ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും, കുടുംബത്തിനും, പാര്‍ട്ടിക്കും എതിരെ നിരന്തരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി. വി. അന്‍വറിനുള്ള പിന്തുണ പിന്‍വലിക്കാതെ സിപിഎം എംഎല്‍എ.
കായംകുളം എംഎല്‍എയായ യു. പ്രതിഭയാണ് അന്‍വറിന് സമൂഹമാധ്യമത്തില്‍ പിന്തുണ അറിയിച്ച പോസ്റ്റ് പിന്‍വലിക്കാത്തത്. കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് യു പ്രതിഭ ഹൃദയപക്ഷം എന്ന ഫെയ്‌സ്ബുക്ക് ഐഡിയില്‍ ‘പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ നെക്‌സസിന് നേര്‍ക്കുനേര്‍ ആണ് സപ്പോര്‍ട്ട്’ എന്ന കുറിപ്പിട്ടത്.
പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണത്തില്‍ താന്‍ എന്തുകൊണ്ട് അന്‍വറിനെ പിന്തുണയ്‌ക്കുന്നു എന്നും പ്രതിഭ വ്യക്തമാക്കിയിരുന്നു. അതിനുശേഷം പിണറായി വിജയനുമായി മാത്രമല്ല, സിപിഎമ്മുമായി അന്‍വര്‍ നേര്‍ക്കുനേര്‍ യുദ്ധമാണ് നടത്തി വരുന്നത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് നിരന്തരം സമ്മേളനം നടത്തുകയും പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. അന്‍വറിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും മറുപടി പറയാന്‍ മുഖ്യമന്ത്രിയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇന്നലെ വരെ യു. പ്രതിഭ എംഎല്‍എ, അന്‍വറിനെ പിന്തുണച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയാറായിട്ടില്ല.
നിലവില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് എം. വി. ഗോവിന്ദനും, കേന്ദ്രകമ്മിറ്റിയംഗം എ. കെ. ബാലനും, ഡിവൈഎഫ്‌ഐ നേതാക്കളും, പ്രസ് സെക്രട്ടറിയും ഒക്കെയാണ് അന്‍വറിനോട് പരസ്യമായി ഏറ്റുമുട്ടാന്‍ തയാറായിട്ടുള്ളത്. എന്നാല്‍ ജി. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാകട്ടെ അന്‍വറിനെ വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെയാണ് ഇതിന്റെ ഉത്തരവാദികളെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് അന്‍വറിന്റെ നിലപാടുകള്‍ക്ക് വ്യാപക പിന്തുണ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്.
നിയമസഭയില്‍ അന്‍വറിന് പ്രതിപക്ഷത്തിനൊപ്പമാണ് സ്ഥാനം നല്കിയിട്ടുള്ളത്. അന്‍വറിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന എംഎല്‍എ ഭരണപക്ഷത്തുമുണ്ടെന്ന സ്ഥിതിവിശേഷമാണുള്ളത്. കായംകുളം ഏരിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ ഉള്‍പ്പടെ കടുത്ത വിഭാഗീയതയാണ് അനുഭവപ്പെട്ടത്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ വ്യാപകമായി ലഘുലേഖകളും പ്രചരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ തന്നെ ഏറ്റവും ശക്തമായി വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് കായംകുളം. ഇവിടുത്തെ എംഎല്‍എ പോലും അന്‍വറിനെ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതും ഔദ്യോഗിക പക്ഷത്ത് ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: