കോഴിക്കോട്: ഭരണഘടനയുള്ള, മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്ത് തെറ്റുനിശ്ചയിക്കാനും കുറ്റം തടയാനും കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ച് നേര്‍വഴി നടത്താനും മതനിയമവും ‘ഫത്വ’കളും വേണമെന്ന് പ്രസ്താവനയുടെ ശബ്ദം നിരോധിത ഭീകരപ്രവര്‍ത്തക സംഘടനയായ ‘സിമി’യുടേതാണ്. ‘സിമി’ എന്നാല്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ. ഈ ജിഹാദി സംഘടനയെ അതിന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ കാല് നൂറ്റാണ്ടോളം മുമ്പ്, 2001 ല്‍ രാജ്യം നിരോധിച്ചതാണ്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് മുദ്രാവാക്യം മുഴക്കി പരസ്യമായ ഭീകരപ്രവര്‍ത്തനം നടത്തിയതാണ് സംഘടനയുടെ ചരിത്രം.
ഇപ്പോള്‍ സിപിഎമ്മിന്റെ എംഎല്‍എയായ, മുസ്ലിംലീഗിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന തവനൂര്‍ എംഎല്‍എ കെ.ടി. ജലീല്‍ ഒരുകാലത്ത് സിമിയുടെ സംസ്ഥാന നേതാവായിരുന്നു. നിരോധിക്കപ്പെട്ടപ്പോഴാണ് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറിക്കൂടിയത്. എന്നാല്‍, നിലപാടുകളില്‍ എന്നും ‘സിമി’യുടെ വാദം പരോക്ഷമായി പറയുന്നയാളെന്ന ആരോപണം ജലീലിനെതിരേ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ നിലപാട്, രാജ്യത്തിന്റെ ഭരണഘടനയ്ക്കും മേലേയാണ് മത നേതാക്കളുടെ സ്ഥാനവും അവരുടെ ‘ഫത്വ’കളും (മതവിധി) യെന്നുമാണ്. നിയമനിര്‍മ്മാണ സഭാംഗം എന്ന നിലയില്‍ ജലീലിന് അയോഗ്യത പോലും കല്പ്പിക്കാന് ഇടയാക്കിയേക്കാവുന്നതാണ് ഈ നിലപാട്.
മുസ്ലിം സമുദായത്തിന്റെ കുറ്റങ്ങളും തെറ്റുകളും പോരായ്മകളും ആ സമുദായവും ക്രിസ്ത്യാനികളുടേത് അവരും ഹിന്ദുക്കളുടേത് അവരും വേണം എതിര്‍ക്കാനും തിരുത്താനു
മെന്നാണ് എംഎല്‍എയുടെ നിലപാട്. സ്വര്‍ണക്കടത്തും ഹവാലാ ഇടപാടും അതില്‍ മുസ്ലിം സമുദായത്തിന്റെ പങ്കും മലപ്പുറം ജില്ല കേന്ദ്രീകരിച്ചുള്ള അതിന്റെ ആധിക്യവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് ജലീലിന്റെ അഭിപ്രായം.
സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലിങ്ങള്‍ അത് ‘മത വിരുദ്ധമല്ല’ എന്ന് വിശ്വസിക്കുന്നുവെന്നാണ് ജലീലിന്റെ വീക്ഷണം. അതിനാല്‍, ‘ഖാളി’മാര്‍ എന്ന സ്ഥാനത്തുള്ള മുസ്ലിം മത നിയമവിധികള്‍ ഉണ്ടാക്കുന്നവര്‍ സ്വര്‍ണക്കടത്തിനെ സമുദായാംഗങ്ങള്‍ക്കിടയില്‍ വിലക്കണമെന്നാണ് ജലീലിന്റെ പ്രസ്താവന.
സിനിമ മതപരമായി ഹറാമായതിനാല്‍ മലപ്പുറത്ത് സിനിമാ തീയേറ്ററുകള്‍ക്ക് സിഗററ്റ് ബോംബുകള്‍ വെച്ച് തീപ്പിടിപ്പിച്ച ‘സിമി’യുടെ ചരിത്രവും ശബ്ദവുമാണ് ഈ പ്രസ്താവനയിലൂടെ ഓര്‍മ്മിപ്പിക്കപ്പെടുന്നത്. സ്വര്‍ണക്കടത്തും ഹവാല ഇടപാടും രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തെ തകര്‍ക്കുകയും പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ വിനിയോഗിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ രാജ്യദ്രോഹമാണ്. അതു കണക്കാക്കി ഭരണഘടനാ പ്രകാരം, ഭാരതീയ ശിക്ഷാ സംവിധാന പ്രകാരം നടപടികള്‍ എടുക്കണമെന്ന് പറയേണ്ട ജനപ്രതിനിധിയാണ് വിഷയം മതവിഷയമാക്കി ‘ഖാളി’മാരുടെ ‘ഫത്വ’ പുറപ്പെടുവിക്കണമെന്ന് പറയുന്നത്. ‘ഇന്ത്യയുടെ മോചനം മാത്രമല്ല, ഭരണവും ഇസ്ലാമികവഴിയിലാകണമെന്ന് പറയുന്നത് കേരള നിയമസഭയിലെ തവനൂര്‍ നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്.
ജലീലിന്റെ വാദങ്ങള്‍ക്ക് സിപിഎമ്മിന്റെ അറിവും അനുമതിയും പിന്തുണയുമുണ്ട്. സിപിഎം പത്രമായ ദേശാഭിമാനിയില്‍ നല്കിയ അഭിമുഖം ആധാരമാക്കിയാണ് പ്രസ്താവന. ജലീല്‍ സിപിഎം വിടാന്‍ പോകുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അഭിമുഖം. ആദ്യവട്ട ഭരണത്തിനിടെ മുഖ്യമന്ത്രി പിണറായി അമേരിക്കയില്‍ ചികിത്സയക്ക് പോയപ്പോള്‍ മറ്റ് മന്ത്രിമാര്‍ക്കാര്‍ക്കും ‘ഔദ്യോഗിക ചുമതല’ കൊടുക്കാതെയാണ് പോയത്. ‘ഡിജിറ്റലൊപ്പ്’ വിവാദമായ ആ കാലത്ത്, അനൗദ്യോഗികമായി സിഎംഒ ‘ഭരിക്കാന്‍ തക്ക’ അധികാരമുണ്ടായിരുന്ന ജലീല്‍ ഇന്ന് എംഎല്‍എ മാത്രമാണ്. അതുള്‍പ്പെടെയുള്ള അസംതൃപ്തികള്ക്കിടയിലാണ് പി.വി. അന്‍വറിനെ ജലീല്‍ പിന്തുണച്ചത്. ആ പശ്ചാത്തലത്തിലാണ് ദേശാഭിമാനി അഭിമുഖം. അതിന് കാരണമായി പറയുന്നത് ജലീലിന്റെ പുതിയ പുസ്തക പ്രകാശനമാണ്.
പ്രസ്താവനയില്‍, ജലീലിനെതിരേ ഉയര്‍ന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കേസില്‍ ഉള്‍പ്പെട്ട, യുഎഇ കോണ്സലേറ്റുവഴിയുള്ള സ്വര്‍ണക്കടത്തില്‍ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ കേസില്‍ എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ത്തിട്ടില്ല, എന്നാല്‍ കുറ്റവിമുക്തനാക്കിയിട്ടുമില്ല. നടപടികള്‍ കോടതിയിലാണ്. ആ കേസില്‍ ജലീലിനെ സഹായിക്കാഞ്ഞവരേയും അദ്ദേഹത്തോട് മതവിശ്വാസിയെന്ന പരഗണനയില്‍ മുസ്ലിം സമുദായം നിലപാടെടുക്കാഞ്ഞതിനേയും വിമര്‍ശിക്കുന്നുണ്ട്. കോടതിയേയും നിയമ- നിര്‍വഹണ സംവിധാനങ്ങളേയും പരോക്ഷമായി വിമര്‍ശിക്കുന്നതും വിലകുറയ്ക്കുന്നതും നിരോധിക്കപ്പെട്ട ‘സിമി’യുടെ വിശ്വാസ- പ്രവര്‍ത്തന സംഹിതയാണ്.
മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്ന ജലീല്‍ പ്രസ്താവനയില്‍ ജമാ അത്തെ ഇസ്ലാമിലെ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. അത് അവര്‍ രാഷ്ട്രീയ പ്രസ്ഥാനമായതിനാലാണ്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്ന സിമിയുടെ മുന്‍ നേതാവിന് ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയ സംഘടന രൂപീകരിച്ചതിലാണ് എതിര്‍പ്പ്. അവര്‍ മത സംഘടനയെന്ന നിലയിലുള്ള ദൗത്യത്തില്‍നിന്ന് പിന്മാറി എന്നാണ് ദേശാഭിമാനി അഭിമുഖത്തിലെ വിമര്‍ശനം. മതരാഷ്ട്രമെന്ന സിമിയുടെ അതിതീവ്ര നിലപാട് ജമാ അത്തെ ഇസ്ലാമി മറക്കുന്നതിലെ അമര്‍ഷം പുറത്തുകൊണ്ടുവരുന്നതത് പഴയകാല ‘സിമി’ ചിന്തതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: