പന്തളം: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കുന്ന തരത്തില്‍ വെര്‍ച്ചല്‍ ക്യൂ സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടി കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെ തടയാന്‍ ആര്‍ക്കും അവകാശം ഇല്ല. മറിച്ചുള്ള പ്രവര്‍ത്തികള്‍ വിശ്വാസത്തിന്മേല് ഉള്ള കടന്നുകയറ്റവും മൗലികാവകാശ ലംഘനവുമാണെന്ന് ആചാര സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
വെര്‍ച്ചല്‍ ക്യൂ സംവിധാനത്തില്‍ വിവിധ ഏജന്‍സികള്‍ ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാന്‍ അപാകതകള്‍ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ബുക്കിംഗ് ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സാധാരണ ഭക്തര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാകും. മാത്രവുമല്ല, ഓരോ ദിവസവും ബുക്ക് ചെയ്യുന്നതില്‍ 10 മുതല്‍ 20 ശതമാനം വരെ ആളുകള്‍ സന്നിധാനത്തേക്ക് എത്താറില്ല എന്നതുമാണ് പോയ വര്‍ഷങ്ങളിലെ അനുഭവം. ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കി തീര്‍ത്ഥാടനം സുഗമമാക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിക്കേണ്ടത്. പന്തളം, എരുമേലി, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ തുറന്ന് ചുരുങ്ങിയത് പ്രതിദിനം 10,000 പേര്‍ക്കെങ്കിലും ദര്‍ശന സൗകര്യം ഒരുക്കണം. അല്ലാത്തപക്ഷം ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കമെന്ന് ആചാര സംരക്ഷണ സമിതി അറിയിച്ചു.
യോഗത്തില്‍ സമിതി സെക്രട്ടറി പൃഥ്വിപാല്‍, ദീപ വര്‍മ്മ, നാരായണ വര്‍മ്മ, എം.ആര്. അനില്‍കുമാര്‍, കെ.ആര്. രവി, സി.ഡി. അനില്‍, ജെ.കൃഷ്ണകുമാര്‍, കെ.എന്‍. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: