കോട്ടയം: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്ചല്‍ ക്യു ബുക്കിങ്ങിലൂടെ ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമായി അയ്യപ്പദര്‍ശനം പരിമിതപ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു. തീരുമാനം തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആരോപിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും, തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും വിളിച്ചു ചേര്‍ത്ത അവലോകനയോഗം അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ തീരുമാനമെടുത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നത്. വ്രതം നോറ്റ് അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനസൗകര്യം ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. ഭക്തര്‍ ദര്‍ശനം ലഭിക്കാതെ തിരിച്ചു പോകേണ്ടിവരുന്നത് ആചാരലംഘനമാണ്. അവലോകന സമിതി യോഗതീരുമാനം അനുസരിച്ച് വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശന അനുവാദം ലഭിക്കുന്ന ഭക്തര്‍ക്ക് മാത്രമേ മാലയിട്ട് വ്രതം അനുഷ്ഠിക്കാന്‍ പറ്റൂ എന്ന സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ എല്ലാ കാലത്തും ശ്രമിക്കുന്ന അവിശ്വാസികള്‍ നേതൃത്വം കൊടുക്കുന്ന ഭരണകൂടം വീണ്ടും വിശ്വാസത്തെയും, ആചാരത്തെയും അട്ടിമറിക്കുന്നതിനാണ് ശ്രമിക്കുന്നത്. തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യ വേദി നേതൃത്വം കൊടുക്കും. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമം തിരിച്ചറിയണമെന്നും ഇ. എസ്. ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: