ടെല്‍ അവീവ്: ലെബനനിലെ 130 കേന്ദ്രങ്ങളിലേക്ക് കടന്നുകയറിയതായി ഇസ്രയേല്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയില്‍ 40,000 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി. 4700 തുരങ്കങ്ങളും ആയിരം റോക്കറ്റ് ലോഞ്ചറുകളും തകര്‍ക്കപ്പെട്ടവയില്‍പ്പെടുന്നു. ഇറാന് പിന്തുണയുള്ള ലെബനനിലെ 800 ഭീകരരെ വധിക്കുകയും 6000 തുരങ്കങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഐഡിഎഫ് പറഞ്ഞു.
ഏത് നിമിഷവും ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന ഭീതിയില്‍ ഇറാന് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. പ്രവര്‍ത്തന നിയന്ത്രണമേര്‍പ്പെടുത്തിയതിനാലാണ് എന്നാണ് ഇറാന്റെ വിശദീകരണം. ഹമാസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ഏത് നിമിഷവും ഇസ്രയേലിന്റെ ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് പശ്ചിമേഷ്യ. കഴിഞ്ഞ ദിവസം ഇറാന് 200 മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടിരുന്നു. തിരിച്ചടിക്കുമെന്ന് അറിയിച്ചെങ്കിലും എപ്പോള്‍ എങ്ങനെയെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ലെന്നതും ഇറാന്റെ ഭയം വര്‍ധിപ്പിക്കുന്നു. മിസൈലാക്രമണത്തിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസം അടച്ചിട്ടിരുന്നു.
ഇസ്രയേലിന്റെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന ആശങ്കയില്‍ ഓയില്‍ ടെര്‍മിനലുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഹമാസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വാഹനങ്ങളും ഇസ്രയേല്‍ സൈന്യം പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കുമാണ് ഇവ കാണാന്‍ അനുമതിയുള്ളത്. ആയുധങ്ങളും കവചിത വാഹനങ്ങളും കൂടാതെ ഭീകരര്‍ ഇസ്രയേലിലേക്ക് എത്തിയ പിക്കപ്പ് വാനുകള്‍, ഭീകരര്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളുകള്‍, ട്രാക്ടറുകള്‍ കൊല്ലപ്പെട്ട ഭീകരരുടെ യൂണിഫോമുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
ഭീകരരില്‍ നിന്ന് എഴുപതിനായിരത്തോളം ആയുധങ്ങളാണ് ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തത്. ഇവയില്‍ 1250 എണ്ണം ടാങ്ക് വേധമിസൈലുകളാണ്. 4500 സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങളും വിശദാംശങ്ങളും എല്ലാം തന്നെ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ച് തങ്ങള്‍ക്ക് നേരേ ഉയരുന്ന ആരോപണങ്ങളെ നേരിടുകയാണ് ഇസ്രയേല്‍ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: