ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപത അനുമോദിച്ചു. പുതിയതായി നിയോഗിച്ച 21 കര്‍ദിനാള്‍മാരുടെയും നിയമനം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും. മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തും. കര്‍ദ്ദിനാളായി ഉയര്‍ത്തുന്നതോടെ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന സംഘത്തിലെ ഒരംഗമായി മോണ്‍. ജോര്‍ജ് കൂവക്കാട് മാറും.
മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ നിയമനത്തില്‍ ചങ്ങനാശേരി അതിരൂപത സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടവും, നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലും പറഞ്ഞു. ചങ്ങനാശേരി അതിരൂപതാ പുരോഹിതഗണത്തില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദ്ദിനാളാണ് മോണ്‍. ജോര്‍ജ് കൂവക്കാട്. മാര്‍ ആന്റണി പടിയറ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് മറ്റുള്ളവര്‍.
മാമ്മൂട് ലൂര്‍ദ്മാതാ ഇടവക കൂവക്കാട് ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോണ്‍. ജോര്‍ജ് കൂവക്കാട്. ബൈബിള്‍ പഠനം പൂര്‍ത്തിയാക്കി 2004 ജൂലൈ 24 ന് മാര്‍ ജോസഫ് പവ്വത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍. 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിര്‍വഹിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക