ന്യൂദല്‍ഹി: ഫ്‌ലാഗ് ഓഫിന് ശേഷം മുംബൈ മെട്രോ യാത്രയില്‍ നിന്നുള്ള അനുഭവങ്ങള്‍ എക്‌സില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെട്രോ യാത്രയ്‌ക്കിടെ യുവാക്കളോടും തൊഴിലാളികളോടും മറ്റ് യാത്രക്കാരോടും സംവദിക്കുന്ന വീഡിയോയും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
മുംബൈ മെട്രോയില്‍ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങള്‍. ഞായറാഴ്ച മുംബൈ മെട്രോ ലൈന്‍ 3ന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം നടത്തിയ മെട്രോ യാത്രയിലെ കുറച്ച് ഹൈലൈറ്റുകള്‍ ഇതാ… എന്ന വാചകത്തോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ബികെസിയില്‍ നിന്ന് സാന്താക്രൂസ് സ്റ്റേഷനിലേക്കാണ് പ്രധാനമന്ത്രി യാത്ര ചെയ്ത്. ഇതിനിടെ വിദ്യാര്‍ത്ഥികളുമായും ലഡ്കി ബഹിന്‍ പദ്ധതിയുടെ ഗുണഭോക്താക്കളുമായും തൊഴിലാളികളുമായും മറ്റ് യാത്രക്കാരുമായും പ്രധാനമന്ത്രി സംവദിച്ചു. ഒപ്പം ഒരു പെണ്‍കുട്ടി ഗിത്താര്‍ വായിക്കുന്നതും പ്രധാനമന്ത്രി അതാസ്വദിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
മുംബൈ മെട്രോ ജനങ്ങളുടെ യാത്രാസൗകര്യം കൂടുതല്‍ സുഗമമാക്കുന്നുവെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്കും വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കും ഏറെ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മുംബൈ മെട്രോ ലൈന്‍ 3ന്റെ ബികെസി മുതല്‍ ആരെ ജെവിഎല്‍ആര്‍ വരെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 14,120 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പുതിയ മെട്രോ ലൈനില്‍ 10 സ്റ്റേഷനുകളാണ് ഉള്ളത്. അതില്‍ 9 എണ്ണം ഭൂമിക്കടിയിലാണ്. മുംബൈ നഗരത്തിനും സബര്‍ബുകള്‍ക്കുമിടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്ന ഒരു പ്രധാന പൊതുഗതാഗത പദ്ധതിയാണ് മുംബൈ മെട്രോ ലൈന്‍ 3. പ്രതിദിന 12 ലക്ഷം യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഏകദേശം 12,200 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന താനെ ഇന്റഗ്രല്‍ റിങ് മെട്രോ റെയില്‍ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: