ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഇഡി ചൊവ്വാഴ്ച ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് ഏജൻസി മുൻ ക്രിക്കറ്റ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
മുൻ പാർലമെൻ്റ് അംഗമായ അസ്ഹറുദ്ദീനോട് ഒക്ടോബർ 3 ന് ഏജൻസിക്ക് മുമ്പാകെ മൊഴിയെടുക്കാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരാകാൻ പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒക്ടോബർ എട്ടിന് ഹാജരാകാൻ ഏജൻസി അദ്ദേഹത്തിന് പുതിയ സമൻസ് അയച്ചു.
തുടർന്ന് അസ്ഹറുദ്ദീൻ ഇന്ന് രാവിലെ 11 മണിയോടെ ഫത്തേ മൈതാൻ റോഡിലെ ഇഡി ഓഫീസിലെത്തി. അദ്ദേഹത്തിന്റെ അഭിഭാഷക സംഘവും ഒപ്പമുണ്ടായിരുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ (എച്ച്സിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബറിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു.
എച്ച്‌സിഎ പ്രസിഡൻ്റായിരിക്കെ അസറുദ്ദീന്റെ പങ്ക് ഏജൻസി കൃത്യമായി അന്വേഷിച്ചിരുന്നു. എച്ച്‌സിഎയുടെ 20 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമർപ്പിച്ച മൂന്ന് എഫ്ഐആറുകളിലും കുറ്റപത്രങ്ങളിലും നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്.
ഹൈദരാബാദിലെ ഉപ്പലിൽ നിർമ്മിച്ച രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിനായുള്ള ഡിജി സെറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ, മേൽക്കൂര നിർമ്മാണം എന്നിവയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ റെയ്ഡുകളിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും 10.39 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: