ന്യൂദൽഹി : മുൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഒഴിഞ്ഞ സർക്കാർ ബംഗ്ലാവിൽ നിന്ന് സാധനങ്ങൾ കാണാതായെന്ന ആരോപണത്തിനിടയിൽ ബംഗ്ലാവിന് ചെലവഴിച്ച പണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി.
തേജസ്വി യാദവിന്റെ ബംഗ്ലാവിൽ എത്ര രൂപ ചെലവഴിച്ചുവെന്ന് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കണമെന്നും സംഭവത്തിൽ കേസെടുക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രാഷ്‌ട്രീയ സ്ഥാനം വഹിക്കുന്ന ഒരാൾക്ക്, ഇത്തരം വിലകുറഞ്ഞ നീക്കങ്ങൾ നടത്തുന്നത് അനുയോജ്യമല്ല. മുൻ ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവുകളിൽ എന്തെല്ലാമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം ഏവരും ഇതിനോടകം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഉപമുഖ്യമന്ത്രിയായിരിക്കെ തേജസ്വി യാദവ് അടുത്തിടെ ഒഴിഞ്ഞ സർക്കാർ ബംഗ്ലാവിൽ നിന്ന് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. സർക്കാർ ബംഗ്ലാവിലെ വാട്ടർ ടാപ്പുകളും ലൈറ്റുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ തേജസ്വി യാദവ് തട്ടിയെടുത്തതായി സംസ്ഥാന ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതേ സമയം ഇന്നലെയാണ് തേജസ്വി യാദവിനും പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദിനും ഭൂമി-തൊഴിൽ കുംഭകോണത്തിൽ ദൽഹി കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം ലഭിക്കുന്നത് ക്ലീൻ ചിറ്റിന് തുല്യമല്ലെന്ന് ലാലു യാദവിന് ജാമ്യം അനുവദിച്ചതിനെക്കുറിച്ചുള്ള പ്രത്യേക പരാമർശത്തിൽ ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു.
ഐപിസി സെക്ഷൻ 302 പ്രകാരം കുറ്റാരോപിതരായ വ്യക്തികൾക്ക് പോലും ജാമ്യം ലഭിക്കും എന്നാൽ അതിനർത്ഥം അവർ കുറ്റകൃത്യത്തിൽ നിരപരാധികളാണെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: