തിരുവനന്തപുരം: കള്ളക്കടത്തിനെക്കുറിച്ചും സ്വര്‍ണക്കടത്തിനെക്കുറിച്ചും കെ.ടി. ജലീല്‍ നടത്തിയ പരാമര്‍ശം ഭരണഘടനയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. ഇതൊക്കെ തടയാന്‍ വേണ്ടി മതവിധി പുറപ്പെടുവിക്കണമെന്നാണ് ജലീല്‍ പറയുന്നത്. ഫത്വ പുറപ്പെടുവിക്കുന്നിതിന് തുല്യമാണ് ഈ പറയുന്ന ആശയം. മാര്‍ക്സിസ്റ്റു പാര്‍ട്ടിയും ഇടതുനേതാക്കളും ജലീലിന്റെ നിലപാടുകളെ തള്ളിക്കളയാനോ ജലീലിന്റെ പ്രസ്താവനയോടുള്ള വിയോജിപ്പ് പ്രകടമാക്കാനോ ഇതുവരെ തയാറായി മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും ഒക്കെ കൃത്യമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ മുസ്ലിം സമുദായത്തിന് ഈ രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന സമീപനമാണ് ജലീലിന്റേത്. ഭരണഘടനാ സംരക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി ജലീലിന്റെ കാര്യത്തില്‍ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണ്.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ അറിയണം. പ്രവാചകനെ അപമാനിച്ചു എന്നു പറഞ്ഞ് കൈവെട്ടിയ ആളുകള്‍ എടുത്തിരിക്കുന്നതിനുസമാനമായ നിലപാടാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കൈക്കൊണ്ടിരിക്കുന്നത്. ജലീലിന്റെ സംശയാസ്പദമായ കഴിഞ്ഞ കാല നടപടികള്‍ കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല എന്ന് ഓര്‍ക്കണം. 2020 ല്‍ മന്ത്രിയായിരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് അടച്ചിട്ട മുറിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ച എന്തിന് വേണ്ടിയായിരുന്നു എന്ന് ജലീല്‍ ഇതുവരെ വിശദികരിച്ചിട്ടില്ല. കള്ളക്കടത്ത് പ്രതിയായ ആള് 10 തവണ ജലീലുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.
മലപ്പുറം പരാമര്‍ശത്തിന്റെ പേരില്‍ ആക്ഷേപം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി അത് തിരുത്താന്‍ കാണിച്ച തിടുക്കം കള്ളക്കടത്ത് കേസുകളില്‍പ്പെട്ടിട്ടുള്ള ആളുകളുടെ പേരുകള്‍ പുറത്തു വിടാന്‍ കാണിക്കുന്നില്ല എന്ന് മുരളീധരന് ആരോപിച്ചു. ബിനോയി വിശ്വവും സംഘവും എഡിജിപിയെ നീക്കുമെന്ന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്. ശത്രുക്കള്‍ക്കുപോലും സിപിഐയുടെ അവസ്ഥയുണ്ടാക്കരുതേയെന്നും മുരളീധരന് പരിഹസിച്ചു. എഡിജിപിയെ മാറ്റണം എന്ന് തുടരെ തുടരെ ആവശ്യപ്പെടുന്നതിന് പകരം കൃത്യമായ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഐ തയാറാകണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
തിരുവനത്തപുരം കള്ളക്കടത്തും കരിപ്പൂര്‍ വഴി നടന്നുകൊണ്ടിരിക്കുന്ന സ്വര്ണ്ണക്കടത്തുള്പ്പടെയുള്ള കാര്യങ്ങളുമായിട്ട് എഡിജിപിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നൂറ്ശതമാനം ശരിയാണെന്ന് വിശ്വസിക്കാന്‍ ഉതകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതു കൊണ്ടാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ഇന്ത്യയിലെ രണ്ടാമനായ ആള്‍ക്ക് ഏതെങ്കിലും കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു എഡിജിപിയുമായി കൂടിക്കാഴ്ച നടത്തേണ്ടണ്ട ഗതികേട് ഇല്ലെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: