കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിലുള്ള ചിരപുരാതനവും പ്രസിദ്ധവുമായ മാമാനിക്കുന്ന് ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമാണ് പെരുമണ്ണ് ശ്രീചുഴലി ഭഗവതി ക്ഷേത്രം. ആചാരാനുഷ്ഠാനങ്ങളില്‍ സമാനതകളുള്ള 30 ല്‍ കൂടുതല്‍ ചുഴലി ഭഗവതി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടെങ്കിലും പെരുമണ്ണ് ഭഗവതിയുടെ ശക്തിയും പ്രഭയും അളവറ്റതാണ്. സമീപ ജില്ലകളില്‍ നിന്നു മാത്രമല്ല, അതിര്‍ത്തി സംസ്ഥാന പ്രദേശങ്ങളില്‍ നിന്നുവരെ ദിനം പ്രതി നൂറുകണക്കിന് വിശ്വാസികള്‍ ജാതിമതഭേദമെന്യെ ഈ ക്ഷേത്രത്തില്‍ എത്തുന്നത് ഇവിടെ കുടിയിരിക്കുന്ന ദേവിയുടെ അത്ഭുതശക്തി ചൈതന്യസിദ്ധികൊണ്ടു മാത്രമെന്നാണ് പരക്കെയുള്ള വി ശ്വാസം. നാടുകാണാനെത്തിയ ദേവതകളെ ബന്ധപ്പെടുത്തിയുള്ള ഐതിഹ്യ കഥകളാണ് ചുഴലി ഭഗവതിയെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നത്.
കാശി രാജാവിന്റെ അതീവ സുന്ദരിയായ മകള്‍ ഒരു ദിവസം ജലക്രീഡയില്‍ മുഴുകവെ കുമാരിയില്‍ ദുര്‍ഗാദേവി പ്രവേശിച്ചുവത്രെ. അതോടെ കുമാരിയില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങി. കുട്ടിത്തങ്ങള്‍ വിട്ടൊഴിയുകയും മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതും രാജാവ് ദര്‍ശിച്ചു. ദു:ഖിതനായ രാജാവ് ജ്യോതിഷികളെ വിളിച്ചുവരുത്തി. പ്രശ്‌നഫലത്തില്‍ കുമാരിയില്‍ ദേവീചൈതന്യം കുടികൊള്ളുന്നതായും മലനാട് കാണാന്‍ ആഗ്രഹമുള്ളതായും പ്രവചനമുണ്ടായി. ദേവിയുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി സമുദ്രയാത്രക്കുള്ള കപ്പല്‍ നിര്‍മിക്കാന്‍ വിശ്വകര്‍മാവിനെ രാജാവ് ഏര്‍പ്പാടാക്കുകയും ചെയ്തു. അകില്‍, ചന്ദനം ഇത്യാദി മരങ്ങളില്‍ 41 കോല്‍ നീളവും 21 കോല്‍ വീതിയുമുള്ള ഒരു കപ്പലും ദേവിക്ക് ഇരിപ്പിടമായി പൊന്‍ പട്ടുവിരിച്ച് അലംകൃതമാക്കിയ പീഠവും അദ്ദേഹം പണിതൊരുക്കി.
ജലയാത്രക്കൊരുങ്ങിയ രാജകുമാരിയുടെ ശരീരത്തില്‍ നിന്ന് മൂന്നു തേജോരൂപങ്ങള്‍ മരക്കപ്പലില്‍ കുമാരി യോടൊപ്പം അനുഗമിച്ചെന്നും യാത്രക്കിടയില്‍ വഴിതെറ്റി ഇവര്‍ ഉത്തര മലബാറിലെ പെരുമണ്ണു പുഴക്കടവില്‍ എത്തിയെന്നുമാണ് പഴമക്കാരില്‍ ചിലര്‍ പറയുന്ന കഥ.
കാടും മലയും തോടും പുഴയും ചേര്‍ന്ന് ചേതോഹരമായ ഈ ഗ്രാമപ്രദേശം ദേവതമാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായും പറയപ്പെടുന്നു. ഈ ഗ്രാമത്തോടുള്ള ഇഷ്ടം മൂലം മരക്കപ്പല്‍ ചുഴന്നു വന്ന (നിയന്ത്രിച്ച്) പ്രധാന ദേവത ചുഴലി ഭഗവതി എന്ന പേരില്‍ ദൈവീക ചൈതന്യം ചൊരിഞ്ഞ് ഇവിടെ കുടികൊള്ളുവാനും കാരണമായെന്നുമാണ് വിശ്വാസം. മറ്റു ദേവതമാരായിട്ടുള്ള സ്വാമേശ്വരി, നെല്ലിയോട്ട് ഭഗവതി, അന്നപൂര്‍ണേശ്വരി എന്നീ ദേവതമാര്‍ ജില്ലയിലെ സമീപ സ്ഥലങ്ങളില്‍ അനുഗ്രഹമരുളി നാടിനെ കാത്തു പരിപാലിച്ചു പോന്നതായും പിന്നീട് 4 ദേവതമാര്‍ക്കും വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങള്‍ പണികഴിക്കപ്പെട്ടെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കാണപ്പെടുന്ന ചുഴലി ഭഗവതിയും ഉപദേവതമാരുമെല്ലാം പൊതുവെ ശാന്തസ്വരൂപണിയാണെന്നുള്ളതും എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.
ഭഗവതി സ്തുതിയുടെ താളിയോല പാട്ടു ഗ്രന്ഥങ്ങളില്‍ ഏതാണ്ട് 850 വര്‍ഷത്തെ പഴക്കം പ്രതി പാദിച്ചിട്ടുള്ളതായി മലബാറിലെ പ്രമുഖ കളമെഴുത്തു കലാകാരനായ മട്ടന്നൂര്‍ കരിയില്‍ സതീഷ് നമ്പ്യാര്‍ വ്യക്തമാക്കുന്നു. മീനൂട്ടും സ്വയംവര പൂജയുമാണ് പെരുമണ്ണു ശ്രീചുഴലി ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ഈ ക്ഷേത്രത്തിന്റെ പിന്‍വശത്തു കൂടി ഒഴുകുന്ന പുഴക്കടവിലെ മല്‍സ്യങ്ങള്‍ക്കു വഴിപാട് നേര്‍ന്നാല്‍ മാറാത്ത എല്ലാ വ്യാധികളും ഇല്ലാതാകുമെന്നും ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കു ശമനമുണ്ടാകുന്നതായും അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ക്ഷേത്രത്തിനരികിലെ പുഴയില്‍ മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ആചാരമാണ് മീനൂട്ടല്‍ ചടങ്ങ്. ക്ഷേത്ര പൂജയാല്‍ വിശേഷപ്പെട്ട അവിലും മലരും അരിയും ചേര്‍ന്ന നിവേദ്യമാണ് മീനുകള്‍ക്കു ഭക്ഷണമായി വിശ്വാ സികള്‍ നല്‍കുന്നത്. തുലാം മുതല്‍ മിഥുനം വരെയുള്ള മാസങ്ങളില്‍ പ്രഭാതം തൊട്ട് പ്രദോഷം വരെയാണ് ക്ഷേത്രവിശ്വാസികള്‍ മീനൂട്ട് നടത്തുന്നത്. മഴക്കാലമായാല്‍ മീനൂട്ട് ചടങ്ങ് നടത്താറില്ല. ഈ സമയങ്ങളില്‍ ക്ഷേത്ര പരിസരത്തെ പുഴക്കടവിലുള്ള മത്സ്യങ്ങളെ ആര്‍ക്കും ദര്‍ശിക്കാന്‍ സാധിക്കാറില്ല എന്നതും അജ്ഞാത രഹസ്യമായി നിലനില്‍ക്കുന്നുവത്രെ. മീനൂട്ട് വിഷ്ണുപ്രീതിയായും കരുതപ്പെടുന്നുണ്ട്. അതിനാല്‍ ഈ കടവ് പരിസരത്തുള്ള മത്സ്യങ്ങളെ ചൂണ്ടയിട്ടോ വലയിട്ടോ ആരും പിടിക്കാറില്ലെന്നും നൂറ്റാ ണ്ടുകളായി പരിപാലിക്കുന്ന ക്ഷേത്രവിശ്വാസമാണ്.
ഈ ദേവീസന്നിധിയില്‍ വന്നു മനസു തുറന്നു പ്രാര്‍ത്ഥിച്ചാല്‍ മംഗല്യ സൗഭാഗ്യം സിദ്ധിക്കാത്ത കന്യകമാര്‍ ഉണ്ടാവില്ലെന്നും ഇതുവരെയും വിഘ്‌നം സംഭവിക്കാത്ത വഴിപാടുകളായി ഭക്തര്‍ വെളിപ്പെടുത്തുന്നുണ്ട്. അനപത്യതാ ദു:ഖത്താല്‍ വേദനിക്കുന്നവരുടെ അവസാന അഭയസ്ഥാനവും പെരുമണ്ണു ചുഴലി ഭഗവതിയാണ്. പ്രാര്‍ത്ഥന നിറവേറ്റപ്പെട്ടാല്‍ പ്രതീകാത്മക മരത്തൊട്ടിലും കുഞ്ഞും വഴിപാടായി ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്ന പതിവും ഇവിടെ നിലനില്‍ക്കുന്ന ചടങ്ങുകളാണ്. മെയ് 2 മുതല്‍ 5 വരെയാണ് ഈ ക്ഷേത്രത്തിലെ പാട്ടുത്സവം. ഭഗവതി സ്തുതിയാണ് പാട്ടില്‍ വര്‍ണ്ണിക്കപ്പെടുന്നത്. അശരണരും ആലംബഹീനരുമായ നാനാജാതി മതസ്ഥരുടെ അഭയസ്ഥാനമായിട്ടുള്ള ഈ ദേവീസന്നിധിയില്‍ അനുഗ്ര ഹാശിസ്സുകളാല്‍ സായൂജ്യം തേടി നിത്യേന നൂറുകണക്കിന് വിശ്വാസികളാണ് വന്നുപോകുന്നത്. ഈ അടുത്ത കാലത്തു പുന:രുദ്ധാരണം നടത്തപ്പെട്ട പെരുമണ്ണു ശ്രീഭഗവതി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: