ന്യൂഡൽഹി: ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. 400 മില്യൺ ഡോളറിന്റെ ബൈലാറ്ററല്‍ കറന്‍സി സ്വാപ് കരാറിന് പുറമെ 30 ബില്യൺ രൂപയുടെ (360 മില്യൺ ഡോളർ) സാമ്പത്തിക സഹായവും ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുയിസുവിന്റെ നന്ദി പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുയിസുവും ഇന്ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിൽ ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയ്‌ക്ക് പിന്നാലെ, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാലദ്വീപിന് 100 ദശലക്ഷം യുഎസ് ഡോളറിന്റെ ട്രഷറി ബില്ലുകൾ അനുവദിച്ചിരുന്നു. കൂടാതെ 400 മില്യൺ ഡോളറിന്റെയും 3,000 കോടി രൂപയുടെയും കറൻസി സ്വാപ്പ് കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു.
മാലിദ്വീപിലെ ജനങ്ങളുടെ മുൻഗണനകൾക്കാണ് ഇന്ത്യ എപ്പോഴും പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ‘വികസന പങ്കാളിത്തം ഇന്ത്യ-മാലദ്വീപ് ബന്ധത്തിന്റെ പ്രധാന സ്‌തംഭമാണ്. മാലദ്വീപിലെ ജനങ്ങൾക്കാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്.
ഈ വർഷം എസ്ബിഐ ട്രഷറി ബെഞ്ചിന്റെ 100 ദശലക്ഷം ഡോളർ റോൾഓവർ ചെയ്‌തു. മാലദ്വീപിന്റെ ആവശ്യാനുസരണം 400 ദശലക്ഷം ഡോളറിന്റെയും 3000 കോടി രൂപയുടെയും കറൻസി കൈമാറ്റ കരാറും ഒപ്പുവച്ചുവെന്നും’ മോദി പറഞ്ഞു.
മാലദ്വീപിന്റെ ഹനിമാധൂ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേയും ഇരുനേതാക്കളും ഉദ്ഘാടനം ചെയ്‌തു. മാലിദ്വീപിൽ റുപേ കാർഡും ഇരുവരുടെയും സാന്നിധ്യത്തില്‍ അവതരിപ്പിച്ചു. ഇന്ത്യയെയും മാലിദ്വീപിനെയും യുപിഐ വഴി വരും കാലങ്ങളിൽ ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവിൽ പുതിയ മാലിദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സമയത്ത് വാക്‌സിന്‍ അല്ലെങ്കില്‍ കുടിവെള്ളം തുടങ്ങി അവശ്യസാമഗ്രികള്‍ എത്തിക്കുന്നതിലൂടെ ഇന്ത്യ എപ്പോഴും നല്ല അയല്‍ക്കാരനായി വര്‍ത്തിച്ചിട്ടുണ്ട്. മോദി പറഞ്ഞു.
മാലദ്വീപില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നതായും എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ ഇന്ത്യ കൈമാറിയതായും മാലദ്വീപില്‍ പുതിയ തുറമുഖത്തിന്റെ നിര്‍മാണത്തിനുള്ള പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുണ്ടെന്നും മോദി അറിയിച്ചു. മാലദ്വീപില്‍ അടുത്തിടെ പ്രവര്‍ത്തനക്ഷമമായ കുടിവെള്ളപദ്ധതിയെ കുറിച്ചും മോദി പരാമര്‍ശിച്ചു. ആ പദ്ധതിയിലൂടെ 28 ദ്വീപുകളിലെ 30,000-ലധികം ജനങ്ങള്‍ക്ക് ശുദ്ധവെള്ളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: