India

ബന്നാര്‍ഘട്ടയിലെ സഫാരി വാഹനത്തില്‍ കയറാന്‍ ശ്രമിച്ച് പുള്ളിപ്പുലി

Published by

ബെംഗളൂരു: ബന്നാര്‍ഘട്ടയിലെ സഫാരി വാഹനത്തില്‍ കയറാന്‍ ശ്രമിച്ച് പുള്ളിപ്പുലി. ബന്നാര്‍ ഘട്ട ദേശീയോദ്യാനത്തിലാണ് ഞായറാഴ്ച ടൂറിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടില്‍ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാന്‍ ശ്രമിച്ചത്. ബസിന്റെ ജനാലയിലൂടെ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

രണ്ടു വാഹനങ്ങളിലായിട്ട് സഞ്ചാരികളെ കാട്ടിനുള്ളിലൂടെ കൊണ്ട് പോകുമ്പോഴായിരുന്നു പുലി മുമ്പിലേക്കെത്തിയത്. കാടിറങ്ങി ട്രാക്കിലേക്ക് എത്തിയ പുലി ബസിലേക്ക് നോക്കി നില്‍ക്കുന്നതും ശേഷം ജനാലയിലേക്കു വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പുലി കയറുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനു ശേഷം ബസിനു മുന്നിലേക്ക് പോയി നിലയുറപ്പിച്ച പുലി പിന്നീട് കാട്ടിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ഇതാദ്യമായല്ല വിനോദസഞ്ചാരികളുടെ വാഹനങ്ങളില്‍ പുലി കയറുന്നത്.

സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി സഫാരി ബസുകളില്‍ ഇരുമ്പ് കമ്പികള്‍ സ്ഥാപിച്ചിട്ടുള്ളതിനാലാണ് പലപ്പോഴും അപകടം ഒഴിവാകാറുള്ളത്. കഴിഞ്ഞ മാസം ഇലക്‌ട്രോണിക്‌സ് സിറ്റി പരിസരത്ത് പുള്ളിപ്പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തില്‍ നിന്നാണ് ഈ പുള്ളിപ്പുലി വന്നതെന്ന് അധികൃതര്‍ സംശയിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക