തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞ് ഫിലിം വലിച്ചുകീറുന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടന്നെും ഈ രീതി മോട്ടോര്‍ വാഹന വകുപ്പിലെയും എന്‍ഫോഴ്‌സ്‌മെന്റിലെയും പോലീസ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കൂളിങ് ഫിലിം ഒട്ടിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .വഴിയിൽ തടഞ്ഞു നിർത്തി കൂളിങ് ഫിലം വലിച്ചു കീറുന്നത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്.
മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം വലിച്ചുകീറരുത്. അകത്തിരിക്കുന്ന ആളെ തീരെ കാണാൻ കഴിയാത്ത വിധം ഡാർക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം.
ഗ്ലാസ് ഗർഭിണികൾ, കുഞ്ഞുങ്ങൾ, ക്യാൻസർ പോലുള്ള രോഗമുള്ളവർ, വൃദ്ധർ എന്നിവരെ സംബന്ധിച്ച് വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച് വെയിൽ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു. മീറ്റർ പ്രകാരം വേണം പിഴ നൽകാൻ. അല്ലാതെ കണ്ണ് കൊണ്ട് കണ്ടിട്ട് ആളുകളെ ഉപദ്രവിക്കരുത്. എല്ലാ നിയമത്തിനും ഉപരിയാണ് മനുഷ്യത്വം എന്ന വികാരമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: