കേരളത്തിലും തെക്കന്‍ ഭാരത്തില്‍ പൊതുവേയും ആരാധിക്കപ്പെടുന്ന പ്രധാന മൂര്‍ത്തിയാണ് ശാസ്താവ്. ഹരിഹര പുത്രനാണ് ശാസ്താവ് എന്നാണു വിശ്വാസം. ശാസ്താവിന്റെ കേരളീയ ആരാധനാക്രമം അതിവിപുലമാണ്. ഒട്ടേറെ ഭാവങ്ങളിലുള്ള ശാസ്താ പ്രതിഷ്ഠകളും അതിനിണങ്ങിയ വ്യത്യസ്ത ആരാധനക്രമങ്ങളും കേരളത്തില്‍ നിലവിലുണ്ട്. കിരാത ശാസ്താവ്, ജ്ഞാന ശാസ്താവ്, പൂര്‍ണ്ണ, പുഷ്‌കല സമേതനായ ശാസ്താവ്, പ്രത്യക്ഷ ശാസ്താവ്, രൈവന്ത ശാസ്താവ്, രുദ്ര ശാസ്താവ്, ധന്വന്തരി ശാസ്താവ്, ഭൂതാധിപ ശാസ്താവ്, ഹംസമദന ശാസ്താവ്, ആര്യ ശാസ്താവ്, ഘോഷപതി ശാസ്താവ്, ഭുവന ശാസ്താവ്, ഗോപ്തൃ ശാസ്താവ്, മോഹന ശാസ്താവ്, ബാല ശാസ്താവ് എന്നിങ്ങനെ അനവധി സങ്കല്പങ്ങളില്‍ കേരളത്തില്‍ ശാസ്താരാധന ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കുളത്തൂര്‍പുഴ(ബാല ശാസ്താവ്), അച്ചന്‍ കോവില്‍ (ഗൃഹസ്ഥാശ്രമി), ആര്യങ്കാവ്(പൂര്‍ണ്ണ-പുഷ്‌കല സമേതന്‍), കുതിരാന്‍ മല (കിരാത ശാസ്താവ്) എന്നിങ്ങനെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ശാസ്താവിനെ വിവിധ ഭാവങ്ങളില്‍ ആരാധിക്കുന്നു. ഇതുകൂടാതെ മറ്റനേകം സങ്കല്പ ഭാവങ്ങളും ശാസ്താവിനുണ്ട്.
ഇതില്‍ വേദമൂര്‍ത്തി എന്ന ജ്ഞാനശാസ്താ സങ്കല്പത്തിലാണ് തിരുവുള്ളക്കാവില്‍ ശ്രീധര്‍മ്മശാസ്താവ് കുടികൊള്ളുന്നത്. തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പ് പഞ്ചായത്തില്‍ പെരുമ്പിള്ളിശ്ശേരി ദേശത്താണ് ഈ പുണ്യ പുരാതനമായ കാവ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണ-പുഷ്‌കല സമേതനായി ജ്ഞാനപ്പൊരുളായി ശാസ്താവ് ഇവിടെ കുടികൊള്ളുന്നു. സാധാരണയായി ബുദ്ധി, ജ്ഞാന ദേവതകളായി ആരാധിക്കുന്നത് സരസ്വതി, ദക്ഷിണാമൂര്‍ത്തി എന്നിവരെയാണ്.
പക്ഷേ തിരുവുള്ളക്കാവിലെ മൂര്‍ത്തീഭാവത്തിനു ജ്ഞാനശാസ്താ സങ്കല്പത്തിലാണ് പൂജ. പാമരനായ ദാസനെ കാളി വിദ്യാദാനം നല്‍കി കാളിദാസ മഹാകവി ആക്കിയതു പോലെ പട്ടത്ത് വാസുദേവന്‍ ഭട്ടതിരി എന്ന പാമരനും സംസാരവൈകല്യം ഉള്ള ആളുമായിരുന്ന കാവിലെ ശാന്തിക്കാരനെ തിരുവുള്ളക്കാവിലപ്പന്‍ വിദ്യാധനവും പൂര്‍ണസംസാരശേഷിയും ഏകി അനുഗ്രഹിച്ചെന്നാണ് ഐതിഹ്യം. ഇതിനുശേഷം ഭട്ടതിരി സ്വന്തമായി ശ്ലോകങ്ങള്‍ രചിച്ചു ദേവനെ സ്തുതിച്ചുവെന്നും വിശ്വാസിക്കപ്പെടുന്നു.
കാവില്‍ വിദ്യാദേവതയായ സരസ്വതിയുടെ ശക്തമായ സാന്നിധ്യവുമുണ്ട്. നവരാത്രിയാണ് കാവിലെ ആണ്ടു വിശേഷം. ഒമ്പത് ദിവസവും ഇവിടെ അതിപ്രാധാന്യത്തോടെ ആചരിച്ചു വരുന്നു.
പടിഞ്ഞാട്ടു ദര്‍ശനം നല്‍കുന്ന ശാസ്താവിന് ഉപദേവനായി ഗണപതി മാത്രമേയുള്ളൂ. മീനത്തിലെ അത്തം നാളും മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നുണ്ട്. പെരുവനത്തിന്റെ ഗ്രാമദേവനും ധര്‍മ്മദേവനുമാണ് ഇവിടത്തെ ശാസ്താവ്. പെരുവനത്തപ്പനായ ശിവന്റെ പുത്രനായും സങ്കല്പിക്കപ്പെടുന്നു. മീനത്തിലെ അത്തം നാളില്‍ ശാസ്താവ് ഗ്രാമരക്ഷയ്‌ക്ക് പോകുന്നതിനാലും, മഹാനവമി അടച്ചുപൂജാ ദിവസമായതു കൊണ്ടും ആണ് ഈ ദിനങ്ങളില്‍ ഇവിടെ വിദ്യാരംഭം ഇല്ലാത്തത്. വിജയദശമി നാളില്‍ ആദ്യക്ഷരം കുറിക്കാന്‍ ആയിരങ്ങളാണ് കുട്ടികളേയുംകൊണ്ട് ഇവിടെ എത്തുക. ചങ്ങമ്പുഴ കൃഷ്ണ പിള്ള, പി.ഭാസ്‌കരന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയ മലയാളത്തിലെ മഹിത കവികളെ എഴുത്തിനിരുത്തിയത് ഇവിടെയാണ്.
ശാസ്താവ് എന്ന വാക്കിനര്‍ത്ഥം ശാസിക്കുന്നവന്‍ എന്നാണ്. അറിവ് പകര്‍ന്നു നല്‍കിയും തെറ്റ് ചെയ്യുന്നവരെ ശാസിച്ചും ധര്‍മ്മത്തെ പരിപാലിച്ചും ദേവന്‍ ഇവിടെ പരിലസിക്കുന്നു.
പൂജ സമയങ്ങള്‍
രാവിലെ 5-ന് : നടതുറപ്പ്
6:30-7:00-ന് : ഉഷപൂജ
11:00-ന് : നട അടപ്പ്
വൈകിട്ട് 5:30-ന്: നടതുറപ്പ്
അസ്തമന
സമയം: ദീപാരാധന
7:30 -7:45-ന് : അത്താഴപൂജ
രാത്രി7:30-ന് : തൃപ്പുക
പ്രത്യേക വഴിപാടുകള്‍
നാവില്‍ നാരായം: എടുത്തു വയ്‌ക്കല്‍: കുട്ടികള്‍ക്ക് സംസാരതടസ്സം നീങ്ങുന്നതിനും വാക്ചാതുരിക്കും വേണ്ടി.
സാരസ്വത പുഷ്പാഞ്ജലി: ബുദ്ധിശക്തിക്കും വിദ്യക്കും വേണ്ടി.
നെയ് വിളക്ക്: മന:ശാന്തിക്കും ഐശ്വര്യത്തിനും ബുദ്ധിതെളിയുന്നതിനും വേണ്ടി നടത്തുന്നു.
പ്രധാന നിവേദ്യങ്ങള്‍
കദളിപ്പഴം: ബുദ്ധി വര്‍ദ്ധനവിന്.
തിരുമധുരം: ഓര്‍മ്മ ശക്തി വര്‍ദ്ധിക്കുന്നതിന്
പായസം: ഐശ്വര്യത്തിന്.
അപ്പം: കാര്യസാദ്ധ്യത്തിന്.
എള്ളുതിരി-നീരാജനം: ശനിദോഷ നിവാരണത്തിന്.
പറ നിറക്കല്‍: ഐശ്വര്യം, സമ്പത്ത്, ആരോഗ്യം, എന്നിവയ്‌ക്കു വേണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: