കോഴിക്കോട്: ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ ആചാരപരമായ മാറ്റങ്ങള്‍ ഭക്തരുമായി കൂടിയാലോചിച്ച് വേണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭക്തജന ചേതനയെ ദുഃഖിപ്പിക്കുകയും ചോദ്യംചെയ്യുന്നതുമായ ധര്‍മ്മവിരുദ്ധരുടെയും സര്‍ക്കാരിന്റെയും നടപടികള്‍ നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളെ പരിപാലിക്കുന്ന സ്ഥിതി വിശേഷമുണ്ടാകണം. ധര്‍മ്മവിരുദ്ധരില്‍ നിന്നുള്ള മോചനത്തിന് ഭക്തസമൂഹം ക്ഷേത്ര വിമോചനത്തിനുള്ള ഇച്ഛാശക്തി വളര്‍ത്തണമെന്നും സ്വാമി പറഞ്ഞു.
ശബരിമലയില്‍ ഭക്തചേതനയെ നിരന്തരം ചോദ്യം ചെയ്യുന്ന നടപടികള്‍ ഉണ്ടാവുന്നു. ശബരിമലയെ എല്ലാതരത്തിലും ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റി. ആചാരപരമായി പ്രാധാന്യമുള്ള ഭസ്മക്കുളം നികത്താന്‍ തീരുമാനിച്ചു, പിന്നീട് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. ഇപ്പോള്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നു. പരിഷ്‌കരണം ആവാം. അത് സമാജത്തിന് പ്രയോജനപ്പെടുന്നതാവണം, അടിച്ചേല്‍പ്പിക്കുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. പലപരിഷ്‌കാരങ്ങളും നടപ്പാക്കുമ്പോള്‍ എത്രമാത്രം നൊമ്പരം ഭക്തര്‍ അനുഭവിക്കുന്നുവെന്ന് മനസിലാക്കണം.
തിരുപ്പതിയില്‍ വെര്‍ച്വല്‍ ക്യൂവല്ലെ എന്ന് ചോദിക്കുന്ന അധികാരികള്‍ അവിടെയുള്ളതുപോലെ ഇവിടെയും സൗകര്യമൊരുക്കണം. ഭക്തര്‍ക്ക് ഇരിപ്പിടമൊരുക്കാനും ഇരിക്കുന്നിടത്ത് കുടിവെള്ളം ഉള്‍പ്പെടെ പ്രാഥമികാവശ്യത്തിനുള്ള എല്ലാസൗകര്യവുമൊരുക്കണം. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഭക്തസമൂഹം വരുമ്പോള്‍ അവര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സാഹചര്യമൊരുക്കണം. ശാസ്ത്രീയമായ പരിഷ്‌കരണം വരുത്താം, അത് ഭക്തരുമായി കൂടിയാലോചിച്ച് വേണം.
കുടിവെള്ളം കിട്ടാതെ കഴിഞ്ഞ വര്‍ഷം നിര്‍ജ്ജലീകരണം സംഭവിച്ച് കുട്ടി മരിച്ചത് ചര്‍ച്ചയായില്ല. പമ്പയില്‍ ആചരണം നടത്താതായിട്ട് വര്‍ഷങ്ങളായി. പമ്പയിലെ പരിഷ്‌കരണം ശാസ്ത്രീയമായിരുന്നുവെങ്കില്‍ പമ്പയിലെ ആചരണവും പാര്‍ക്കിങ്ങും എല്ലാം സാധ്യമായേനെ.
ശബരിമലയില്‍ നടക്കുന്നതായാലും തിരുപ്പതിയിലെ മൃഗക്കൊഴുപ്പ് വിവാദമായാലും എല്ലാം നല്കുന്ന സൂചന ഭക്തന്‍മാര്‍ ക്ഷേത്രംപരിപാലിക്കുന്ന സാഹചര്യമുണ്ടാകണം എന്നാണ്. അല്ലാത്തപക്ഷം അത്യാചാരങ്ങള്‍ ആവര്‍ത്തിക്കുമെന്നും സ്വാമി ചിദാനന്ദപുരി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: