തൃശ്ശൂര്‍: മുന്നൂറു കോടിയിലേറെ രൂപയുടെ വ്യാജവായ്പാതട്ടിപ്പില്‍ പൊളിഞ്ഞ കരുവന്നൂര്‍ സഹകരണ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉപയോഗപ്പെടുത്തി പണം തട്ടുന്നതും ബാങ്കിനെ കബളിപ്പിച്ച ബിനാമി വായ്പാ തട്ടിപ്പുകാര്‍. ഭൂമിയോ മറ്റ് മതിയായ രേഖകളോ ഇല്ലാതെ വ്യാജവായ്പകള്‍ വഴി വന്‍ തുക എടുത്തവരാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉപയോഗപ്പെടുത്തി രക്ഷപ്പെടുന്നത്. ബാങ്കില്‍ നടക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടികളില്‍ സംശയമുന്നയിച്ച് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്കിയതോടെയാണ് കള്ളക്കളികള്‍ പുറത്താവുന്നത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ജോയിന്റ് രജിസ്ട്രാറെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഘത്തില്‍ 19672 നമ്പര്‍ അംഗം ബ്രഹ്മകുളം കൊങ്കണം വീട്ടില്‍ ഷഫീറിന് എസ്എല്‍എം 5283 നമ്പര്‍ വായ്പയായി 50 ലക്ഷം രൂപ നല്കിയിരുന്നു. ഇതേ വിലാസത്തില്‍ ഇയാളുടെ കുടുംബാംഗമായ റുഖിയ എന്നയാളുടെ പേരിലും 50 ലക്ഷം എസ്എല്‍എം 5649 നമ്പറില്‍ വായ്പ നല്കി. എന്നാല്‍ ഇവര്‍ക്ക് ലോണ്‍ അനുവദിച്ചതിന്റെ ഈടു വസ്തുവോ മറ്റ് രേഖകളോ ബാങ്കില്‍ ഇല്ല. 16580 നമ്പര്‍ അംഗമായ മണികണ്ഠന്‍ എന്നയാളുടെ പേരില്‍ 35 ലക്ഷം രൂപ വായ്പ നല്കി. ഇതിനും ബാങ്കില്‍ കണക്ക് മാത്രമേയുള്ളൂ. രേഖകള്‍ ഇല്ല. ഷഫീറിന്റെ വായ്പ 94.5 ലക്ഷവും റുഖിയയുടെ വായ്പ 95.35 ലക്ഷവും മണികണ്ഠന്റെ വായ്പ 69.75 ലക്ഷവും ബാധ്യതയായിരുന്നു. കഴിഞ്ഞ മെയ് 23ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് അപേക്ഷിച്ച ഇവര്‍ അന്നു തന്നെ 1.5 കോടി രൂപ പണമായി ബാങ്കില്‍ നിക്ഷേപിച്ചു.
ഷഫീറിന്റെയും റുഖിയയുടേയും പേരില്‍ 55 ലക്ഷം വീതവും മണികണ്ഠന്റെ പേരില്‍ 40 ലക്ഷവുമാണ് നിക്ഷേപിച്ചത്. രണ്ട് ലക്ഷത്തില്‍ കൂടിയ തുക പണമായി സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ നിയമം നിലനില്‍ക്കുമ്പോഴാണ് ഇത്രയും വലിയ തുക പണമായി എത്തിച്ചത്. ഈ പണത്തിന്റെ സ്രോതസ് അന്വേഷിക്കുകയോ വിവരം ഐടി, ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയോ ചെയ്തിട്ടില്ല. പകരം ഈ മൂന്ന് പേരും ദരിദ്രരാണെന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ബാക്കി തുക എഴുതിത്തള്ളണമെന്നും ശിപാര്‍ശ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് സമിതി ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്തു നല്കുകയായിരുന്നു.
കത്ത് ലഭിച്ച ജോയിന്റ് രജിസ്ട്രാര്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് വായ്പ അനുവദിച്ചതിന്റെ രേഖകളോ ഈട് നല്കിയ വസ്തുവിന്റെ രേഖകളോ ബാങ്കില്‍ ഇല്ലെന്ന മറുപടിയാണ് ഭരണസമിതി നല്കുന്നത്. ഇതോടെ ഇത് ബിനാമി വായ്പയാണെന്ന് ഓഡിറ്റ് വിഭാഗം സംശയം പ്രകടിപ്പിച്ചു. തിരിച്ചടച്ച ഒന്നരക്കോടി രൂപ കള്ളപ്പണമാണെന്ന സംശയവും പ്രകടിപ്പിച്ചു. ഇതോടെയാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയെത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കേണ്ടെന്നും കൊന്നുകളയാനും മടിക്കില്ലെന്നുമായിരുന്നു ഭീഷണി. ഓഡിറ്റ് വിഭാഗം സംശയമുന്നയിച്ചതോടെ ജോയിന്റ് രജിസ്ട്രാര്‍ തീരുമാനമെടുക്കാതെ ഫയല്‍ സഹകരണ രജിസ്ട്രാര്‍ക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: