കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 50 മുതിര്‍ന്ന ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചു.
ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരത്തിലാണ് . ആശുപത്രികളില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, കിടക്ക ഒഴിവുള്ള നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്‌ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക എന്നിവയും ഇവരുടെ മറ്റ് ആവശ്യങ്ങളാണ്.
‘ആസന്നമായ ദുരന്തങ്ങളില്‍ നിന്ന് ഞങ്ങളുടെ കുട്ടികളെ രക്ഷിക്കാന്‍ തക്ക പ്രതികരണം അധികാരികളില്‍ നിന്ന് ഉണ്ടായിട്ടില്ല’ എന്നതാണ് കൂട്ട രാജിയുടെ കാരണമായി സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന പ്രോജക്ടുകള്‍ 90 ശതമാനവും അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി മനോജ് പന്ത് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: