Kerala

സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ത്ഥികളെ വിലക്കി ഈ വര്‍ഷവും ഉത്തരവ്

Published by

കോഴിക്കോട്: കേരളസ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് വീണ്ടും സര്‍ക്കാര്‍ ഉത്തരവ്. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഒക്‌ടോബര്‍ ഏഴിലെ (14406/2024 ഡിജിഇ) ഉത്തരവ് പ്രകാരം പൊതു മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം അറബിക് ഉള്‍പ്പെടെ മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമേ പങ്കെടുക്കാന്‍ പറ്റൂ.

കഴിഞ്ഞവര്‍ഷവും ഇങ്ങനെ ഉത്തരവിറക്കി. എന്നാല്‍ സംസ്‌കൃതാധ്യാപക ഫെഡറേഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുമത്സരങ്ങള്‍ക്ക് പുറമേ ഭാഷാ മത്സരങ്ങളിലും കുട്ടികളുടെ കഴിവിന് അനുസരിച്ച് പങ്കെടുക്കാനുള്ള സാഹചര്യം നിലനിര്‍ത്തുകയായിരുന്നു.

കലോത്സവം തുടങ്ങിയതുമുതല്‍ സംസ്‌കൃതം, അറബിക് ഭാഷകള്‍ക്ക് പൊതു ഇനം കൂടാതെ മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാമായിരുന്നു. ഇത്തവണയും സ്‌കൂള്‍തല കലോത്സവങ്ങള്‍ പഴയ മാന്വല്‍ പ്രകാരമാണ് നടന്നത്. കുട്ടികള്‍ക്കുള്ള പരിശീലനങ്ങളും തിരഞ്ഞെടുപ്പും ഈ രീതിയിലായിരുന്നു. ചിലയിടത് സബ് ജില്ലാ കലോത്സവവും നടന്നു. അതിനിടെയാണ് വീണ്ടും പഴയ ഉത്തരവ് പുതുക്കിയിറക്കിയിരിക്കുന്നത്.

ഈ വിഷയത്തില്‍ അദ്ധ്യാപക സംഘടനകളോടുള്‍പ്പെടെ ഒരു കൂടിയാലോചനയുമില്ലാതെയാണ് ഇങ്ങനെയൊരു ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ധൃതിപിടിച്ച് പുറത്തിറക്കിയത്.

സംസ്‌കൃതം,അറബിക് ഭാഷകളോട് കാണിക്കുന്ന ഭാഷാ വിരുദ്ധ സമീപന ഉത്തരവിനെതിരെ കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ പ്രതിഷേധിച്ചു. കുട്ടികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അവകാശത്തെ കവര്‍ന്നെടുക്കുന്ന വിവാദ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കലോത്സവ ബഹിഷ്‌കരണം പോലുള്ള ശക്തമായ പ്രതിഷേധ സമരങ്ങളുമായി സംഘടന മുന്നോട്ടു പോകുവാന്‍ ഫെഡറേഷന്‍ യോഗം തീരുമാനിച്ചു.

കഴിവുള്ള കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്ന രീതിയില്‍ പങ്കാളിത്തത്തിലുള്ള എണ്ണം കുറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, അറബി സംസ്‌കൃത ഭാഷകളുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം നില നിര്‍ത്തി പൊതു മത്സരത്തില്‍ അവസരം നഷ്ടപ്പെടാതിരിക്കാനുള്ള സാഹചര്യം പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി കൈക്കൊള്ളണമെന്ന് കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രൈവറ്റ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.പി. സനല്‍ ചന്ദ്രന്‍ അധ്യക്ഷനായി. ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി. പത്മനാഭന്‍ പ്രൈവറ്റ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സുരേഷ് ബാബു ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിഡണ്ട് സി. സുരേഷ് കുമാര്‍, എം.ഡി. ദിലീപ്, എസ്. ശ്രീജു, നീലമന ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക