിന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.
രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ടീമിന്റെ തോല്‍വി ഏറെക്കുറേ ഉറപ്പിച്ചിരിക്കുന്നത്. രണ്ട് വീതം വിക്കറ്റുകള്‍ നേടി ഗുസ് അറ്റ്കിന്‍സണും ബ്രൈഡന്‍ കാഴ്‌സെയും ആണ് പാകിസ്ഥാനെ പൂട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: