തെങ്കാശി: തമിഴ്നാട്ടിൽ ഉയർന്നുവരുന്ന മയക്കുമരുന്ന് മാഫിയകളിൽ ആശങ്കയറിയിച്ച് ഗവർണർ ആർ. എൻ രവി. വോയ്സ് ഓഫ് തെങ്കാശി ഫൗണ്ടേഷൻ സംഘടിപ്പിച്ച ലഹരി രഹിത തെങ്കാശിക്ക് വേണ്ടിയുള്ള റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗ്രാം സിന്തറ്റിക് മയക്കുമരുന്ന് പോലും പിടിച്ചെടുക്കാൻ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ലെന്നും എന്നാൽ കേന്ദ്ര ഏജൻസികൾ നൂറുകണക്കിന് കിലോഗ്രാം കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് പോലീസിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
യുവാക്കൾക്കിടയിൽ മയക്കുമരുന്നിന്റെ വ്യാപനം ഗുരുതരമായ പ്രശ്‌നമാണെന്ന് പറഞ്ഞ രവി സർക്കാരിന് ഒറ്റയ്‌ക്ക് അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും എന്നാൽ ബഹുജന മുന്നേറ്റത്തിലൂടെ മാത്രമേ അത് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞു.
മയക്കുമരുന്ന് പ്രശ്നം തന്റെ മനസിൽ എപ്പോഴും ഉള്ള ഒരു കാര്യമാണ്. കാരണം സന്തുഷ്ടവുമായ കുടുംബങ്ങൾ തകരുന്നതും സമൂഹം ഈ മയക്കുമരുന്ന് കാരണം നശിപ്പിക്കുന്നതും താൻ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാജ്യത്തിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ ഇത് മൂലം വളരെയധികം കഷ്ടപ്പെടുന്ന ചില സംസ്ഥാനങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഏകദേശം 40 വർഷം മുമ്പ് വരെ രാജ്യത്തെ ഏറ്റവും വികസിതവും മുൻനിരയിലുള്ളതുമായ സംസ്ഥാനമായിരുന്നു. മൂന്ന് പതിറ്റാണ്ടിനുള്ളിൽ മയക്കുമരുന്ന് അതിനെ നശിപ്പിച്ചു. ഇന്ന് പഞ്ചാബ് മയക്കുമരുന്ന് സംസ്കാരത്തിൽ നിന്നും പുറത്തുവരാൻ പാടുപെടുകയാണ്.
നമ്മുടെ നാട്ടിൽ മയക്കുമരുന്ന് ബാധിത പ്രദേശങ്ങൾ നിരവധിയാണ്. അത് അവസാനിപ്പിക്കാൻ നമ്മൾ പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ മയക്കുമരുന്ന് ഉപയോഗവും വളരെ ഗുരുതരമാണ്. കറുപ്പ്, ഹെറോയിൻ, ഹാഷിഷ്, വിവിധതരം സിന്തറ്റിക് മയക്കുമരുന്നുകൾ എന്നിവ വളരെ ആസക്തിയുള്ളവയാണെന്നും ഇരകൾ കൂടുതലും ചെറുപ്പക്കാരും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോഗ്രാം സിന്തറ്റിക്, കെമിക്കൽ മരുന്നുകൾ കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്തിട്ടുണ്ട്. കരയിൽ നിന്ന്, കടലിൽ നിന്ന്, വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കെമിക്കൽ, സിന്തറ്റിക് മരുന്നുകൾ എന്നിവ പിടികൂടുന്നുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാന എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്ക് ഒരു ഗ്രാം പോലും പിടിച്ചെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
കൂടാതെ നമ്മുടെ അയൽ രാജ്യവും അവരുടെ സൈന്യവും മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും ഭീകരവാദം പ്രവർത്തിപ്പിക്കുന്നതിന് പണം സമ്പാദിക്കുന്നുണ്ടെന്നും ഏവർക്കു മറിയാമെന്നും പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിനെ ലോകം ഇന്ന് നാർക്കോ ടെററിസം എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: