തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് നല്കിയ ഫണ്ടില്‍ നിന്നും ഒരു കോടിയിലേറെ വെട്ടിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും ജീവനക്കാരും ചേര്‍ന്നാണ് ക്രമക്കേട് നടത്തിയത്. സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നും മറ്റ് സഹകരണ ബാങ്കുകളില്‍ നിന്നും നല്കിയ തുകയിലാണ് പുതിയ വെട്ടിപ്പ്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
മുന്നൂറു കോടിയിലേറെ രൂപയുടെ വ്യാജ വായ്പാ ക്രമക്കേടിനെ തുടര്‍ന്ന് തകര്‍ന്ന കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നല്കിയ തുകയിലാണ് 1.15 കോടിരൂപയുടെ ക്രമക്കേട്. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നും അഞ്ചു കോടിയും മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് അഞ്ചു കോടിയും സമാഹരിച്ച് പത്തു കോടി രൂപയാണ് നല്കിയിരുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ബാങ്കിനെ സൂപ്പര്‍ഗ്രേഡില്‍ നിന്ന് ക്ലാസ് ഏഴിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിലും കുറവ് വരും.
എന്നാല്‍ പണം കിട്ടിയതിനു പിന്നാലെ ഇതില്‍നിന്ന് 1.15 കോടി രൂപ ജീവനക്കാരുടെ ശമ്പള കുടിശിക ഇനത്തിലേക്ക് വക മാറ്റുകയായിരുന്നു. സൂപ്പര്‍ ഗ്രേഡില്‍ നിന്ന് ക്ലാസ് ഏഴിലേക്ക് തരംതാഴ്‌ത്തുമ്പോള്‍ ശമ്പള സ്‌കെയിലില്‍ ഉണ്ടാകുന്ന മാറ്റവും പരിഗണിച്ചില്ല. ഉയര്‍ന്ന നിരക്കില്‍ത്തന്നെ ശമ്പള കുടിശിക വകയിരുത്തി നല്കി. സ്വര്‍ണപ്പണയ വായ്പകള്‍ അനുവദിക്കുന്നതിനാണ് പത്തുകോടി നല്‍കിയിരുന്നത്. അതിനാല്‍ ജീവനക്കാരുടെ പേരില്‍ ഉണ്ടായിരുന്ന സ്വര്‍ണപ്പണയ വായ്പകള്‍ മുഴുവന്‍ ശമ്പള കുടിശികയിലേക്ക് വകയിരുത്തി . ഇതോടെ ബാങ്കിന് വീണ്ടും വന്‍ ബാധ്യതയും പ്രതിസന്ധിയും വന്നു. നിക്ഷേപത്തില്‍ നിന്ന് ചെറിയ തുകയെങ്കിലും തിരികെക്കിട്ടുമെന്ന് പ്രതീക്ഷിച്ച് കഴിയുന്ന നൂറ് കണക്കിന് പേര്‍ക്ക് ഒരു രൂപ പോലും നല്കാതെയാണ് ജീവനക്കാര്‍ക്ക് വഴിവിട്ട് പണം നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: