ദുര്‍ഗാപൂജയുടെ കാലമാണിത്. സ്ത്രീശക്തിയുടെ സമാനതകളില്ലാത്ത വിജയചരിത്രങ്ങള്‍ ഭാരതേതിഹാസങ്ങളുടെ ഭാഗമാണ്. അമ്മ, ദേവി, യോഗിനി, വിദുഷി തുടങ്ങി ദേശീയ പോരാട്ടങ്ങളില്‍ ശത്രുപാളയങ്ങളില്‍ ധീരതയുടെ ചരിത്രം രചിച്ച രാഷ്ട്രനായികമാര്‍ വരെ ഭാരതീയ സംസ്കൃതി സ്ത്രീപുരുഷ സാമഞ്ജസ്യത്തിന്റെ പാരമ്പര്യമാണ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പല പരിഷ്കൃത രാജ്യങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഭാരതത്തില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ത്തന്നെ സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നു. മാത്രമല്ല, സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനാ നിര്‍മാണ സഭയിലും വേണ്ടത്ര സ്ത്രീസാന്നിധ്യം ഉറപ്പാക്കിയിരുന്നു. 1947ല്‍ ഭാരതം സ്വാതന്ത്ര്യം നേടുമ്പോള്‍ അത്രകാലം നമ്മെ അടക്കി ഭരിച്ച സാമ്രാജ്യക്കൊതിയന്മാരുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലായിരുന്നുവെന്നത് ഇന്ന് പല കാര്യങ്ങളിലും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ ലിബറലുകള്‍ കാണാതെ പോകുന്നു.
ദേശീയ മഹിളാ സമന്വയ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ ദേശീയ ആദര്‍ശം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വേദിയാണ് ദേശീയ മഹിളാ സമന്വയ. വിവിധ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതില്പരം സംഘടനകളുടെ പ്രാതിനിധ്യമുള്ള പൊതുവേദി. വിവിധ മേഖലകളില്‍ വ്യത്യസ്ത ദൗത്യങ്ങളാണ് ഈ സംഘപ്രസ്ഥാനങ്ങള്‍ നിര്‍വഹിക്കുന്നത്. ദേശീയ താത്പര്യം സംരക്ഷിക്കുക പുരുഷന്മാരുടെ മാത്രം ദൗത്യമല്ല, സ്ത്രീയുടേതുമാണെന്ന സമത്വ ചിന്തയുടെ പ്രതിഫലനമാണ് മഹിളാ സമന്വയ. സ്ത്രീസംരക്ഷണം, ശാക്തീകരണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്കി പ്രവര്‍ത്തിക്കാനുള്ള വേദിയാണിത്.
ദേശീയ മഹിളാ സമന്വയ വിവിധ സംസ്ഥാനങ്ങളിലായി സ്ത്രീക്ഷേമം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. 2023ല്‍ അഞ്ഞൂറിലേറെ മഹിളാ സമ്മേളനങ്ങളാണ് ഇത്തരത്തില്‍ നടന്നത്. കേരളത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ 14 ജില്ലകളിലായി 14 മഹാസമ്മേളനങ്ങള്‍ നടത്തി. ഈ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്ത വിവിധ പരിപാടികളും സംഘടിപ്പിച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ദേശീയ തലത്തിലുള്ള വനിതാ പ്രമുഖര്‍, സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭയും നേതൃശേഷിയും പ്രകടിപ്പിച്ചവര്‍, ജില്ലാ-താലൂക്ക്-ഗ്രാമ പഞ്ചായത്തുകളിലെ വനിതാ പ്രമുഖര്‍ എന്നിവര്‍ അണിചേര്‍ന്ന സമ്മേളനങ്ങളായിരുന്നു ഇത്.
കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുക, പരിഹാരം കാണുക, എല്ലാ രംഗത്തും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഉറപ്പാക്കുന്ന പരിപാടികളും പദ്ധതികളും വിഭാവനം ചെയ്യുക, നേതൃസ്ഥാനങ്ങളിലേക്കെത്താന് സ്ത്രീകളെ സജ്ജമാക്കുക, സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക മുതലായവയായിരുന്നു സമ്മേളനങ്ങളുടെ ലക്ഷ്യം.
കേരളത്തില്‍ സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരുന്നതിന് നവോത്ഥാനനായകരായ എഴുത്തുകാരും ആത്മീയാചാര്യന്മാരും പരിശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ പ്രവണത ആ പരിശ്രമങ്ങളെയെല്ലാം നിഷേധിക്കുന്നതാണ്. സ്വാതന്ത്ര്യം, വിമോചനം, ലിംഗസമത്വം എന്നൊക്കെ മുദ്രാവാക്യങ്ങളുയര്‍ത്തി ചിലര്‍ സ്ത്രീകളെ പ്രകടനങ്ങളിലേക്കും പൊതുവേദികളിലേക്കും ആനയിക്കുമെങ്കിലും സങ്കുചിത രാഷ്ട്രീയ താത്പര്യം മാത്രമാണ് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
തീര്‍ത്തും സ്ത്രീ വിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കവിയരങ്ങ് ‘നബിയോര്‍മയിലൊരു കവിയരങ്ങ് ‘ എന്ന പേരില്‍ അടുത്തിടെ കേരളത്തില്‍ നടന്നു. ഈ പരിപാടി പല കോണുകളില്‍ നിന്ന് വിമര്‍ശിക്കപ്പെട്ടു. മതമൗലികവാദികള്‍ കേരളീയ നവോത്ഥാനം ആസൂത്രിതമായി അട്ടിമറിക്കുന്നതിന്റെ ഒരു തെളിവായിരുന്നു ഇത്. മനുഷ്യന്റെ നൈസര്‍ഗിക കലാവാസനകള്‍ പ്രകടമാക്കുന്നതു പോലും ചിലര്‍ക്ക് ഹറാമായിരിക്കെയാണ് ചുവപ്പും പച്ചയും കലര്‍ന്ന വേദിയില്‍ പ്രശസ്തരടങ്ങുന്ന ഈ പരിപാടി അരങ്ങേറിയത്. പ്രധാനമായും ആശ്ചര്യമുണര്‍ത്തുന്നത് മതം നിഷിദ്ധമായ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ വിശ്വാസപ്രമാണത്തില്‍ മായം കലര്‍ത്തി ഈ പരിപാടിയില്‍ പങ്കെടുത്തുവെന്നതാണ്. ഈ സാഹിത്യ വേദിയില്‍ സ്ത്രീകളെ എന്തുകൊണ്ട് പങ്കെടുപ്പിച്ചില്ല? ധാരാളം കവയത്രികളുള്ള നാടാണ് കേരളം. എന്നിട്ടും ഒരാളെപ്പോലും പങ്കെടുപ്പിക്കാത്ത സങ്കുചിതത്വത്തെ ചോദ്യം ചെയ്യാന്‍ ചിലരുണ്ടായി എന്നത് പ്രതീക്ഷ നല്കുന്നു.
ഒരുവശത്ത് പൈതൃക മൂല്യങ്ങളിലുറച്ചു നിന്ന് സ്ത്രീ ക്ഷേമത്തിനായി പരിശ്രമിക്കുന്ന മഹിളാ സമന്വയ പോലുള്ള വേദികള്‍. മറുവശത്ത് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന പുരോഗമന വാദികളുടെ മതമൗലികവാദ വേദികള്‍. 2023 നവംബര്‍ അഞ്ചിന് മഹിളാ സമന്വയയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പൂജപ്പുര മണ്ഡപത്തില്‍ സംഘടിപ്പിച്ച മഹിളാ കവിയരങ്ങ് ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. പ്രശസ്തരടങ്ങുന്ന ഇരുപത്തൊന്ന് വനിതകള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ഈ പരിപാടിയുടെ തുടര്‍ച്ചയായി ‘പഞ്ചകന്യാ സ്മൃതി’ എന്ന ഒരു കാവ്യസമാഹാരം പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, യദു വിജയകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. നവംബര്‍ ഒന്നിന് മുപ്പതിലേറെ പെണ്‍കുട്ടികള്‍ അണിനിരന്ന കളരി ആയോധന കലാപ്രകടനവും ശ്രദ്ധേയമായി.
വ്യക്തിസ്വാതന്ത്ര്യം ഏത് സമൂഹത്തിന്റെയും സാംസ്കാരിക പുരോഗതിയുടെ മുഖമുദ്രയാണ്. വളരാനുള്ള സ്വാതന്ത്ര്യവും അവസരവും എല്ലാവര്ക്കും നല്കുകയാകണം ഒരു സമൂഹത്തിന്റെ ആദര്‍ശം. സ്ത്രീകള്‍ സാഹചര്യങ്ങളെ പഴിച്ച്, കര്‍മ്മവിമുഖരായി ഒതുങ്ങിക്കൂടുന്നത് അവരുടെ വികാസത്തിന് മാത്രമല്ല, സാമൂഹിക പുരോഗതിക്കും വിഘാതമാകും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഇത് തടസമാവും. എന്നാല്‍ നിരുപാധികമായ വ്യക്തിസ്വാതന്ത്ര്യം സ്വാഭാവികമായി സാമൂഹിക മൂല്യങ്ങളെ അവഗണിക്കുന്നതിലേക്കും നിഷേധിക്കുന്നതിലേക്കും നീങ്ങും. സാമൂഹിക ഭദ്രതയുറപ്പാക്കുന്ന ധാര്‍മികമൂല്യങ്ങള്‍ തങ്ങളുടെ അനിയന്ത്രിതമായ സുഖഭോഗതൃഷ്ണയ്ക്ക് വിലങ്ങുതടിയാകാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് നവലിബറലുകളില് പലരും പയറ്റുന്നത്. മനുഷ്യരാശിയുടെ സാംസ്കാരിക വൈവിധ്യത്തിന് ലോക മാതൃകയാണ് ഭാരതീയ സമൂഹം. ഭാരതത്തില്‍ നീതിന്യായ വ്യവസ്ഥയെപ്പോലെ പ്രധാനപ്പെട്ടതാണ് ധര്‍മ്മവ്യവസ്ഥയും. ആദ്യത്തേത് നിയമലംഘനത്തിനുള്ള ശിക്ഷാനടപടി വ്യവസ്ഥ ചെയ്യുന്നു, മറ്റേത് കുറ്റം ചെയ്യാതിരിക്കാനുള്ള വിവേകം സൃഷ്ടിക്കുന്നു. സ്ത്രീവിവേചനവും ചൂഷണവും മാനവികതയ്ക്ക് എതിരായതിനാല്‍ നീതി, ധര്‍മ്മവ്യവസ്ഥകള്‍ ഇത് നിരാകരിക്കുന്നു. ഏതു വ്യവസ്ഥയിലായാലും വ്യക്തിയുടെ പൂര്‍ണ വികാസമെന്നത്, താന്‍ ജീവിക്കുന്ന സമൂഹത്തെയും ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പാകപ്പെടുത്തുകയെന്നതാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും വ്യക്തികള്‍ മാനിക്കണം.
ആധുനിക കാലത്ത് സ്ത്രീവിമോചനത്തിനായി ശബ്ദമുയര്‍ത്തിയ മഹത്തുക്കളുടെ കര്‍മപഥത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് മഹിളാ സമന്വയ ഏറ്റെടുത്തിട്ടുള്ളത്. രാജ്യമെമ്പാടും സ്ത്രീസുരക്ഷയുടെ കാവലാളായും സ്ത്രീക്ഷേമ പദ്ധതികള്‍ ഊര്‍ജസ്വലമായി നടപ്പാക്കിയും നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നേറുന്ന അമൃതകാലമാണിത്. ഉത്തരാധുനിക സാംസ്കാരിക അപനിര്‍മ്മാണത്തിന്റെ കാലം ഭാരതത്തില്‍ അവസാനിച്ചിരിക്കുന്നു. ഇവിടെ സത്യാനന്തര കാലം എന്നൊന്നില്ല. സത്യധര്‍മ്മാദികളുടെ ഉണര്‍വിന്റെ കാലമാണിത്. ഈ കാലം ഒരിക്കലും അവിവേകികള്‍ നിശ്ചയിക്കുന്ന ആഖ്യാനത്തിന്റേതാകരുത്. വരുംകാലം വിവേകോദയത്തിന്റേതായി ആഘോഷിക്കണം. ദേശീയ മഹിളാ സമന്വയയുടെ സ്ത്രീ മുന്നേറ്റവും ഇതിന്റെ ഭാഗമാണ്.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയും ഗ്രന്ഥകാരിയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: