Career

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബര്‍ 15 ന്; ഓണ്‍ലൈന്‍ അപേക്ഷ ഒക്‌ടോബര്‍ 16 വരെ

Published by

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ctet.nic.in- ല്‍
യോഗ്യത നേടുന്നവര്‍ക്ക് കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ അര്‍ഹത

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സെന്‍ട്രല്‍ തിബറ്റന്‍ സ്‌കൂളുകള്‍, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഢ്, ദാദ്ര ആന്റ് നഗര്‍ ഹവേലി, ഡാമന്‍ ഡ്യൂ, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലും മറ്റും ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അധ്യാപകരാകാനുള്ള സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) 2024 ഡിസംബര്‍ 15 ന് ദേശീയതലത്തില്‍ നടത്തും.

രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. രണ്ടാമത്തെ പേപ്പര്‍ രാവിലെ 9.30 മുതല്‍ 12 മണിവരെയും ഒന്നാമത്തെ പേപ്പര്‍ ഉച്ചക്കുശേഷം 2.30 മുതല്‍ 5 മണിവരെയുമാണ്. വിശദവിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം https://ctet.nic.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സിബിഎസ്ഇ ദല്‍ഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ഫീസ് ഒറ്റപേപ്പറിന് 1000 രൂപ. രണ്ട് പേപ്പറുകള്‍ക്കുംകൂടി 1200 രൂപ മതി. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യഥാക്രമം 500 രൂപ, 600 രൂപ എന്നിങ്ങനെ മതിയാകും. ജിഎസ്ടി കൂടി നല്‍കേണ്ടതുണ്ട്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. ഒക്‌ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി-ടെറ്റില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ https://ncte.gov.in- ല്‍ ലഭിക്കും.

സി-ടെറ്റ് പരീക്ഷാ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. ഒന്ന് മുതല്‍ 5 വരെ ക്ലാസുകളിലേക്ക് അധ്യാപകരാകുന്നതിന് പേപ്പര്‍ ഒന്നിലും 6 മുതല്‍ 8 വരെ ക്ലാസുകളിലേക്ക് പേപ്പര്‍ രണ്ടിലും യോഗ്യത നേടണം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 150 ചോദ്യങ്ങളുണ്ടാവും. 150 മാര്‍ക്കിനാണിത്. പരീക്ഷ അഭിമുഖീകരിക്കുന്നതിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു അടക്കം 20 ഭാഷകളില്‍ രണ്ടെണ്ണം തെരഞ്ഞെടുക്കാം. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. മുന്‍ഗണനാക്രമത്തില്‍ 4 വ്യത്യസ്തമായ സെന്ററുകള്‍ തെരഞ്ഞെടുക്കാം.

ടെസ്റ്റില്‍ 60 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടുന്നവര്‍ക്കാണ് വിജയം. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയുണ്ടാവില്ല.

സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് എത്രതവണ വേണമെങ്കിലും ടെസ്റ്റ് എഴുതാം. സിടെറ്റ് സര്‍ട്ടിഫിക്കറ്റിന് അധ്യാപക നിയമനത്തിനായി ജീവിതകാലം വരെ പ്രാബല്യമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക