കെ കെ വാമനന്
ആര്‍എസ്എസ് എന്ന ചുരുക്കപ്പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അടുത്ത വര്‍ഷം(2025) അതിന്റെ ശതാബ്ദിയിലെത്തുകയാണ്. 1925ലെ വിജയദശമി ദിനത്തില്‍ മഹാരാഷ്ട്രയിലെ നാഗപ്പൂരില്‍ ആണ് അതിന്റെ ശുഭാരംഭം കുറിച്ചത്. ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗവാര്‍ എന്ന ആജന്മദേശസ്നേഹി ആണ് അതിന് തുടക്കമിട്ടതും ആമരണം അതിനെ പരിപോഷിപ്പിച്ചതും.
ആ കാലഘട്ടത്തില്‍ തികച്ചും വൈദേശികമായ ബ്രിട്ടീഷ് അധിനിവേശത്തിനും ഭരണത്തിനുമെതിരായി ബഹുജനരോഷം ആസേതുഹിമാചലം ആളിപ്പടരുകയായിരുന്നു. വിപ്ലവപ്രസ്ഥാനത്തിലൂടെ ഒളിയുദ്ധവും രാജനൈതികമായ ബഹുജനപ്രക്ഷോഭങ്ങളിലൂടെ തെളിയുദ്ധവും കൊടുമ്പിരിക്കൊണ്ടിരുന്ന സംഘര്‍ഷഭരിതമായ കാലം.
ബ്രിട്ടീഷ് ആധിപത്യത്തെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ നടന്നിരുന്ന ഈ രണ്ടു തരം നീക്കങ്ങളുടെയും മുന്‍നിരയില്‍ തന്നെ നിലക്കൊണ്ടിരുന്ന സംഘസ്ഥാപകന് അന്നത്തെ രാജനൈതികവും സമൂഹപരിഷ്കരണപരവും സാംസ്കാരികവും ആയ വിവിധപ്രസ്ഥാനങ്ങളുടെ അമരത്ത് നിലക്കൊണ്ടിരുന്ന നേതാക്കളെ സ്വാധീനിച്ച ചിന്താധാരകളെയും അവര്‍ പ്രയോഗത്തില്‍ വരുത്തിയ പ്രവര്ത്തനശൈലികളേയും പഠിക്കുകയും അവയുടെ പരിമിതികളെ അനുഭവത്തിലൂടെ മനസിലാക്കി ഒന്നു മാറിച്ചിന്തിച്ചതിന്റെ പരിണതഫലമാണ് സംഘപ്പിറവി.
സംഘം ഇതിനകം ഒരു കോടിയിലധികം യുവാക്കള്‍ക്ക് ദേശസ്നേഹത്തിന്റെ പ്രായോഗികപാഠങ്ങളേകി. ഒരു ദിവസത്തിന്റെ ഏതു സമയത്തും സംഘകാര്യത്തില്‍ മുഴുകിയ അന്‍പതു ലക്ഷം പ്രവര്‍ത്തകരെ ഭാരതമാസകലം കാണാവുന്ന തരത്തില്‍ കാര്യക്ഷമമായ പ്രവര്ത്തകശൃംഖലയെ തയാറാക്കി. അറുപതിനായിരത്തിലധികം ഇടങ്ങളില്‍ പ്രവര്‍ത്തനം എത്തിച്ചു. ഭാരതത്തിനു വെളിയിലുള്ള നാല്പതോളം രാജ്യങ്ങളിലെ ഭാരതീയരുടെ ഇടയില്‍ ആയിരത്തിനാനൂറ് കേന്ദ്രങ്ങളില്‍ ആയി അതിന്റെ സജീവമായ പ്രവര്‍ത്തനം ഉണ്ട്. ലോകമെമ്പാടുമായി രണ്ടു ലക്ഷത്തിലധികം തരത്തിലുള്ള സേവാപ്രവര്‍ത്തനങ്ങള്‍ അതിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഈ സ്ഥിതിവിവരക്കണക്ക് (Statistics) കഴിഞ്ഞ വര്‍ഷം സംഘത്തിന്റെ അഖിലഭാരതീയസമ്പര്ക്കവിഭാഗം അംഗം വി. രവികുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രസ്താവിച്ചതാണ്. സംഘത്തിന്റെ Join RSS പരിപാടി വഴി ഒരു ലക്ഷത്തിലധികം യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി ഈ അടുത്തിടെ സംഘടനയുടെ ഔദ്യോഗികവക്താവ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. അതായത് സംഘം അനുദിനം വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു എന്നര്‍ത്ഥം.
സംഘം തുടങ്ങിയ കാലഘട്ടത്തില്‍ സമകാലികമായി ഭാരതമെമ്പാടും പ്രവര്‍ത്തിച്ചുപോന്ന നിരവധി സംഘടനകളുമായി താരതമ്യം ചെയ്താല്‍ നമുക്ക് ഓര്‍മ്മ വരിക കുട്ടിക്കാലത്ത് നാം പഠിച്ച ആമയുടെയും മുയലിന്റെയും ഓട്ടപ്പന്തയത്തിന്റെ കഥയാണ്. പല തരം പ്രതിസന്ധികളേയും അതിജീവിച്ച് കൊണ്ടുള്ള ഈ വളര്‍ച്ചയുടെ, പ്രവര്‍ത്തനവിജയത്തിന്റെ രഹസ്യം എന്താണ്?
ഇക്കാര്യത്തില്‍ സംഘത്തിന്റെ രണ്ടു സവിശേഷതകളാണ് ചൂണ്ടിക്കാണിക്കുവാന്‍ ഉള്ളത്. ഒന്ന് സംഘത്തിന്റെ കിടയറ്റ കാര്യപദ്ധതി. സംഘസ്ഥാപകന്റെ കാലത്തു തന്നെ പരീക്ഷണ, നിരീക്ഷണ, പരിഷ്കരണങ്ങളിലൂടെ കറ തീര്‍ത്തെടുത്തതാണ്, സ്ഫുടം ചെയ്തെടുത്തതാണ് പ്രവര്‍ത്തനത്തിന്റെ ഈ രീതിശാസ്ത്രം (Methodology). ഇതിന്റെ നാനാവശങ്ങളെ കേസരി അമൃതശതം പരിപാടി (2024) യില്‍ സംഘത്തിന്റെ ഇപ്പോഴത്തെ അമരക്കാരനായ മോഹന്‍ജി ഭാഗവത് സ്പഷ്ടമാക്കിയതാണ്.
രണ്ടാമത്തേത് അതിന്റെ അനുപമമായ ദര്‍ശനം ആണ്. ഈ സംഘദര്‍ശനത്തെ സംഘസ്ഥാപകന് സൂത്രരൂപത്തില്‍ അവതരിപ്പിച്ചു. അതിന് വ്യക്തമായ ഒരു ആധ്യാത്മിക അടിത്തറ പാകിയത് ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍ജിക്കു ശേഷം രണ്ടാമത്തെ സര്‍സംഘചാലകനായി ചുമതലയേറ്റ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി ആണ്. ഇദ്ദേഹം ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായ അഖണ്ഡാനന്ദസ്വാമികളുടെ ശിഷ്യനാണ്. തുടര്‍ന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, ദത്തോപന്ത് ഠേംഗ്ഡിജി എന്നിവര്‍ അതിന്റെ നാനാവശങ്ങളെ കൂടുതല്‍ സ്പഷ്ടമാക്കി.
സംഘസ്ഥാപനത്തിന്റെ കാലഘട്ടത്തില്‍ ഹിന്ദുത്വം അഥവാ ഹൈന്ദവതയ്ക്ക് പല തരത്തിലുള്ള നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും പല പ്രമുഖരും നല്കിവന്നിരുന്നു. ലോകമാന്യ ബാലഗംഗാധര തിലകന് ഹിന്ദുധര്‍മ്മത്തെ ഇങ്ങനെ നി
ര്വചിച്ചു- ”പ്രാമാണ്യബുദ്ധിര്വേദേഷു സാധനാനാം അനേകതാ. ഉപാസ്യാനാമനിയമഃ ഏതദ്ധര്മ്മസ്യ ലക്ഷണം”. വീരസവര്‍ക്കറുടെ ഹിന്ദുത്വനിര്‍വചനം ഇതാണ്- ”ആസിന്ധുസിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ, പിതൃഭൂഃ പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരിതി സ്മൃതഃ”. ചന്ദ്രനാഥ് ബസുവും അതിനു ശേഷം വിനായക ദാമോദര സവര്‍ക്കറും ഹിന്ദുത്വത്തെ വിശദമാക്കുന്ന പുസ്തകങ്ങള്‍ രചിച്ചു. എന്നാല്‍ ഡോക്ടര്‍ജിയുടെ സമീപനം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.
പ്രാചീനകാലം മുതല്ക്കുള്ള നമ്മുടെ ചരിത്രം, ഹിന്ദുസമൂഹത്തിന്റെയും ആധ്യാത്മികതയുടേയും അനന്തവൈവിധ്യവും പ്രത്യേകഘടനയും ഇവിടുത്തെ സവിശേഷമായ ആധ്യാത്മികപാരമ്പര്യം, ഭാരതത്തിന്റെ വിശ്വദൗത്യം, ഇവയ്ക്കെല്ലാം ആധാരമായ ആസേതുഹിമാചലപര്യന്തയായ ഭാരതഭൂമി എന്നിവയെ എല്ലാം സമഞ്ജസമായി ഉള്‍ക്കൊള്ളുന്ന അതായത് ഭാരതീയതയെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്ന അപൂര്‍വവും യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതവും ആയ ഒരു ദര്‍ശനം ആണ് ഡോക്ടര്‍ജി മുന്നോട്ടു വെച്ചത്.
പ്രാചീനശിലായുഗം മുതല്‍ ആധുനികകാലം വരെ നൈരന്തര്യം പുലര്‍ത്തുന്ന ചരിത്രമാണ് നമുക്കുള്ളത് എന്ന് പുരാവസ്തുശാസ്ത്രം (Archaeology) ഇന്ന് തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു. ശിലായുഗം മുതല്ക്കു തന്നെ ഈ വിശാലദേശത്തിന്റെ വിദൂരകോണുകളില് കഴിഞ്ഞുപോന്ന നമ്മുടെ പൂര്‍വികര്‍ ഒരു സമൂഹം എന്ന നിലയ്ക്കുള്ള പാരസ്പര്യം പുലര്‍ത്തി തുടങ്ങിയിരുന്നതായും ആചാരാനുഷ്ഠാനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നതായും പുരാവസ്തുശാസ്ത്രം വ്യക്തമാക്കുന്നു.
ഹിന്ദുസമൂഹത്തിന്റെയും ആധ്യാത്മികതയുടേയും അനന്തവൈവിധ്യത്തെയും പ്രത്യേകഘടനയേയും കുറിച്ചുള്ള സംഘത്തിന്റെ കാഴ്ച്ചപ്പാടിനെ ശ്രീഗുരുജി ഇപ്രകാരം വ്യക്തമാക്കുന്നു-
പരിണാമലക്ഷണം: നമ്മുടെ ഹിന്ദുജീവിതത്തിനു നേരെ ഒന്നു നോക്കുക. നമ്മുടെ അനേകതരം വിശ്വാസങ്ങളും ആരാധനാരീതികളും ജാതിയും ഭാഷയും ആചാരങ്ങളും സമ്പ്രദായങ്ങളുമൊക്കെ ആളുകള്‍ പ്രത്യേകിച്ചു പുറമേ ഉള്ളവര്‍, കാണുമ്പോള്‍ അതിശയപൂര്‍വം ചോദിക്കും: ‘ഈ വിധത്തില്‍ എല്ലാം വൈവിധ്യമാര്‍ന്ന ഘടകങ്ങളും സ്വരച്ചേര്‍ച്ചയില്ലായ്മയും ചേര്‍ന്ന ഇതിനെ ഒരൊറ്റ സമാജം എന്നു നിങ്ങള്‍ക്കെങ്ങിനെ വിളിക്കാന്‍ കഴിയും? നിങ്ങള്‍ ഹിന്ദു എന്നു വിളിക്കുന്ന ഒരൊറ്റ ജീവിതരീതി എവിടെയാണ് ഉള്ളത്?’
ഹിന്ദുജീവിതരീതിയെ സംബന്ധിച്ച ഉപരിപ്ലവമായ കാഴ്ച്ചപ്പാടില്‍ നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത്. ഉദാഹരണമായി ശാഖകള്‍, ഇലകള്‍, പുഷ്പങ്ങള്‍, കായകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഭാഗങ്ങള്‍ നിറഞ്ഞതായി വൃക്ഷം കാണപ്പെടുന്നു. തടിയും ശാഖകളും ഇലകളും തമ്മില്‍ തീര്‍ത്തും വ്യത്യാസമുണ്ട്. എന്നാല്‍ ഈ പുറമേ കാണുന്ന വൈവിധ്യങ്ങളെല്ലാം ഒരേ വൃക്ഷത്തിന്റെ ഭിന്നരൂപങ്ങളാണ്. അതിലുടനീളം ഒഴുകുകയും അതിനെ ഒട്ടാകെ വളര്‍ത്തുകയും ചെയ്യുന്നത് ഒരേ ജീവനരസമാണ്. അപ്രകാരം തന്നെ ആണ്, യുഗയുഗങ്ങളായി ആവിഷ്കൃതമായ നമ്മുടെ സമാജജീവിതത്തിലെ വൈവിധ്യവും. അവിടെ ഇലയും പൂക്കളും വൃക്ഷത്തിലെന്ന പോലെ തന്നെ ശൈഥില്യത്തിന്റെയോ ഭിന്നിപ്പിന്റെയോ ഉറവിടമല്ല. സ്വാഭാവികമായ ഇത്തരം പരിണാമം നമ്മുടെ സമാജ ജീവിതത്തിന്റെ സവിശേഷതയാണ്.
യഥാര്‍ത്ഥത്തില്‍ പ്രകൃതിയില്‍ത്തന്നെ ജീവപരിണാമം ഇതേ മാതൃക ആണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ജീവന് അതിന്റെ പ്രാകൃതദശയില്‍ ആകാരരഹിതമായ അമീബയുടെ അവസ്ഥയില്‍ ആയിരുന്നു. ഒരേയൊരു കോശം (CELL) മാത്രമുള്ള പൂര്‍ണ്ണമായ ഒന്നായിരുന്നു അത്. അതിനെ ഒരുപോലുള്ള രണ്ടെണ്ണമായി വിഭജിക്കാം. പ്രോട്ടോപ്ലാസത്തിന്റെ ആദ്യാവസ്ഥയിലുള്ള ഇതു പരിണാമത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലാണ്. ക്രമേണ പരിണാമപ്രക്രിയ മുന്നോട്ടു നീങ്ങിയപ്പോള്‍ വര്‍ധിച്ചുവരുന്ന വിവിധധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ വ്യത്യസ്ത അവയവങ്ങളോടുകൂടിയ വിവിധ ജീവിവര്‍ഗങ്ങള്‍ ഉളവായി. ഒടുവില്‍ പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ടെങ്കിലും പൊതുജീവിതപ്രവാഹത്തില് പരസ്പരം ബന്ധപ്പെട്ട എണ്ണമറ്റ അവയവങ്ങളോടുകൂടിയ ഏറ്റവും സങ്കീര്ണയന്ത്രമായ മനുഷ്യശരീരം രൂപം കൊണ്ടു. ഭൂമിയില്‍ ജീവന്റെ പരിണാമപ്രക്രിയയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാണത്. പല തരം അവയവങ്ങളോ വൈവിധ്യങ്ങളോ ഒരിക്കലും അപക്വതയെയോ വൈജാത്യങ്ങളെയോ അല്ല, ഏറ്റവും ഔന്നത്യമാര്‍ന്ന പരിണാമദശയെയാണു കുറിക്കുന്നതെന്നാണ് അതില്‍ നിന്നു നമുക്കു കാണാവുന്നത്. അവയവങ്ങളെല്ലാം കാഴ്ച്ചയില്‍ വ്യത്യസ്തങ്ങളാണെങ്കിലും ശരീരത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും അങ്ങനെ അതിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുകയും ചെയ്യുന്നു.
അനുപമമായ ചിത്രം: ഇപ്രകാരം തന്നെയാണു സമാജത്തിന്റെ വിഷയത്തിലും. വളര്‍ന്നു വികാസം പൂണ്ട സമാജം അതിന്റെ പലതരം കൃത്യങ്ങള്‍ ശരിയാംവിധം നിറവേറ്റുന്നതിനായി വിവിധതരം പ്രവര്ത്തകസമൂഹങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നു. ശരീരത്തിലെ അസംഖ്യം ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബുദ്ധി നിയന്ത്രിക്കുന്നതുപോലെ നമ്മുടെ പഴയ സമാജക്രമം ഒരോ സമൂഹത്തിനും പ്രത്യേകം പ്രത്യേകം കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കുകയും ഒരോ വ്യക്തിയേയും സമൂഹത്തേയും അവരവരുടെ സ്വാഭാവികമായ വികാസഗതിക്കനുസൃതമായി നയിക്കുകയും ചെയ്തു. സമാജമാകുന്ന വിരാട്പുരുഷനെ ഏറ്റവും മികച്ച രീതിയില്‍ സേവിക്കുക എന്ന കൃത്യനിര്‍വഹണത്തിലൂടെ വ്യക്തിയുടെ പരമോന്നതവികാസത്തിന് സാധ്യത ഉണ്ടാക്കി. വളരെയേറെ സങ്കീര്‍ണവും സുസംഘടിതവുമായ ഇത്തരം സമാജഘടനയായിരുന്നു പ്രായോഗികാദര്ശമായി നാം ആവിഷ്ക്കരിച്ചതും ജീവിതത്തില്‍ സാക്ഷാത്കരിക്കാന്‍ പരിശ്രമിച്ചതും. ഈ അവസ്ഥ ദൂരെ നിന്നു വീക്ഷിക്കുമ്പോള്‍ അമ്പരപ്പിക്കുന്ന വൈവിധ്യമായി തോന്നിയേക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ഉന്നതമായ വികാസാവസ്ഥയെ ആണ് ഇതു കുറിക്കുന്നത്.
എന്നാല്‍ വൈദേശിക ‘ഇസ’ ങ്ങളുടെ മാധ്യമത്തില്ക്കൂടിയും ‘സമത്വം’ തുടങ്ങിയ അവരുടെ ശബ്ദായമാനമായ മുദ്രാവാക്യങ്ങളില്ക്കൂടിയും വസ്തുതകളെ നോക്കിക്കാണുന്നതില്‍ പരിചയിച്ച ഇന്നത്തെ നമ്മുടെ മനസ്സ് ഈ അനുപമവിശേഷം ഗ്രഹിക്കുന്നതില്‍ പരാജയപ്പെട്ടു. നമ്മുടെ ജീവിതത്തിലെ എല്ലാത്തരം വൈവിധ്യങ്ങളും ഭിന്നിപ്പുകളുടെ ഉറവിടങ്ങളാണെന്നും അതിനാല്‍ അവയെ നിശ്ശേഷം തുടച്ചുനീക്കി ‘വര്‍ഗരഹിത’ സമൂഹം ആക്കിത്തീര്‍ക്കണം എന്നും അവര്‍ മുറവിളി കൂട്ടുന്നു. ശരീരത്തിലെ വിവിധ അവയവങ്ങളും ഇന്ദ്രിയങ്ങളും വിഭിന്നങ്ങളായിത്തോന്നുകയും വിഭിന്ന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ടെന്നതു കൊണ്ടു മാത്രം അവയെ വ്യത്യസ്ത ‘വര്‍ഗ’ ങ്ങളായി കാണുകയും അവയെ നീക്കം ചെയ്തു ശരീരത്തെ ‘വര്‍ഗരഹിത’വസ്തുവായിത്തീര്ക്കുകയും ചെയ്യേണമോ? നാം അങ്ങനെ ചെയ്യുന്നപക്ഷം അത് ഉത്ക്രാന്തി ആകുമോ? അതോ കൊലപാതകമോ?
നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ആധ്യാത്മികവും ഭൗതികവും ആയ എല്ലാ മണ്ഡലങ്ങളിലും ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഈ അപൂര്വസവിശേഷത പ്രകടമായി കാണാം. എല്ലാ വശങ്ങളിലും നാനാവര്‍ണങ്ങളിലുള്ള ചില്ലുകള്‍ കൊണ്ടു മൂടിയ പ്രകാശദീപം പോലെയാണത്. ഉള്ളിലുള്ള വെളിച്ചം ഏതു കോണില്‍ നിന്നാണോ നോക്കുന്നത് അതിനനുസരിച്ചുള്ള നിറം കൈക്കൊള്ളുന്നു. നമ്മുടേത് ഒരൊറ്റ സമാജമോ രാഷ്ട്രമോ അല്ലെന്നും ‘വിവിധരാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള രാജ്യം’ ആണെന്നും പലരെക്കൊണ്ടും പറയിച്ചത് അത്ഭുതകരമായ ഈ ആവിഷ്ക്കാരവൈവിധ്യം ആണ്.
നമ്മുടെ സമാജജീവിതത്തെ സംബന്ധിച്ച ശരിയായ ഈ വിലയിരുത്തലില്‍ നിന്നു തുടങ്ങുന്ന പക്ഷം അതില്‍ ഇന്നു കാണുന്ന രോഗങ്ങളെ നമുക്ക് അപഗ്രഥിക്കാനും അവയുടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിയും.
‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’: നമ്മുടെ ധര്‍മ്മത്തിന്റെ കര്‍ക്കശമല്ലാത്ത (Elastic) ചട്ടക്കൂട്ടില്‍ ശൈവന്മാര്, വൈഷ്ണവന്മാര്, ശാക്തന്മാര്, വൈദികന്മാര്, ബൗദ്ധന്മാര്, ജൈനന്മാര്, സിഖുകാര്‍, ലിംഗായതന്മാര്‍, ആര്യസമാജക്കാര്‍ എന്നിപ്രകാരം മതവിശ്വാസങ്ങളുടെയും ഉപവിശ്വാസങ്ങളുടെയും അമ്പരപ്പിക്കുന്ന വൈവിധ്യം ആണു പുറമേ നിന്നുള്ള ഒരാളുടെ ദൃഷ്ടിയില് ആദ്യം പെടുന്ന സവിശേഷത. ഈ ഉപാസനാരീതികളുടെയെല്ലാം ആചാര്യന്മാരും പ്രണേതാക്കളും അവ ആളുകളുടെ പലപടിയിലുള്ള മനോനിലവാരത്തിനനുസരിച്ചു സ്ഥാപിച്ചതാണെങ്കിലും അന്തിമമായ അപഗ്രഥനമനുസരിച്ച് നോക്കുമ്പോള്‍ ബ്രഹ്മം, ആത്മാവ്, ശിവന്, വിഷ്ണു, ഈശ്വരന് എന്നൊക്കെ മാത്രമല്ല ശൂന്യം, മഹാശൂന്യം
എന്നീ പേരുകള്‍ കൊണ്ടെല്ലാം വിളിക്കുന്ന അന്തിമസത്യത്തിന്റെ സാക്ഷാത്കാരം ആണു ലക്ഷ്യമാക്കിയിരുന്നത്. താഴെക്കൊടുക്കുന്ന ശ്ലോകം വിവിധ ആരാധനകളേയും ദര്‍ശനങ്ങളേയും ഹിന്ദുത്വത്തിന്റെ പിടിക്കുള്ളില്‍ എങ്ങനെ സമഞ്ജസമായി സംയോജിപ്പിക്കുന്നു എന്നു നോക്കുക: ‘യം ശൈവാഃ സമുപാസതേ ശിവ ഇതി ബ്രഹ്മേതി വേദാന്തിനോ. ബൗദ്ധാ ബുദ്ധ ഇതി പ്രമാണപടവഃ കര്‍ത്തേതി നൈയ്യായികാഃ അര്ഹന്നിത്യത ജൈനശാസനരതാഃ കര്‍മ്മേതി മീമാംസകാഃ സോയം വോ വിദധാതു വാഞ്ഛിതഫലം ത്രൈലോക്യനാഥോ ഹരിഃ (രാമഭക്തഹനുമാന്, ഹനുമന്നാടകം അങ്കം 1 : 3). (ശൈവന്മാര് ശിവനായും വേദാന്തികള്‍ ബ്രഹ്മമായും ബൗദ്ധന്മാര് ബുദ്ധനായും നൈയ്യായികന്മാര്‍ കര്‍ത്താവായും ജൈനന്മാര് അര്ഹനായും മീമാംസകന്മാര് കര്‍മ്മമായും ആരാധിക്കുന്ന ത്രൈലോക്യനാഥനായ ഹരി നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറ്റട്ടെ).
സന്ത് തുളസീദാസന്റെ ജീവിതത്തില്‍ അര്‍ത്ഥവത്തായ ഒരു കഥയുണ്ട്. ഒരിടത്തെ ആളുകള്‍ അദ്ദേഹത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഏകാഗ്രമായ ഭക്തി രാമനോടു മാത്രമാണെന്നറിഞ്ഞുകൊണ്ടാണ് അതു ചെയ്തത്. ചാഞ്ചല്യലേശം കൂടാതെ വിഗ്രഹത്തിനു മുന്നില്‍ ആ പുണ്യപുരുഷന് നിന്നു. എന്നിട്ടദ്ദേഹം ശ്രീകൃഷ്ണനോടു പ്രാര്‍ത്ഥിച്ചു: ‘കാ ഹൈ വരണൗ ഛവി ആപ് കീ ഭലേ വിരാജത് നാഥ്. തുളസീ മസ്തക് തബ് നവൈ ധനുഷ് ബാണ് ലേഊ ഹാഥ് ‘ (പ്രകാശമാനങ്ങളായ അവിടുത്തെ അവയവങ്ങളെ ഞാനെങ്ങനെ വിവരിക്കുവാനാണ്? വാസ്തവത്തില്‍ അങ്ങു സര്വാലങ്കാരഭൂഷിതനാണ്. അങ്ങനെ ആണെങ്കിലും അങ്ങു കൈകളില്‍ വില്ലുമമ്പും ധരിച്ചാല്‍ മാത്രമേ തുളസി ശിരസു കുനിക്കുകയുള്ളൂ). ശ്രീകൃഷ്ണവിഗ്രഹം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കോദണ്ഡധാരി ശ്രീരാമന്റെ രൂപമായി മാറിയെന്നാണു കഥ.
ഓരോരുവനും തന്റേതായ ആധ്യാത്മികഘടനയ്ക്കു യോജിച്ച തരത്തിലുള്ള ആധ്യാത്മികാഹാരം തെരഞ്ഞെടുക്കാനുള്ള വ്യക്തിപരമായ ആരാധനാസ്വാതന്ത്ര്യം ആണിത്.
എന്നാല്‍ ആരാധനാമാര്ഗത്തിലുള്ള ഈ വൈവിധ്യം സൂചിപ്പിക്കുന്നതു സമാജത്തിലെ ഭിന്നിപ്പിനെ അല്ല. സമാജത്തെ ഒരുമിച്ചു നിറുത്തുന്ന പൊതുധര്‍മ്മത്തിന്റെ അവിഭാജ്യാംഗങ്ങളാണെല്ലാം. ഒരേ ജീവിതദര്‍ശനം, ഒരേ ലക്ഷ്യം, പു
റമേ കാണുന്ന സ്ഥൂലമായ ഭൗതികവസ്തുക്കളുടെ മേല്‍ അന്തരാത്മാവിന്റെ പരമോന്നതാധികാരത്തിലും പുനര്‍ജന്മത്തിലും ഉള്ള ഒരേ വിശ്വാസം, ബ്രഹ്മചര്യം, സത്യം തുടങ്ങിയ ഗുണങ്ങളുടെ നേരേയുള്ള ഒരേ ആദരഭാവം, ഒരേ പുണ്യസംസ്കാരങ്ങള്- ചുരുക്കത്തില്‍ ഒരേ ജീവരക്തമാണു നമ്മുടെ സമാജത്തിന്റെ അവയവങ്ങളില്‍ കൂടിയെല്ലാം ഒഴുകിയിരുന്നത്. അദ്വൈതം പ്രതിപാദിച്ച ശ്രീശങ്കരാചാര്യര്‍ ആയിരുന്നു സാധാരണക്കാരനു പഞ്ചായതനപൂജ- സൂര്യന്, ശക്തി, വിഷ്ണു, ഗണപതി, ശിവന് എന്നീ അഞ്ചു ദേവതകളെ പൂജിക്കുക- നിര്‍ദ്ദേശിച്ചത്. ഈശ്വരസാക്ഷാത്കാരത്തിനുള്ള വിവിധമാര്‍ഗങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്നതിന്റെ എന്തൊരു ഉജ്വലമാതൃക ! ആരാധനാസമ്പ്രദായത്തിലുള്ള വൈവിധ്യം നമ്മുടെ ആളുകളുടെ ഇടയില്‍ രക്തച്ചൊരിച്ചിലിനോ അവിശുദ്ധസംഘട്ടനത്തിനോ ഇടയാക്കിയിട്ടില്ല. പണ്ടുകാലത്തു തന്റെ സിദ്ധാന്തം സ്ഥാപിക്കാനോ മറ്റുള്ളവരുടേതു തെറ്റാണെന്നു തെളിയിക്കാനോ ശ്രമിക്കുമ്പോള്‍ പോലും ആരും തലതല്ലിക്കീറിയിട്ടില്ല. ആഴമേറിയ ഈ ആന്തരികഐക്യധാര ശിവമഹിമ്നസ്തോത്രത്തില് മനോഹരമായി വര്‍ണിച്ചിട്ടുണ്ട്. ‘ത്രയീ സാംഖ്യം യോഗഃ പശുപതിമതം വൈഷ്ണവമിതി. പ്രഭിന്നേ പ്രസ്ഥാനേ പരമിദമദഃ പഥ്യമിതി ച. രുചീനാം വൈചിത്ര്യാദൃജുകുടിലനാനാപഥജുഷാം. നൃണാമേകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ ‘
(ശിവമഹിമ്നസ്തോത്രം-7). (വേദങ്ങള്‍, സാംഖ്യം, യോഗം, ശൈവ-വൈഷ്ണവവിശ്വാസങ്ങള്, തുടങ്ങിയ വിവിധമാര്‍ഗങ്ങളില്‍ ഇതാണു മികച്ചത്, അതാണു പത്ഥ്യം എന്നൊക്കെ വിചാരിച്ചു തങ്ങളുടെ ഭിന്നരുചിക്കനുസരിച്ച് ഋജുവും വക്രവും ആയ വിവിധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഏകമായ പ്രാപ്യം എല്ലാ ജലധാരകള്‍ക്കും സമുദ്രം എന്നപോലെ, നീ തന്നെ ആണ്.)
പ്രാചീനവൈദികകാലം മുതല്‍ ഇന്നുവരെ നമ്മുടെ പാരമ്പര്യം ഇതായിരുന്നു. നമ്മുടെ ആധ്യാത്മികാചാര്യന്മാരെല്ലാം മതത്തിന്റെ അതുല്യവും സര്വഗ്രാഹിയുമായ ഈ വശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ‘എത്ര വീക്ഷണങ്ങള്‍ അത്രയും മാര്‍ഗങ്ങള്‍’ എന്നു ശ്രീരാമകൃഷ്ണപരമഹംസര്‍ പ്രസ്താവിച്ചിട്ടുണ്ട്. വ്യക്തികളുടെ അഭിരുചിയിലും പ്രാഗല്ഭ്യത്തിലുമുള്ള വൈവിധ്യത്തിനനുസരിച്ച് അത്രയും വൈവിധ്യമുള്ള വിശ്വാസങ്ങളും മതതത്വസംഹിതകളും ഉണ്ടാകാം.
പല തരത്തിലുള്ള ഈ ഉപാസനാസമ്പ്രദായങ്ങളുടെയും ദാര്ശനികവശങ്ങളുടെയും രൂപവത്ക്കരണം മറ്റൊരു വിധത്തിലും ഉപകാരപ്രദമായിത്തീര്‍ന്നു. നമ്മുടെ ജനങ്ങളുടെ അവിഭാജ്യത നിലനിര്‍ത്താനും കാത്തുരക്ഷിക്കാനും അവ സഹായിച്ചു. ഉദാഹരണമായി ശിഖസമ്പ്രദായം പഞ്ചാബില്‍ ഇസ്ലാമിന്റെ വ്യാപനത്തെ തടുത്തുനിറുത്താന്‍ രൂപമെടുത്തു. പിന്നീട് കാലത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദസിംഹന്‍ ശിഷ്യന്മാരെ ആയുധം ധരിപ്പിച്ചു ദേശീയവീരപുരുഷന്മാരുടെ സംഘമാക്കിത്തീര്ത്തു. പശ്ചിമ തീരത്തു ദയാപരനായ കര്‍ത്താവിന്റെ പേരില്‍ നമ്മുടെ ആളുകളെ പ്രലോഭിപ്പിച്ചു തങ്ങളുടെ വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ ക്രൈസ്തവമിഷണറിമാര്‍ പരിശ്രമിച്ചു തുടങ്ങിയപ്പോള്‍ വൈദേശികവിഷത്തെ നിര്‍വീര്യമാക്കാന്‍ ധര്‍മ്മത്തിന്റെ ഭക്തിഭാവവുമായി ശ്രീമധ്വാചാര്യര് ഉയര്‍ന്നുവന്നു. ജനങ്ങളുടെ ഇടയില്‍ കടന്നുകൂടിയ ഉച്ചനീചവിചാരത്തെ ഉന്മൂലനം ചെയ്ത് അവരെ എല്ലാം ഈശ്വരവിശ്വാസത്തിന്റെ പൊതുവായ ബന്ധത്തില്‍ ഏകീകരിക്കുക എന്ന ഉദ്ദേശ്യത്താല്‍ പ്രേരിതങ്ങളായിരുന്നു രാമാനുജാചാര്യരുടേയും ബസവേശ്വരന്റെയും പരിശ്രമങ്ങള്‍. (ശ്രീഗുരുജിസാഹിത്യസര്വസ്വം, ഭാഗം 11, വിചാരസുധ, പുറം 105- 110)
നമ്മുടെ ആധ്യാത്മികപാരമ്പര്യത്തെ സംഘദൃഷ്ടിയില്‍ ഗുരുജി ഇപ്രകാരം വിശദമാക്കുന്നു- ആധുനികതയോ ദുര്ദശയോ: എല്ലാ ജീവികളുടെയും അടിസ്ഥാനപരമായ പ്രേരണ സുഖം തേടുക എന്നതാണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. മനുഷ്യനും അങ്ങിനെ തന്നെ. ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമല്ല ജീവിതകാലം മുഴുവനും തുടര്‍ച്ച ആയി സുഖം ആയിരിക്കാന്‍ അവന് ആഗ്രഹിക്കുന്നു. മറ്റു ജീവികളെപ്പോലെ ഇന്ദ്രിയങ്ങളിലൂടെ ആണ് മനുഷ്യനും ആ സുഖം തേടുന്നത്. ആദ്യമായി ശാരീരികവും മാനസികവും ആയ ആവശ്യങ്ങളും വിശപ്പുകളും ഉണ്ട്. ഈ വിശപ്പുകളെ അടക്കുന്നതില്‍ അവനു സുഖാനുഭൂതി ഉണ്ടാകുന്നു. ഈ പ്രക്രിയകള്‍ കുറച്ചു സമയത്തേക്ക് മനുഷ്യന് സൗഖ്യം നല്കുന്നു എന്നത് നിഷേധിക്കാനാവില്ല. പക്ഷേ ആ സുഖം താല്‍ക്കാലികം ആണെന്നതാണ് സത്യം. ശാരീരികസുഖഭോഗങ്ങളില് മുഴുകുന്തോറും ഈ വിശപ്പു കൂടിക്കൂടി വരിക ആണ് എന്നാണ് അനുഭവം പഠിപ്പിക്കുന്നത്. അവന് ഒരിക്കലും തൃപ്തി അടയുവാന്‍ കഴിയുന്നില്ല. ഇത്തരം ആഗ്രഹപൂര്‍ത്തിക്കായുള്ള ശ്രമങ്ങള്‍ വലുതാകുന്തോറും അസംതൃപ്തിയും വലുതായി വരുന്നു എന്നതാണ് വാസ്തവം.
ഭോഗവസ്തുക്കളെ കൂടുതല്‍ സമ്പാദിക്കുമ്പോള്‍ നിരാശയും കൂടുതലായി വരുന്നു. ഭോഗാനുഭൂതിയുടെ ആധിക്യത്തില്‍ നിന്നുളവാകുന്നത് അധികമായ മോഹഭംഗമത്രേ. ‘ന ജാതു കാമഃ കാമാനാം ഉപഭോഗേന ശാമ്യതി’ (മഹാഭാരതം, ആദിപര്‍വം, 75- 50). അതായത് ‘ഇന്ദ്രിയപരമായ ഭോഗങ്ങള്‍ കൊണ്ട് ആഗ്രഹങ്ങള്‍ ശമിക്കുന്നില്ല’ എന്ന് നമ്മുടെ ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നുണ്ട്. ശരീരം വാര്‍ധക്യത്തില്‍ എത്തി ജീര്ണിക്കുമ്പോഴും കാമവാസനകള്‍ അഥവാ ആഗ്രഹങ്ങള്‍ യുവാവസ്ഥയില്‍ത്തന്നെ നില്ക്കുന്നു. ഭര്‍ത്തൃഹരിയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്, ‘തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ’ (വൈരാഗ്യശതകം-7). ആധുനികമനുഷ്യന് ഇന്നു ചെന്നു പെട്ടിട്ടുള്ള വിഷമാവസ്ഥ ഇതു തന്നെ ആണ്.
പരിഹാരം അന്തരംഗത്തില്‍: ഇവിടെ പ്രശ്നത്തിന്റെ സ്ഥായി ആയ പരിഹാരത്തിന് ഹിന്ദു ദര്‍ശനങ്ങള്‍ മുന്നോട്ടുവരുന്നു. സുഖത്തിന്റെ യഥാര്‍ത്ഥ ഉറവിടം അകത്താണെന്നും പുറത്തല്ലെന്നും അതു പറയുന്നു. അല്പം ഉള്ളിലേക്കു കടക്കുകയാണെങ്കില്‍, ആത്മനിരീക്ഷണം നടത്തുകയാണെങ്കില്‍, ഇതു വെളിവാകും. സംഗീതരസത്തെ അനുഭവിച്ചാനന്ദിക്കുന്ന ഒരുവന്റെ ഉദാഹരണം എടുക്കുക. അപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളിന്റെ മരണവാര്‍ത്ത അറിയിക്കുന്ന കമ്പിസന്ദേശം അവനു കിട്ടിയാല്‍, ഉടന്‍ തന്നെ സംഗീതത്തിലുള്ള രസമെല്ലാം നഷ്ടപ്പെടുകയും അവന് അവിടെ നിന്നും പോകുകയും ചെയ്യുന്നു. സുഖം കൊടുക്കാനുള്ള ആത്യന്തികശക്തി സംഗീതത്തിന് ഉണ്ടായിരുന്നു എങ്കില്‍ അത് ആ മനുഷ്യന്റെ ദു:ഖത്തെ തരണം ചെയ്യാന്‍ സഹായിക്കുകയും അവന് സംഗീതത്തെ തുടര്‍ന്ന് ആസ്വദിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, മറിച്ചാണുണ്ടായത്. ഒരു നിമിഷം മുമ്പ് ആനന്ദാനുഭൂതിയുടെ കാരണം ആയിരുന്ന സംഗീതം ഇപ്പോള്‍ അവന് അരോചകം ആയിട്ടാണ് തോന്നുക.
സുഖം തരുന്നു എന്നു നാം വിചാരിക്കുന്ന ബാഹ്യവസ്തുക്കള്‍ വെറും ഉപകരണങ്ങളോ നിമിത്തങ്ങളോ മാത്രം ആണെന്നും സുഖത്തിന്റെ യഥാര്‍ത്ഥമായ ഉറവിടം ഉള്ളില്‍ ആണെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്. എന്നിട്ടും നാം ബാഹ്യവസ്തുക്കളുടെ പുറമേ പോകുന്നതു വിഭ്രമം കൊണ്ടു മാത്രം ആണ്. നായ ഉണങ്ങിയ എല്ലിന്‍കഷണം കടിക്കാനും ചവയ്ക്കാനും ശ്രമിക്കുന്നതു പോലെ ആണത്. സ്വല്പം കഴിയുമ്പോള്‍ ആ എല്ലിന്‍കഷണങ്ങള്‍ വായ മുറിപ്പെടുത്തുകയും ചോര വരികയും ചെയ്യുന്നു. ആ രക്തം നുണച്ചിറക്കുന്ന നായയ്ക്ക് സന്തോഷം എന്ന ഭ്രമം ഉണ്ടാകുന്നു. ഇങ്ങനെ ആണ് ബാഹ്യവസ്തുക്കള്‍ നമുക്ക് ആനന്ദം തരുന്നത്. അത്തരം ഭോഗങ്ങള്‍ നല്കുന്ന ആനന്ദം അല്പസമയത്തിനുള്ളില് അവസാനിക്കുകയും നമ്മെ സങ്കടത്തിലും മോഹഭംഗത്തിലും എത്തിക്കുകയും ആണു ചെയ്യുക.
ആനന്ദത്തിന്റെ രഹസ്യം: അവനവന്റെ ഉള്ളിലുള്ള ആനന്ദത്തിന്റെ ഉറവിടത്തിലേക്കു നാം എങ്ങനെ ചെന്നെത്തും? ഏതെങ്കിലും വിഷയത്തെ ആസ്വദിക്കുന്നതായി കരുതുന്ന അതേ നിമിഷത്തില്‍ ആ വിഷയം മനസില്‍ നിന്നു വിട്ടുപോയിട്ടുണ്ടാകും എന്നു സ്വല്പം ചിന്തിച്ചാല്‍ മനസിലാക്കാം. നമ്മുടെ ഉള്ളില്‍ത്തന്നെ സ്വതേ ഉള്ള ആനന്ദത്തെ ആണ്, അല്ലാതെ ആ ബാഹ്യവിഷയത്തില്‍ നിന്നു പ്രവഹിക്കുന്ന ഒന്നിനെ അല്ല നാം അനുഭവിക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം. അപ്പോള്‍ നിരന്തരമായ, നിത്യമായ ആനന്ദം അനുഭവിക്കണമെങ്കില്‍ ബാഹ്യവിഷയത്തിന്റെ സഹായം കൂടാതെ ആ നിലയില്‍ എത്താന്‍ നമുക്കു കഴിവ് ഉണ്ടാകണം എന്നാണ് ഇതില്‍ നിന്നുണ്ടാകുന്ന സ്പഷ്ടമായ നിഗമനം.
അപ്പോള്‍ ആ അവസ്ഥയില്‍ എത്താന്‍ മാര്‍ഗം എന്താണ്? അസ്വസ്ഥമായ മനസിന് ഒരിക്കലും സുഖം ഉണ്ടാകുകയില്ല എന്നുള്ളത് സാമാന്യഅനുഭവം മാത്രമാണ്. മനസ് ശാന്തവും സമാധാനപൂര്‍ണവും ആകുമ്പോള്‍ മാത്രമാണ് മനുഷ്യന് ആനന്ദം അനുഭവിക്കുന്നത്. അത്തരം നിശ്ചലവും പ്രശാന്തവും ആയ മാനസികനില പ്രാപിക്കാന്‍, വിവിധങ്ങളായ ആഗ്രഹങ്ങള്‍ നമ്മുടെ മനസില്‍ തല ഉയര്‍ത്തുക ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിത്തട്ടില്‍ കിടക്കുന്നത് എന്തെന്നു കാണാന്‍ നമുക്കു കഴിയുക ഇല്ലല്ലോ. നമ്മുടെ പ്രതിബിംബവും അതില്‍ കാണാന്‍ കഴിയുക ഇല്ല. ഓളങ്ങള്‍ അവസാനിക്കുകയും ജലം ശാന്തം ആവുകയും ചെയ്യുമ്പോള്‍ എല്ലാം തെളിഞ്ഞുവരുന്നു. അതേപോലെ മനസ് ശാന്തം ആകുമ്പോള്‍ മനുഷ്യന്റെ അന്തരംഗത്തിന്റെ ആഴത്തിലുള്ള യഥാര്ത്ഥവസ്തുവിനെപ്പറ്റി നമുക്കു ബോധം ഉണ്ടാകുന്നു. മനസ് പ്രക്ഷുബ്ധം ആകുമ്പോള്‍ ബോധം നമുക്കു നഷ്ടപ്പെടുന്നു. ആ യഥാര്ത്ഥവസ്തുവിനെപ്പറ്റിയുള്ള ബോധത്തില്‍ നിന്നുളവാകുന്ന ആനന്ദാനുഭൂതിയും അപ്പോള്‍ നഷ്ടപ്പെടുന്നു. മാനസികതരംഗങ്ങള് ശാന്തം ആകുന്നതോടെ ബാഹ്യം ആയ സുഖവിഷയത്തിന്റെ സഹായം കൂടാതെ തന്നെ ആനന്ദം അനുഭവിക്കാന്‍ നമുക്കു കഴിയും എന്നാണ് ഇതിനര്‍ത്ഥം.
പരമലക്ഷ്യം: യഥാര്‍ത്ഥമായ ആനന്ദം ബാഹ്യവിഷയങ്ങളില്‍ അല്ലെന്നും അവനവനില്‍ത്തന്നെ ആണെന്നും ഉള്ള സത്യം മനുഷ്യന് അനുഭൂതിയില്‍ വരുമ്പോഴാണ് അവന്റെ ദൃഷ്ടി അന്തര്മുഖം ആകുന്നത്. അപ്പോള്‍ വിഷയങ്ങളുടെ ആകര്‍ഷണം ക്രമേണ ഇല്ലാതാവുന്നു. അങ്ങനെ വിഷയങ്ങളിലുള്ള ആസക്തിയില്‍ നിന്നും പൂര്‍ണ്മമായും വിമുക്തനാകുമ്പോള്‍ മുക്തി എന്ന പരമാവസ്ഥയെ അവന് പ്രാപിക്കുന്നു. അങ്ങനെയുള്ള മനുഷ്യന് സുഖം തേടി ബാഹ്യലോകത്ത് അലയുകയില്ല. മനസിനെ പ്രക്ഷുബ്ധമാക്കുന്ന ഭൗതികാഭിലാഷങ്ങളില് ഒട്ടും തന്നെ ലാലസ അവനുണ്ടാകുകയില്ല. അവന് പൂര്ണസംതൃപ്തനും ശാന്തനും സ്വയം സമാധാനപൂ
ര്ണനും ആയിത്തീരും. അവനവനില്‍ത്തന്നെ സത്യവും നിത്യവും ആയ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടം അവന് കണ്ടെത്തിയിരിക്കുന്നു. ചിരസ്ഥായിയും അനന്തവും ആയ ആ ആനന്ദത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ വിഷയജന്യങ്ങളായ സുഖങ്ങള്‍ നിസാരമായിത്തോന്നും. മനു
ഷ്യന് ഉയരേണ്ടതും അവസാനമായി പ്രാപിക്കേണ്ടതും ആയ പരമസ്ഥാനം മുക്തിയുടെ അഥവാ മോക്ഷത്തിന്റെ അവസ്ഥ തന്നെയാണ്. (ശ്രീഗുരുജിസാഹിത്യസര്വസ്വം, ഭാഗം 11, വിചാരസുധ, പുറം 16- 18)
ഭാരതത്തിന്റെ വിശ്വദൗത്യത്തെ കുറിച്ച് ഉള്ള സംഘവീക്ഷണം ഗുരുജി സ്പഷ്ടമാക്കുന്നത് ഇത്തരത്തിലാണ്-
പവിത്രമായ കര്‍ത്തവ്യം: അതുകൊണ്ടു ഹിന്ദുജനതയെ അവരുടെ തനതായ ദേശീയപ്രതിഭയ്ക്ക് അനുസൃതമായ രീതിയില്‍ പുനസ്സംഘടിപ്പിക്കുകയെന്ന രാഷ്ട്രീയ സ്വയംസേവക സംഘം സ്വീകരിച്ചിട്ടുള്ള മഹത്തായ ദൗത്യം ഭാരതത്തിന്റെ യഥാര്ത്ഥരാഷ്ട്രപുനരുത്ഥാനത്തിന്റെ മഹാപ്രക്രിയ മാത്രമല്ല; ലോകൈക്യത്തിന്റെയും മാനവക്ഷേമത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അനിവാര്യമായ മുന്നുപാധി കൂടി ആണ് എന്നതു വ്യക്തമാണ്; കാരണം നാം കണ്ടു കഴിഞ്ഞപോലെ, മാനവസാഹോദര്യത്തിന്റെ സനാതനമായ അടിസ്ഥാനത്തെ പ്രദാനം ചെയ്യാന്‍ ഹിന്ദുക്കളുടെ സമസ്തലോകൈക്യഭാവനയ്ക്കു മാത്രമേ കഴിയുകയുള്ളൂ. (വിചാരസുധ, പുറം 9)
സംഘം മുന്നോട്ടുവയ്ക്കുന്ന ദേശീയബോധത്തെ ഗുരുജി ഇങ്ങനെ വ്യക്തമാക്കുന്നു-
ആ ദര്‍ശനം ഉജ്വലമായി നില നിര്‍ത്തുക: ഭൂമുഖത്ത് സ്വതന്ത്രവും ഐശ്വര്യപൂര്‍ണവും തേജസ്വിയുമായ ദേശീയജീവിതത്തിന്റെ പ്രാണവായു, മാതൃഭൂമിയോടുള്ള ഉത്ക്കടവും വിട്ടുവീഴ്ച്ച ഇല്ലാത്തതും പ്രോജ്വലവുമായ ഭക്തിഭാവം ആണ്. ഹിന്ദുക്കളായ നാം മാതൃഭൂമിയോടുള്ള ഏറ്റവും ഉദാത്തമായ ഭക്തിഭാവം പൈതൃകസ്വത്തായി ലഭിച്ചവരാണ്. ഭക്തിയുടെ ആ തീക്കനലുകള്‍ ഓരോ ഹിന്ദുഹൃദയത്തിലും നിദ്രാവസ്ഥയില്‍ കിടപ്പുണ്ട്. അവ ഊതി കത്തിക്കാം. അവയെല്ലാം ഒരുമിച്ചു ചേര്‍ന്ന് പവിത്രജ്വാലയായി പരിണമിച്ച് നമ്മുടെ മാതൃഭൂമിയുടെ നേര്‍ക്ക് പോയകാലത്തുണ്ടായ സമസ്താക്രമണങ്ങളേയും ഭസ്മമാക്കട്ടെ. അതോടൊപ്പം ഭാരതമാതാവിനെ ശ്രീകരവും അഖണ്ഡവുമായ രൂപത്തില്‍ പുനഃപ്രതിഷ്ഠിക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുകയും ചെയ്യട്ടെ. (വിചാരസുധ, പുറം 102)
നിര്‍മ്മിതിവാദം: ഒരു വ്യക്തിയോ, സമൂഹമോ ഒരു പുതിയ ആശയത്തെ അംഗീകരിച്ച് ഉള്‍ക്കൊള്ളുന്നതുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് നിര്‍മ്മിതിവാദം (Constructivism) ഇതനുസരിച്ച് ഈ ഉള്‍ക്കൊള്ളല്‍ സാധ്യം ആകണമെങ്കില്‍ ആ പുതിയ ആശയത്തിന്റെ യുക്തിബദ്ധവും തെളിവു സഹിതവുമായ അവതരണം മാത്രം പോരാ മറിച്ച് അത് ആ വ്യക്തിയുടെയോ സമൂഹത്തിന്റെയോ സംസ്കാരവുമായി പൊരുത്തപ്പെടുക കൂടി വേണം. ആശയത്തെ അതേപടി വ്യക്തിയോ സമൂഹമോ സ്വീകരിക്കാറില്ല. സ്വസംസ്കാരവുമായി അതിനെ ബന്ധപ്പെടുത്തി ഒരു പുതിയ അവബോധത്തെ നിര്‍മ്മിച്ചെടുക്കലാണ് ഓരോ വ്യക്തിയും സമാജവും ചെയ്യുന്നത്.
ഭൂഖണ്ഡങ്ങളുടെ ചലനവുമായി ബന്ധപ്പെട്ട സിദ്ധാന്തം(Continental drift theory), ജനിതകമാറ്റം വരുത്തിയ ജൈവഘടനകള്‍ (Genetically modified organisms) തുടങ്ങിയ ശാസ്ത്രീയമായ കണ്ടെത്തലുകള്‍ക്കു ശാസ്ത്രലോകത്തു പോലും അംഗീകാരം ലഭിക്കാന്‍ പ്രയാസം നേരിട്ടത് ഈ നിര്മ്മിതിപ്രക്രിയയുടെ സങ്കീര്‍ണത മൂലം ആയിരുന്നു എന്ന് നിര്‍മ്മിതിവാദത്തിന്റെ വക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ഒരു ആശയം അത് ഉള്‍ക്കൊള്ളേണ്ട വ്യക്തിയുടേയോ സമൂഹത്തിന്റെയോ സംസ്കൃതിക്ക് ഒത്തതാണ് എങ്കില്‍ അത് അനായാസം സ്വീകൃതമാകും എന്നു കാണാം.
സംഘദര്‍ശനത്തിന്റെ സ്വീകാര്യത: ഈ നിര്‍മ്മിതിവാദത്തെ സാധൂകരിക്കുന്നതാണ് സംഘത്തിന് ഭാരതീയ സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത. Anthropological Survey of India 1985-92 കാലഘട്ടത്തില്‍ People of India Projectഎന്ന പേരില്‍ ഇവിടുത്തെ ജനസമൂഹത്തെ സമുദായങ്ങള്‍ (community) ആയി തരം തിരിച്ച് ഒരു സര്‍വേ നടത്തിയിരുന്നു. പ്രദേശം, ഒരുമ, വിവാഹം, തൊഴില്‍, ജീവിതവീക്ഷണം (ഇവിടുത്തെ പാരമ്പര്യസമ്പ്രദായങ്ങളും വൈദേശിക സെമിറ്റിക് മതങ്ങളും) എന്നീ പ്രധാന മാനദണ്ഡങ്ങളെക്കുറിച്ചുള്ള പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വേയില്‍ സമുദായങ്ങളെ തരം തിരിച്ചത്. ഭാരതമാസകലം അത്തരം ഏതാണ്ട് നാലായിരത്തിഅറുനൂറ്റിമുപ്പത്തിഅഞ്ചു സമുദായങ്ങളിലായിട്ടാണത്രേ എല്ലാ ഭാരതീയരും ഇന്നുള്ളത്. വൈദേശികമതങ്ങളെ പിന്തുടരുന്ന സമുദായങ്ങളിലുള്ളവര്‍ (ഈ സര്‍വെ അനുസരിച്ച് ആകെ 584 മുസ്ലീം സമുദായങ്ങളും 339 കൃസ്ത്യന്‍ സമുദായങ്ങളുമാണ് ഉള്ളത്. അവയില്‍ 53 മുസ്ലീം സമുദായങ്ങള്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ പെട്ടവരാണെന്നും അവരില്‍ 12 സമുദായങ്ങള്‍ തങ്ങള്‍ ബ്രാഹ്മണരാണെന്നും ഇന്നും കരുതി അഭിമാനിക്കുന്നു. 76 കൃസ്ത്യന്‍ സമുദായങ്ങളും വര്ണവ്യവസ്ഥയില് ഉള്പ്പെട്ടവരാണെന്നതില് അഭിമാനിക്കുന്നു) ഉള്‍പ്പടെയുള്ള ഓരോ ഭാരതീയനും ബാഹ്യവൈവിധ്യങ്ങള് നിലനില്‍ക്കെത്തന്നെ പരസ്പരബന്ധമില്ലാത്ത ശകലങ്ങളായി വേര്‍പെട്ടു കഴിയുന്നവരാണ് തങ്ങള്‍ എന്ന തോന്നല്‍ തീരെ ഇല്ല എന്നും മറിച്ച് ഒരേ ഭാരതീയസമൂഹത്തിലെ വിവിധ സമുദായങ്ങള്‍, ഒരു മധുമക്ഷികാഗൃഹം (തേനീച്ചക്കൂട്, Honey-comb)) പോലെ, പരസ്പരം ഊഷ്മളമായ ബന്ധം പുലര്‍ത്തിക്കൊണ്ട് ഒരേ ഇടവും ഭൗതികസാഹചര്യവും പങ്കിടുന്നവര്‍, ഒരേ പാരമ്പര്യം, ഒരേ സംസ്കാരം പിന്തുടരുന്നവര് എന്ന നിലയ്ക്ക് നാമൊന്ന് എന്ന ബോധം ഇന്നും ഓരോ ഭാരതീയനും ഉള്ളില്‍ കാത്തുസൂക്ഷിക്കുന്നു എന്നുമായിരുന്നു (India An Archaeological History, pp 31-34) ആ സര്‍വേയുടെ അതിശയകരമായ കണ്ടെത്തല്‍. പ്രാചീനഹിന്ദുസ്ഥാനത്തിലെ ഭൂവിഭാഗത്തില്‍ ഇന്നത്തെ നാട്ടുരാജ്യങ്ങള്‍ പോലെയുള്ള പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇതുപോലൊരു സര്‍വേ നടത്തിയാലും ഇതു തന്നെ വെളിവാകും. ദ്വിരാഷ്ട്ര, ബഹുരാഷ്ട്രവാദങ്ങളില് ഒരു കഴമ്പുമില്ല എന്നും അവ ഒരുപിടി സ്വാര്‍ത്ഥമോഹികളുടെ അവസരവാദങ്ങള്‍ മാത്രമാണെന്നും തെളിയിക്കുന്നതല്ലേ ഈ സര്‍വേയുടെ കണ്ടെത്തല്‍! എല്ലാ ഭാരതീയരിലും സഹസ്രാബ്ദങ്ങളിലൂടെ സഞ്ചിതമായ ഹിന്ദുപാരമ്പര്യത്തിലൂന്നിയ ഇന്ത്യന്‍നെസ്സ് (ഭാരതീയത) പൊതുവായി കാണപ്പെടുന്നതിനാല്‍ ഭാരതം ഒരു നേഷന്‍ സ്റ്റേറ്റ് അല്ല മറിച്ച് അത് സിവിലിസേഷന്‍ സ്റ്റേറ്റ് ആണ് എന്ന് ആധുനികരാജ്യമീമാംസാപണ്ഡിതന്മാര് വിലയിരുത്തുന്നതും ഇവിടെ ശ്രദ്ധേയമാണ്.
ഈ ഭാരതീയത ആണ് സംഘദര്‍ശനത്തിന്റെ അകക്കാമ്പ് എന്നു നാം കണ്ടു. അതിനാല്‍ ഭാഷാ, ഭൂഷാ, വേഷം, ഭക്ഷണം, ആചാരാനുഷ്ഠാനം, തൊഴില്‍ എന്നിങ്ങനെ ജീവിതത്തിന്റെ ബാഹ്യമായ നാനാതലങ്ങളില്‍ അനന്തവൈവിധ്യം പുലര്‍ത്തുമ്പോഴും ഭാരതീയത എന്ന ഏകാത്മതയെ കൈവിടാത്ത എല്ലാ ഭാരതീയരിലും സംഘകാര്യത്തെ നേരിട്ട് അറിയുന്തോറും സംഘത്തിലേക്ക് സ്വയമേവ ആകൃഷ്ടരാകുകയും ഇതാണ് നമ്മുടെ വഴി എന്ന ബോധ്യം ഉണ്ടാകുകയും സര്‍വാത്മനാ സംഘത്തെ നെഞ്ചേറ്റുകയും ചെയ്യുന്നു. സംഘപ്രവര്‍ത്തനത്തിന്റെ വിജയത്തിന്റെ ആധാരം അതിന്റെ സവിശേഷമായ ദര്‍ശനവും അതിന് തികച്ചും ചേരുന്ന കാര്യപദ്ധതിയും ആണെന്നു കാണാം.
സഹായകസാഹിത്യം-
സംഘസ്ഥാപകന് ഡോക്ടര്‍ ഹെഡ്ഗേവാര്‍ ജീവചരിത്രം.
ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍, രാകേശ് സിന്‍ഹ, ഭാരത സര്‍ക്കാര്‍ പ്രസിദ്ധീകരണം.
വിചാരസുധ, ശ്രീ ഗുരുജി സാഹിത്യസര്‍വസ്വം.
കേശവ: സംഘനിര്‍മ്മാതാ, ചം. പ. ഭിശീകര്.
സംഘപ്രവര്ത്തകന് അടിസ്ഥാനം- വ്യക്തിത്വം- പെരുമാറ്റം, ദത്തോപന്ത് തേങ്കിടി.
India An Archaeological History Palaeolithic Beginnings to Early Historic Foundations, Dilip K. Chakrabarti.
We are All Rationalists, but it is not Enough: Ways of Explaining the Social Acceptance of a Theory, Pablo A. Pellegrini.
The Soul of India (1960), Amaury De Reincourt.
പ്രതികരിക്കാൻ ഇവിടെ എഴുതുക: