ന്യൂദല്‍ഹി: ഒരു കമ്പനിയുടെ ഉടമസ്ഥനായി തലപ്പത്തിരിക്കുന്ന ആള്‍ തന്നെ ഏറ്റവും താഴെത്തട്ടിലുള്ള ജോലിക്കാരനെപ്പോലെ ഒരു ദിവസം ജോലിയെടുത്താല്‍ എങ്ങിനെയിരിക്കും? അങ്ങിനെ ജോലി ചെയ്ത് വ്യത്യസ്തനായിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ.
കഴിഞ്ഞ ദിവസം സൊമാറ്റോയുടെ ഡെലിവറി ഏജൻ്റായി ദീപീന്ദര്‍ ജോലിയെടുത്തു. മറ്റ് സൊമാറ്റോ ഡെലിവറി ബോയിമാര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഡെലിവറി ബോയിയുടെ യൂണിഫോമില്‍ എത്തിയ സിഇഒയെ ആരും തിരിച്ചറിഞ്ഞില്ല. ദീപീന്ദറിന്റെ ഭാര്യ ഗ്രേഷ്യ മുനോസും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം മുഴുവൻ ദീപീന്ദർ ഭക്ഷണം വിതരണം ചെയ്തു. ഇതിനിടയില്‍ സാധാരണ ഡെലിവറി ബോയിമാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മുഴുവന്‍ കണ്ടു മാത്രമല്ല, ദീപീന്ദര്‍ കൊണ്ടും അറിഞ്ഞു.
ഭക്ഷണ വിതരണത്തിനായി ദീപീന്ദര്‍ ഗുഡ് ഗാവിലെ ഒരു മാളിൽ എത്തി. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നും സൊമാറ്റോ സിഇഒ പറയുന്നു. ലിഫ്റ്റ് അല്ലെങ്കിൽ ഏക്‌സലറേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി കയറണമെന്നും മാള്‍ അധികൃതര്‍ പറഞ്ഞത്രെ. സൊമാറ്റോ ഡെലിവറി ബോയിയുടെ ചുവന്ന യൂണിഫോമിൽ പ്രധാന വാതിലിലൂടെ പ്രവേശനം സാധ്യമല്ലെന്നും എത്രമാത്രം കഷ്ടപ്പാടുകളിലൂടെയാണ് ഡെലിവറി ബോയിമാര്‍ ഭക്ഷണമെത്തിക്കുന്നതെന്നും ദീപീന്ദർ തിരിച്ചറിഞ്ഞു. ഇതിന്റെ ഒരു വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.
മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി എത്തിയപ്പോൾ അഭിമുഖീകരിച്ചത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി ബോയിമാര്‍ക്ക് മാളിൽ പ്രവേശിക്കാൻ അനുവാദമില്ല. ഓർഡറുകൾ സ്വീകരിക്കാൻ ഗോവണിപ്പടിയിൽ കാത്തിരിക്കണം. ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന ദീപീന്ദര്‍ ഗോയലിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
ദീപീന്ദര്‍ എന്ന സിഇഒ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ കളറായിരിക്കുകയാണ്. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുടെ പ്രവാഹമാണ്. ഡെലിവറി ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാൻ ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ഒരുക്കണമെന്നാണ് ചിലരുടെ പ്രതികരണം. ഡെലിവറി പങ്കാളികളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അനുദിനം വർധിച്ചുവരികയാണ് എന്നും നേരിട്ട് പോയി ഇത് മനസിലാക്കാൻ ശ്രമിച്ചത് മികച്ച കാര്യമാണെന്ന അഭിനന്ദവും ചിലര്‍ നല്കി. ഞാൻ സൊമാറ്റോയുടെ മുൻ ഡെലിവറി പങ്കാളിയാണ്, ഇത് ഒരുപാട് അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും നിരവധി ഡെലിവറി പങ്കാളികൾക്ക് ആശ്വാസം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.
ആശ്വാസം പകര്‍ന്ന് വിമര്‍ശിച്ചവര്‍ക്കും പരാതികള്‍ പറഞ്ഞവര്‍ക്കും ദീപീന്ദര്‍ ഗോയല്‍ മറുപടിയും നല്‍കി: “എല്ലാ ഡെലിവറി പങ്കാളികളുടെയും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാളുകളുമായുള്ള ബന്ധം മികച്ചതാക്കണമെന്നു ഞാൻ മനസിലാക്കി.”.
സാധാരണ ജോലിക്കാരെ പ്രചോദിപ്പിക്കുന്ന മുതലാളിയുടെ തന്ത്രം
ജീവനക്കാരെ കൂട്ടി ഉടമസ്ഥരാക്കുന്ന രീതി സോഫ്റ്റ് വെയര്‍ കമ്പനികള്‍ നിലനിര്‍ത്തിയിരുന്നു. അമേരിക്കയില്‍ നടന്നുവരുന്ന ബിസിനസ് കള്‍ച്ചര്‍ ആണത്. ജീവനക്കാര്‍ക്കും കമ്പനിയുടെ ഓഹരികള്‍ നല്‍കും. കമ്പനി വിജയത്തിലേക്ക് കുതിച്ചാല്‍ ജീവനക്കാരനും സാമ്പത്തിക ലാഭം ഉണ്ടാകും. എന്നാല്‍ ഇവിടെ കമ്പനി സിഇഒ സാധാരണജീവനക്കാരുടെ കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ അത് സാധാരണ ജീവനക്കാര്‍ക്ക് പ്രചോദനമാകും. അതാണ് ഇവിടെ സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ ചെയ്തത്.
ദീപീന്ദര്‍ ഗോയലിന്റെ ആസ്തി 9300 കോടി രൂപ
ഹരിയാനയിലെ ഗുരുഗ്രാം ആണ് ദീപീന്ദര്‍ ഗോയലിന്റെ സ്ഥലം. ഇവിടെ ആയിരം കോടിയോ അതിന് മുകളിലോ ആസ്തിയുള്ള 23 പേരെ ഉള്ളൂ. എന്നാല്‍ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഗുരുഗ്രാമിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനാണ്. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 9300 കോടി രൂപയാണ്.
യുഎന്‍ഒ മിന്‍ഡ എന്ന കമ്പനിയുടെ ഉടമ നിര്‍മ്മല്‍ കുമാര്‍ മിന്‍ഡയാണ് ഗുരുഗ്രാമിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സമ്പന്നന്‍. ഇദ്ദേഹത്തിന്റെ ആസ്തി ദീപീന്ദര്‍ ഗോയലിന്റെ മൂന്നിരട്ടിയാണ്.
രുചിയൂറുന്ന ഭക്ഷണം വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനി എന്ന ആശയം ദീപീന്ദര്‍ ഗോയലിന്റെ തലയില്‍ വിരിഞ്ഞതാണ്. ഇദ്ദേഹം 2008ലാണ് സൊമാറ്റോ ആരംഭിച്ചത്. കയ്യില്‍ പണമുണ്ടായി, അത് മുടക്കി ബിസിനസ് ചെയ്തയാളല്ല ദീപീന്ദര്‍ ഗോയല്‍. തന്റെ മിടുക്കും ബുദ്ധിയും കൊണ്ട് ഇല്ലായ്‌മയില്‍ നിന്നും ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ആളാണ് ദീപീന്ദര്‍ ഗോയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: