Thiruvananthapuram

കേന്ദ്രസഹായത്തില്‍ എട്ടുമടങ്ങ് വര്‍ധന; ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ നവീകരണം പുരോഗമിക്കുന്നു

Published by

ചിറയിന്‍കീഴ്: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ നവീകരണം പുരോഗമിക്കുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് നിലവാരത്തിലേക്കുയര്‍ത്തുക എന്ന മോദിസര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി തിരുവനന്തപുരം സെന്‍ട്രല്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നവീകരണം നടക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി ചിറയിന്‍കീഴില്‍ നടപ്പാക്കുന്നത് 12 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ്. ഇതില്‍ നാലുകോടിയുടെ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായ മേല്‍പ്പാല നിര്‍മാണവും സ്‌റ്റേഷന്‍ നവീകരണവുമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതില്‍ കരാറുകാര്‍ ബോധപൂര്‍വം കാലതാമസം വരുത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് സ്‌റ്റേഷന്‍ വികസനം നടക്കുന്നത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങള്‍, സ്‌റ്റേഷന്‍ ഓഫീസിന്റെയും പ്ലാറ്റ്‌ഫോമുകളുടെയും റൂഫിങ്, ടൈല്‍ വിരിക്കല്‍, പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫുട് ഓവര്‍ബ്രിഡ്ജ്, ചുറ്റുമതില്‍ കെട്ടല്‍, ഡ്രെയിനേജ് സംവിധാനം, വൈദ്യുതീകരണം, ശുദ്ധജലസംവിധാനം, ഭക്ഷണശാല, പ്രവേശന കവാടം, വാഹനപാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

2023 മാര്‍ച്ചില്‍ ഇന്ത്യന്‍ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ് ഇവിടം സന്ദര്‍ശിക്കുകയും നാട്ടുകാരുടെ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വികസനപ്രവര്‍ത്തനങ്ങളില്‍ അവലോകന യോഗം ചേരുകയും ചെയ്തു. അന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാര്‍ക്കര, ജില്ലാ നേതാക്കളായ ബാലമുരളി, രമേശ് എസ്.കെ.പി., മണ്ഡലം നേതാക്കളായ സന്തോഷ് മേടയില്‍, സന്തോഷ് നാലുമുക്ക്, എസ്.എച്ച്. രാഖി, വിനു, വിജയകുമാര്‍ വിവിധ അസോസിയേഷന്‍, സംഘടനാ പ്രതിനിധികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

2023 നവംബറില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന വി. മുരളീധരന്‍ റെയില്‍വേ അഡീഷണല്‍ മാനേജര്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്‌റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്വകാര്യ ബസ് സര്‍വീസ് ഉടമ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, ജനപ്രതിനിധികളുടെ സംഘം, ശാര്‍ക്കര ക്ഷേത്രോപദേശക സമിതി എന്നിവരില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ തേടുകയും നവീകരണം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ചിറയിന്‍കീഴിലെ റെയില്‍വേ യാത്രികരുടെ വര്‍ഷങ്ങളായുള്ള പരാതിയില്‍പെട്ട ഇന്റര്‍സിറ്റി, നേത്രാവതി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു അധിക സ്‌റ്റോപ് അനുവദിക്കുന്ന കാര്യത്തിലും അനുഭാവപൂര്‍ണമായ സമീപനമുണ്ടാവും.

അതേസമയം കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ ഭരണകാലത്തുണ്ടായിരുന്നതിന്റെ എട്ടു മടങ്ങ് വര്‍ധനയാണ് ബിജെപി ഭരണത്തിലുണ്ടായത്. 2009 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ റെയില്‍വേ വികസനത്തിന് പ്രതിവര്‍ഷം 372 കോടി വീതമാണ് ബജറ്റില്‍ മാറ്റിവച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ റെയില്‍വേയ്‌ക്ക് അനുവദിക്കുന്ന വിഹിതത്തില്‍ ഭീമമായ വര്‍ധനയാണുണ്ടായത്. 2023ലെ കേന്ദ്ര ബജറ്റില്‍ 2033 കോടി അനുവദിച്ചിരുന്നു. 2024 ല്‍ 978 കോടി വര്‍ധിപ്പിച്ച് 3011 കോടിയാണ് കേരളത്തിന് അനുവദിച്ചത്. ഇതിന്റെ 12.35 ശതമാനം മാത്രമാണ് യുപിഎ ഭരണത്തില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്നത്.

കേരളത്തില്‍ 12350 കോടിയുടെ വികസന പദ്ധതി നടന്നുവരുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കഴിഞ്ഞ ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക