എം ശ്രീഹര്ഷന്
സമസ്തകേരള സാഹിത്യപരിഷത്ത് ഒളിമങ്ങുകയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ രോഗബീജങ്ങള്‍ കേരളസാംസ്കാരികരംഗത്ത് പുളഞ്ഞുനിറയാന് തുടങ്ങുകയും ചെയ്ത ഒരു ദശാസന്ധിയിലാണ് ഭാരതീയ സാംസ്കാരികപാരമ്പര്യത്തിലധിഷ്ഠിതമായ ചിന്താധാരയും ദേശാഭിമാനവുമുള്ള ഒരുകൂട്ടം യുവാക്കള്‍ തപസ്യ കലാ-സാഹിത്യവേദി എന്ന പ്രസ്ഥാനം തുടങ്ങിയത്. പിറന്നുവീഴുമ്പോഴേക്കും ഭാരതത്തിലാകെ ഇരുട്ടുവീഴുകയായിരുന്നു. അടിയന്തരാവസ്ഥ.
”ആ കാളരാത്രിയില്‍ ഏകാധിപത്യത്തിന്റെ കരിനിഴല്‍ വ്യാപിക്കുകയും സമസ്തജീവിതമേഖലകളും വിറങ്ങലിക്കുകയും ചെയ്തപ്പോള്‍ കേരളത്തിലെ സാംസ്കാരികരംഗത്ത് അതിനെ ചെറുക്കാനും കടുത്ത ഭീഷണികളെ അവഗണിച്ച് കെ.പി. കേശവമേനോന്, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ് എന്നീ പ്രശസ്തവ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചില പൊതുപരിപാടികള്‍ നടത്തി അഭിപ്രായസ്വാതന്ത്ര്യധ്വംസനത്തിനെതിരായി ശബ്ദമുയര്‍ത്താനും ചങ്കൂറ്റം കാണിച്ച ഏകസംഘടനയെന്ന ബഹുമതി തപസ്യക്ക് അവകാശപ്പട്ടതത്രേ.” ‘തപസ്യ’-യുടെ സ്ഥാപകരില്‍ ഒരാളും സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തനരംഗത്തെ അതികായനുമായിരുന്ന വി.എം. കൊറാത്തിന്റെ വാക്കുകളാണിത്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രണ്ടുമൂന്നാഴ്ച മുമ്പ് കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലെ ഒരു മുറിയില്‍ ഒത്തുകൂടിയ പത്തുപതിനഞ്ചോളം യുവാക്കളുടെ മുന്നില്‍വച്ച് ‘തപസ്യ’യുടെ ആദ്യരൂപമായ ‘സാഹിത്യസായാഹ്നം’ ഉദ്ഘാടനം ചെയ്തത് വിഖ്യാത എഴുത്തുകാരനായ തിക്കോടിയനാണ്. ഇങ്ങനെയൊരു കലാ-സാഹിത്യവേദി തുടങ്ങുന്നതിന് പ്രേരണയും പ്രചോദനവും നല്കിയ രണ്ടുപേര്‍ അവിടെ സന്നിഹിതരായിരുന്നു. അന്ന് കേസരി പത്രാധിപരായിരുന്ന എം.എ. കൃഷ്ണന് എന്ന എം.എ. സാറും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രാന്തീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന പി. മാധവന് എന്ന മാധവ്ജിയും. അവരെ ചൂണ്ടി തിക്കോടിയന് പറഞ്ഞതിങ്ങനെ: ”എനിക്ക് പൂര്‍ണമായ ഉറപ്പുണ്ട്, ഇവര്‍ തുടങ്ങുന്ന പ്രസ്ഥാനം അഭിവൃദ്ധിപ്പെടും, ചിരകാലം നിലനില്ക്കും.” ആ വാക്കുകള്‍ സത്യമായിരിക്കുന്നു. കേരളത്തിലെ സാംസ്കാരികരംഗത്ത് ഗുണപരമായ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് തപസ്യ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു.
എന്താണ് ‘തപസ്യ’? അത് എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്?
തപസ്യയുടെ സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ സാര്‍ പറയുന്നു: ”സ്വാതന്ത്ര്യാനന്തര ജനാധിപത്യസംവിധാനത്തില്‍, ജനകല്യാണവും ജനസംസ്കാരവും ലക്ഷ്യമാക്കിയുള്ള കലാസാഹിത്യ സംരംഭമാണ് വേണ്ടതെന്നും അവ സ്വതന്ത്രമായി കക്ഷിരാഷ്ട്രീയത്തിന്റെയും ഭരണാധിപത്യത്തിന്റെയും സ്വാധീനത്തിനു വഴങ്ങാതെ ഭാരതീയ പാരമ്പര്യത്തിനു മാത്രം ഊന്നല്‍ കൊടുത്തു കൊണ്ട് തനതു പ്രാദേശിക കലാ-സാഹിത്യ പോഷണമാണ് നടത്തേണ്ടതെന്നും വ്യക്തമാണ്. സര്ഗാത്മകമാകുന്നതോടൊപ്പം പാരമ്പര്യവിരുദ്ധ പ്രവണതയെ തടഞ്ഞുനിര്ത്താനുതകുംവിധം, സംസ്കാരത്തെ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ കഴിവുള്ള പ്രസ്ഥാനമാണ് ആവശ്യം. ആ സ്ഥാനമാണ് ‘തപസ്യ’യെപ്പോലുള്ള സ്വതന്ത്ര സംഘടനയ്ക്കുണ്ടായിരിക്കേണ്ടത്.”
തുടങ്ങിയ കാലം മുതല്‍ ഇടതുപക്ഷക്കാരില്‍നിന്നും ഇതര ദേശവിരുദ്ധശക്തികളില്നിന്നും ഇന്നത്തേക്കാള്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നു. തപസ്യ വേദികളില്‍ പങ്കെടുക്കുന്ന കലാ, സാഹിത്യ പ്രതിഭകളെ പിന്തിരിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക. ദുഷ്പ്രചരണങ്ങളിലൂടെ തപസ്യയുടെ പ്രവര്‍ത്തനങ്ങളെ വില കുറച്ചു കാട്ടുക തുടങ്ങി നിരവധി കുത്സിതശ്രമങ്ങള്‍ തത്പരകക്ഷികള്‍ നടത്തി. അതിനെയൊക്കെ അതിജീവിക്കാനുള്ള ആത്മശേഷി ‘തപസ്യ’ക്ക് ഉണ്ടായിരുന്നു. തികഞ്ഞ ലക്ഷ്യബോധവും ആത്മസമര്‍പ്പണവും കര്‍മ്മശേഷിയുമുള്ള ഒരുകൂട്ടം പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ നിസ്വാര്ഥസേവനമായിരുന്നു ആ ശക്തി.
എം.വി. ദേവന്, തിക്കോടിയന്, എന്‍.എന്‍. കക്കാട്, ആര്. രാമചന്ദ്രന്, കാവാലം നാരായണപ്പണിക്കര്‍, എന്‍.വി. കൃഷ്ണവാരിയര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. ഗുപതന്നായര്, സുകുമാര്‍ അഴീക്കോട് എന്നിങ്ങനെ വിഖ്യാതരായ കലാ-സാഹിത്യ നായകര്‍ ആദ്യകാലം മുതലേ തപസ്യയുമായി സഹകരിച്ചു. ഒപ്പം ആദ്ധ്യാത്മികരംഗത്തെ മഹനീയസാന്നിധ്യമായിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, കേരളത്തിലെ സാംസ്കാരികപരിവര്ത്തനത്തിന് നേതൃത്വം വഹിച്ച എം.പി. മന്മഥന്, വിഖ്യാത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഡോ.കെ. ഭാസ്കരന്‍നായര്‍, എന്നിവര്‍ തപസ്യയുടെ രക്ഷാധികാരികളായി ഉണ്ടായിരുന്നു.
അതിസമ്പന്നമായ നേതൃനിര
ആദ്യകാലത്ത് പി. പരമേശ്വരന്, വി.എം. കൊറാത്ത്, എം.എ. കൃഷ്ണന്, പി. മാധവന് എന്നിവരാണ് മുന്നില്‍നിന്നു നയിച്ചത്. പിന്നീട് മഹാകവി അക്കിത്തം, പ്രശസ്ത സാഹിത്യനിരൂപകന്‍ പ്രൊഫ.എസ്. ഗുപ്തന്നായര്, പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ.സി.കെ. മൂസത്, പ്രമുഖ സാഹിത്യനിരൂപകനായ പ്രൊഫ.കെ. ഗോപാലകൃഷ്ണന്, പണ്ഡിതനും അദ്ധ്യാപകനുമായ ഡോ.എ. പത്മനാഭക്കുറുപ്പ്, കലാപണ്ഡിതനായ ടി.എം.ബി. നെടുങ്ങാടി, കവിയും നിരൂപകനുമായ പി. നാരായണക്കുറുപ്പ്, പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, കവികളായ പ്രൊഫ.മേലത്തു ചന്ദ്രശേഖരന്, എസ്. രമേശന്‍നായര്‍, നോവലിസ്റ്റ് മാടമ്പ് കുഞ്ഞുകുട്ടന്, ഹാസസാഹിത്യകാരനായ അഡ്വ.എം.എന്‍. ഗോവിന്ദന്‍നായര്‍, ബഹുഭാഷാ പണ്ഡിതനും
അദ്ധ്യാപകനുമായ പ്രൊഫ.സി.ജി. രാജഗോപാല്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളിലായി തപസ്യയെ സംസ്ഥാനതലത്തില്‍ നയിച്ചു.
വിഖ്യാത പണ്ഡിതനായ പ്രൊഫ.കെ.പി. നാരായണപിഷാരോടി, പ്രശസ്ത നാടന്‍കലാ പണ്ഡിതന് കുട്ടമത്ത് എ. ശ്രീധരന്, പണ്ഡിതനായ പ്രൊഫ. ടി. ലക്ഷ്മണന്, പണ്ഡിതനും
ഗ്രന്ഥകാരനുമായ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ചിത്രകാരന് പ്രൊഫ.കാട്ടൂര്‍ നാരായണപിള്ള, പ്രശസ്ത അദ്ധ്യാപകനായ പ്രൊഫ. ബലറാം മൂസത്, കവികളായ സി. കൃഷ്ണന്‍നായരും വി.എസ്.ഭാസ്കരപ്പണിക്കരും വട്ടംകുളം ശങ്കുണ്ണിയും കുഞ്ഞപ്പന് കൊല്ലങ്കോടും, പ്രമുഖ കഥാകൃത്തായ പി.ആര്.നാഥന്, അദ്ധ്യാപകനായ പ്രൊഫ. ഉള്ളൂര്‍ എസ്.പരമേശ്വരന്, പണ്ഡിതനും പത്രപ്രവര്‍ത്തകനുമായ പി.ചന്ദ്രശേഖരന് തുടങ്ങിയവര്‍ ആദ്യകാലങ്ങളില്‍ വിവിധ ജില്ലാ അധ്യക്ഷരായി തപസ്യയെ നയിക്കാനുണ്ടായിരുന്നു.
സമര്പ്പിതമനസ്സുള്ള പ്രവര്‍ത്തകവൃന്ദം
സി.എം. കൃഷ്ണനുണ്ണി, എം.പി. ചന്ദ്രദാസ്, വി.കെ. ഹരിദാസന്, പി. വിനോദ്കുമാര്‍, സി. രത്നാകരന്, ആര്‍ക്കിടെക്റ്റ് കെ. ഗോപിനാഥ്, സി. ജനാര്ദ്ദനന്, സി. കുമാരന്, കെ.എം. സേതുമാധവന്, വി.എം. രാജശേഖരന്, ഡോ.എം.പി ഉണ്ണിക്കൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി, ശ്രീരാം ഗുര്‍ജര്‍, എ. ശശിധരന്, പി.കെ. കൃഷ്ണന്‍നായര്‍, പി.പി. ഗോപിനാഥ്, ഒ.പി. രുദ്രന് നമ്പൂതിരിപ്പാട്, കെ. സച്ചിതാനന്ദന് തുടങ്ങി അദ്ധ്യാപകരും പത്രപ്രവര്‍ത്തകരും കലാകാരന്മാരും ഉദ്യോഗസ്ഥരും ബിസിനസ് രംഗത്തുള്ളവരും എന്‍ജിനീയര്‍മാരുമായ ഒരു കൂട്ടം യുവാക്കളാണ് തപസ്യയെ വളര്‍ത്തിക്കൊണ്ടു വന്നത്.
പതിനെട്ടു വര്‍ഷം തപസ്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച എന്‍.പി. രാജന്നമ്പിയും ആദ്യത്തെ പ്രസിഡന്റായ പി. ബാലകൃഷ്ണനും വാര്‍ത്തികം പത്രാധിപരായ പ്രൊഫ.കെ.പി.ശശിധരനും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്.
തിരുവനന്തപുരത്തുനിന്നും കെ.പി. പ്രേമചന്ദ്രനും കെ.പി. മണിലാലും ടി. പത്മനാഭന്‍നായരും പി.കെ. രഘുവര്മ്മയും ജി.പ്രഭയും കോട്ടയത്തുനിന്ന് പി.ജി. ഗോപാലകൃഷ്ണന്, പെരുമ്പാവൂരില്‍നിന്ന് എം. രാജശേഖരപ്പണിക്കര്‍, ആലുവയില്‍നിന്ന് പി.കെ. രാമചന്ദ്രന്, തൊടുപുഴയില്‍നിന്ന് പ്രഫ.പി.ജി. ഹരിദാസ്, എറണാകുളത്തുനിന്ന് കെ. ലക്ഷ്മിനാരായണന്, തൃശൂരുനിന്ന് ടി.കെ. രവീന്ദ്രന്, കോഴിക്കോട്ടുനിന്ന് ഡോ.ടി.എന്‍. സതീശനും അഡ്വ.കെ. ബാലകൃഷ്ണന്കിടാവും, കൊയിലാണ്ടിയില്‍നിന്ന് എം. ശ്രീഹര്ഷന്, കണ്ണൂരുനിന്ന് ടി. ഭാസ്കരനും എം.വി. പ്രഭാകരനും എ.വി. നാരായണന്‍കുട്ടിയും, പാലക്കാട്ടുനിന്ന് കെ.ടി. രാമചന്ദ്രനും ജി. ഗോപാലകൃഷ്ണപിള്ളയും തപസ്യയടെ പ്രവര്‍ത്തനം വ്യാപി
പ്പിക്കുന്നതിനായി ആദ്യദശകങ്ങളില്‍ സംസ്ഥാനനേതൃനിരയില് പ്രവര്‍ത്തിച്ചവരാണ്.
കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്നമ്പൂതിരിയും ചലച്ചിത്രനടനായ ജഗന്നാഥനും ശില്പി ബാലന് താനൂരും കലാരംഗത്ത് ഉന്നതപദവിയിലേക്കെത്തും മുമ്പ് തിരുനന്തപുരത്ത് തപസ്യയുടെ സാധാരണപ്രവര്ത്തകരായിരുന്നു.
ഇപ്പോള്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ ആര്. സഞ്ജയന് ആയിരുന്നു തപസ്യയുടെ ആദ്യത്തെ മുഴുവന്‍സമയ സംഘടനാസെക്രട്ടറി. പത്തുവര്‍ഷത്തിലേറെ ആ സ്ഥാനത്തിരുന്നുകൊണ്ട് തപസ്യയെ കേരളത്തിലെ ഒരു ചാലകശക്തിയാക്കുന്നതില്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം ചെയ്ത്. തുടര്‍ന്ന് ആ സ്ഥാനം വഹിച്ച സി. രജിത്കുമാറും തപസ്യയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പിന്നീട് പി. ഉണ്ണിക്കൃഷ്ണന്, ടി. ശ്രീജിത്ത് എന്നിവരും പൂര്‍ണസമയ സംഘടനാസെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിരുന്നു.
വി.എം.കൊറാത്തിന്റെ സ്വാധീനം
മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ എന്ന നിലയില്‍ പത്രപ്രവര്‍ത്തന രംഗത്തും സാംസ്കാരികരംഗത്തും കേളപ്പജിയുടെ അനുയായി എന്ന നിലയില്‍ പൊതുസമൂഹത്തിലും വി.എം. കൊറാത്തിനുണ്ടായിരുന്ന സ്വാധീനം തപസ്യയുടെ വളര്‍ച്ചയ്ക്കും സ്വീകാര്യതയ്ക്കും വലിയ പങ്കാണ് വഹിച്ചത്. അടിയന്തരാവസ്ഥയുടെ മൂര്‍ദ്ധന്യത്തില്‍ അതിനെതിരെ പ്രതികരിക്കാനുള്ള ഉപാധിയായി വി.ടി. ഭട്ടതിരിപ്പാടിന്റെ സപ്തതി ആഘോഷം കെ.പി. കേശവമേനോനെ സ്വാഗതസംഘാധ്യക്ഷനാക്കിക്കൊണ്ട് അതി ഗംഭീരമായ പരിപാടിയാക്കിയത് അദ്ദേഹത്തിന്റെ സംഘടനാകൗശലമായിരുന്നു. കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകരെയെല്ലാം ഒരു കത്തുകൊïോ ഫോണ്വിളികൊïോ തപസ്യയുമായി സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തപസ്യ പരിപാടികള്‍ക്ക് ആദ്യകാലങ്ങളില്‍ വന്‍തോതിലുള്ള വാര്‍ത്താപ്രാധാന്യവും മാധ്യമപിന്തുണയും ലഭിച്ചതിനു കാരണം കൊറാത്ത് സാറായിരുന്നു. ജീവിതാവസാനം വരെ തപസ്യയെ ആത്മാംശമാക്കി സ്വധര്മ്മംപോലെ അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി.
മഹാകവി അക്കിത്തത്തിന്റെ നേതൃത്വം
1983ല്‍ തൃശ്ശൂര്‍ ജില്ലാ അധ്യക്ഷനായാണ് മഹാകവി അക്കിത്തം തപസ്യയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുന്നത്. തൊട്ടടുത്ത വര്‍ഷം തൃശ്ശൂരില്‍ നടന്ന എട്ടാം വാര്‍ഷികോത്സവത്തിന്റെ സംഘാടകസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ആ സമ്മേളനം ഗംഭീരവിജയമാക്കിയത് അക്കിത്തമായിരുന്നു. 1985 നവംബറില്‍ ആലുവയില്‍ ചേര്‍ന്ന വാര്ഷികപ്രതിനിധിസഭായോഗമാണ് അക്കിത്തത്തെ തപസ്യയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതോടെ അക്കിത്തവും തപസ്യയും പര്യായപദങ്ങളായി മാറി. തുടര്‍ന്ന് പതിനാല് വര്‍ഷം സംസ്ഥാനാധ്യക്ഷനായും പിന്നീട് ജീവിതാന്ത്യംവരെ രക്ഷാധികാരിയായും തപസ്യക്ക് എല്ലാ ആശിര്‍വാദവും നല്കി അതിനെ ഉന്നതിയിലേക്ക് നയിച്ചത് അക്കിത്തമാണ്. തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞതിങ്ങനെയാണ്:
”ഭാരതീയസംസ്കാരം എന്നാലെന്താണ്. ലോകസംസ്കാരത്തില്‍നിന്ന് അതിനുള്ള വ്യത്യാസമെന്താണ്. ധര്‍മ്മം എന്ന വാക്ക് ഈശ്വരന് എന്ന വാക്കിന്റെ പ്രതീകമായി ഉപയോഗിച്ചുവന്ന ദര്‍ശനമാണ് ഇവിടെയുള്ളത്. ലോകത്തില്‍ അനേകം സംസ്കാരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തപ്പോഴൊക്കെ ഈ വാക്ക് ഇവിടെ നിലനിന്നു. അത് ഇനിയും നിലനിന്നാല്‍ കൊള്ളാം. അത് നിലനില്ക്കാന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് വിചാരിക്കുന്ന ആളുകള്‍ പരസ്പരം ആലോചിച്ചുണ്ടായ ഒരു പ്രസ്ഥാനം മാത്രമാണ് തപസ്യ. ഇതിനോടിപ്പോള് ഞാന്‍ സഹകരിച്ചില്ല എന്നു വിചാരിക്കുക, ഇതില്ലാതാവാന്‍ നിവൃത്തിയില്ല. ഞാന്‍ സഹകരിച്ചുവെന്നു വിചാരിക്കുക, ഇതു കുറേക്കൂടി നന്നാവാനും പോവുന്നില്ല. പക്ഷെ എനിക്കുമുണ്ടല്ലോ ഒരു ധര്‍മ്മം. ഞാനും ഈ ഭാരതത്തിലാണല്ലോ ജനിച്ചത്. എപ്പോഴാണിവിടെ കണ്ണടച്ചു വീഴുന്നതെന്നറിയില്ല. അതുവരെ എനിക്കു കിട്ടിയ വെളിച്ചത്തിനനുസരിച്ച് ഈ ധര്‍മ്മബോധത്തെ അനുകൂലിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് എന്റെ ചുമതലയാണ് എന്നു വിചാരിച്ചുകൊണ്ടാണ് ഇക്കണ്ട കാലം മുഴുവന്‍ ഞാനിതുമായി സഹകരിച്ചിട്ടുള്ളത്. അതിലെനിക്ക് വളരെ സന്തോഷമുണ്ട്. ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല. എല്ലാവര്ക്കും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യാം. ഈ ഭാരതീയസംസ്കാരത്തെ ആദരിക്കുന്നവര്ക്കൊക്കെ ഇതിലേക്കുവരാം.”
പ്രവര്‍ത്തന വ്യാപനം
ആദ്യകാലങ്ങളില്‍ കോഴിക്കോട്ടുമാത്രം പ്രവര്‍ത്തിച്ചിരുന്ന തപസ്യ 1979 മുതല്‍ മറ്റിടങ്ങളിലും യൂണിറ്റുകള്‍ തുടങ്ങുകയും ഒരു വ്യാഴവട്ടം കൊണ്ട് കേരളമാകെ വ്യാപിച്ച പ്രസ്ഥാനമായി വളരുകയും ചെയ്തു. യൂണിറ്റുതലങ്ങളിലും ജില്ലാതലങ്ങളിലും പ്രത്യേകപ്രവര്ത്തകസമിതികളും നിലവില്‍വന്നു. സംസ്ഥാനതല പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ചെറുതും വലുതുമായ നിരവധി പരിപാടികള്‍ വര്‍ഷംതോറും ഓരോ യൂണിറ്റിലും നടത്തിക്കൊണ്ട് സാംസ്കാരികരംഗത്ത് മറ്റാര്‍ക്കും സാധിക്കാത്ത ചലനങ്ങള്‍ തപസ്യ സൃഷ്ടിച്ചു.
തുടക്കത്തില്‍ സഹകരിച്ച പ്രമുഖര്‍
തപസ്യ രൂപംകൊണ്ട ഉടനെയാണ് കേരള കലാരംഗത്തെ രണ്ട് മഹാന്മാര് വിടപറഞ്ഞത്. നാടകാചാര്യനായ സി.എന്‍. ശ്രീകണ്ഠന്‍നായരും ചിത്രകലാചാര്യനായ കെ.സി.എസ്. പണിക്കരും. രണ്ടുപേരുമായും അടിയന്തരാവസ്ഥക്കാലത്ത് അടുത്ത ബന്ധമായിരുന്നു എം.എ.സാറിനും മാധവ്ജിക്കും. അവരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികളാണ് തപസ്യ എന്ന പേരില്‍ ആദ്യമായി സംഘടിപ്പിച്ചത്. ശ്രീകണ്ഠന്‍നായര്‍ അനുസ്മരണത്തില്‍ ചര്‍ച്ച നയിച്ചത് ഇടതുപക്ഷസഹയാത്രികനായ എ.പി.പി. നമ്പൂതിരിയായിരുന്നു. കക്കാട്, തിക്കോടിയന്, കെ. ഗോപാലകൃഷ്ണന്, വി.എം. കൊറാത്ത് എന്നിവരാണ് സംസാരിച്ചത്. കെസിഎസ് അനുസ്മരണം നടത്തിയത് എം.ജി.എസ്. നാരായണനും കോന്നിയൂര്‍ ആര്. നരേന്ദ്രനാഥുമായിരുന്നു.
1977 ല്‍ നടന്ന ഒന്നാം വാര്‍ഷികത്തിന്റെ മുഖ്യാതിഥിയായിരുന്നു എം.വി.ദേവന്. തപസ്യയുമായി അന്നു തുടങ്ങിയ ആ ബന്ധം അദ്ദഹത്തിന്റെ മരണംവരെ നിലനിന്നു. 1986ല്‍ കോട്ടയത്ത് തപസ്യ പത്താം വാര്‍ഷികത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗം തപസ്യയുടെ തലക്കിട്ടുള്ള ഒരു കിഴുക്കാണെന്ന് ചില പത്രങ്ങള്‍ എഴുതിയിരുന്നു. 1987 ല്‍ എറണാകുളത്തു നടന്ന പതിനൊന്നാം വാര്‍ഷികത്തില്‍ ദേവന് അതിനു പറഞ്ഞ മറുപടി ഇങ്ങനെയാണ്: ”ഞാന്‍ തപസ്യക്കിട്ട് ഒരു കിഴുക്കുകൊടുത്തു എന്ന് ചില പത്രങ്ങളെഴുതി. അങ്ങനെയെങ്കില്‍ ആ കിഴുക്ക് കൊണ്ടത് എന്റെ തലയ്ക്കു തന്നയാണ്. കാരണം ഞാനും തപസ്യയുടെ ഭാഗമാണ്.” തപസ്യയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചിത്രകാരനായ ജാമിനിറോയിയുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോള്‍ എല്ലാ ജില്ലകളിലും നടന്ന പരിപാടിയില്‍ ദേവന് പ്രസംഗിച്ചിരുന്നു. 1984 ല്‍ തൃശൂരില്‍ നടന്ന ചിത്ര-ശില്പശിബിരത്തിന്റെ ഡയറക്ടറും അദ്ദേഹമായിരുന്നു.
1977ലെ വാര്‍ഷികത്തില്‍ ഇടതുപക്ഷസഹയാത്രികന്‍ കൂടിയായ തായാട്ട് ശങ്കരന് പി.പരമേശ്വരനും പി. മാധവനും ഒപ്പം പങ്കെടുത്തിരുന്നു. അന്ന് കോഴിക്കോട്ടെ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വി.എ. കേശവന്‍നമ്പൂതിരി, കെ.എ. കൊടുങ്ങല്ലൂര്‍, പ്രൊഫ. ഉണ്ണിക്കൃഷ്ണന് ചേലേമ്പ്ര, എം.ജി. ശശിഭൂഷണ്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് തപസ്യയുമായി സഹകരിച്ചിരുന്നു.
പുറത്തുനിന്നുള്ള സാംസ്കാരികനായകര്‍
1978 ല്‍ നടന്ന രണ്ടാംവാര്ഷികത്തോടെ കേരളത്തിലെ സാംസ്കാരികരംഗത്ത് പുതിയ അനുഭവമായിരുന്ന ചില കാര്യങ്ങളുണ്ടായി. കേരളത്തിനു പുറത്തുനിന്നുള്ള പ്രാമാണികരായ കലാ-സാഹിത്യനായകരെ തപസ്യ വേദിയിലൂടെ മലയാളികള്‍ പരിചയപ്പെടുന്ന സംരംഭം. പ്രശസ്ത കന്നഡ നോവലിസ്റ്റ് ഡോ.ശിവറാം കാരന്ത് ആയിരുന്നു അന്നത്തെ മുഖ്യാതിഥി. പ്രശസ്ത സംഗീതപണ്ഡിതനായിരുന്ന പൂമുള്ള രാമപ്പന്, ആര്‍എസ്എസിന്റെ അന്നത്തെ ക്ഷേത്രീയ പ്രചാരക് ആയിരുന്ന എച്ച്.വി. ശേഷാദ്രി, പി. മാധവന് എന്നിവരും ആ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഡോ. കാരന്ത് അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് തനിക്കു ലഭിച്ചിരുന്ന പത്മഭൂഷണ്‍ ബഹുമതി തിരിച്ചേല്പിച്ച സമയമായിരുന്നു അത്. ഈ പരിപാടിക്കു ശേഷമാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിക്കുന്നത്. മൂന്നാം വാര്‍ഷികത്തിന് ജ്ഞാനപീഠജേതാവായ തമിഴ് സാഹിത്യകാരന് അഖിലനൊപ്പം എന്‍.വി. കൃഷ്ണവാരിയര്‍, കെ.എന്‍. എഴുത്തച്ഛന്, എം.എസ് മേനോന്, പി.സി. വാസുദേവന്‍ ഇളയത് എന്നീ പണ്ഡിതവര്യരും പങ്കെടുത്തു.
അഞ്ചാം വാര്‍ഷികത്തിന് ജ്ഞാനപീഠപുരസ്കാര ജേതാവായ എസ്.കെ.പൊറ്റെക്കാട്ട്, ആറാം വാര്‍ഷികത്തിന് കന്നഡ എഴുത്തുകാരനായ ഗോപാലകൃഷ്ണ അഡിഗ, എട്ടാം വാര്‍ഷികത്തിന് തൃശ്ശൂരില്‍ തമിഴ് എഴുത്തുകാരനായ കല്‍ക്കി രാജേന്ദ്രന്, പത്താം വാര്‍ഷികത്തിന് ഒഡിയ എഴുത്തുകാരനായ മനോജ്ദാസ്, പതിനൊന്നാം വാര്‍ഷികത്തിന്
എറണാകുളത്ത് കന്നഡ നോവലിസ്റ്റ് ശ്രീകൃഷ്ണ ആലനഹള്ളിയും പുരാവസ്തു ഗവേഷകനായ ഡോ.വി.എസ്. വാക്കന്കറും, പന്ത്രണ്ടാം വാര്‍ഷികത്തിന് കോഴിക്കോട്ട് തമിഴ് നോവലിസ്റ്റ് അശോകമിത്രനും പത്രപ്രവര്ത്തകന് എസ്.ഗുരുമൂര്‍ത്തിയും പതിമൂന്നാം വാര്‍ഷികത്തിന് തിരുവനന്തപുരത്ത് തെലുഗ് എഴുത്തുകാരന് പാണ്ഡുരംഗറാവു, പതിനാലാം വാര്‍ഷികത്തിന് കണ്ണൂരില്‍ കര്‍ണാടകയിലെ ഇംഗ്ലീഷ് എഴുത്തുകാരന് രാമചന്ദ്രശര്‍മ്മ, പതിനാറാം വാര്‍ഷികത്തിന് കാഞ്ഞങ്ങാട്ട് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രസികപുത്തിഗെ, പതിനേഴാം വാര്‍ഷികത്തിന് കോഴിക്കോട്ട് മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സി.ഡി. നരസിംഹയ്യ, പതിനെട്ടാം വാര്‍ഷികത്തിന് ഹൈദരാബാദ് സ്വദേശിയും പ്രമുഖ സംസ്കൃതപണ്ഡിതനുമായ ഡോ. ഘനശ്യാമളപ്രസാദ്റാവു, പത്തൊമ്പതാം വാര്‍ഷികത്തിന് തമിഴ് സാഹിത്യകാരന് സിര്‍പ്പി സുബ്രഹ്മണ്യം, ഇരുപതാം വാര്‍ഷികത്തിന് തൃശ്ശൂരില്‍ തമിഴ് നോവലിസ്റ്റ് ശിവശങ്കരി, ഇരുപത്തൊന്നാം വാര്‍ഷികത്തിന് കോഴിക്കോട്ട് പ്രശസ്ത തെലുഗു നര്‍ത്തകി അനുരാധ ജോന്നലഗഡ, ഇരുപത്തിരണ്ടാം വാര്‍ഷികത്തിന് കൊല്ലത്ത് പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. ചന്ദ്രശേഖര കമ്പാറ, 1991 ല്‍ കന്യാകുമാരിയില്‍ സാംസ്കാരിക തീര്‍ത്ഥയാത്ര ഉദ്ഘാടനത്തിന് തമിഴ് കഥാകൃത്ത് സുന്ദരരാമസ്വാമി എന്നിങ്ങനെ കേരളത്തിനുപുറത്തുള്ള പ്രമുഖരായ എത്രയോ സാംസ്കാരിക നായകരെ തപസ്യ മലയാളത്തിന്
പരിചയപ്പെടുത്തി.
കേരളത്തിലെ പ്രമുഖരും ഒപ്പം
കേരളത്തിനകത്തുള്ള പ്രാമാണികരായ എതാïെല്ലാ എഴുത്തുകാരും കലാകാരും പലതവണ തപസ്യ വേദികളില്‍ പങ്കെടുത്തിരിക്കുന്നു. 1980 ലാണ് സുകുമാര്‍ അഴീക്കോട് തപസ്യ വാര്‍ഷികത്തിന് ആദ്യമായി പങ്കെടുക്കുന്നത്. നാലാം വാര്‍ഷികോത്സവത്തില്‍. അതിനു മുമ്പ് കോഴിക്കോട്ടും കലിക്കറ്റ് സര്‍വകലാശാലയിലും ചില പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. 1986 ല്‍ കോട്ടയത്ത് പത്താം വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് അഴീക്കോട് പറഞ്ഞു. ”ഇത് ഞാനും തപസ്യയുമായുള്ള ബന്ധത്തിന്റെ പത്താം വാര്‍ഷികമാണ്. തപസ്യ വാര്‍ഷികങ്ങളില്‍ പ്രസംഗിക്കുക എന്നത് എന്റെ കൊല്ലം തോറുമുള്ള നേര്‍ച്ചയാണ്.”
എട്ടാം വാര്‍ഷികോത്സവം 1984ല്‍ തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തത് മഹാകവി വൈലോപ്പിള്ളിയായിരുന്നു. ”തപസ്യ കാലഘട്ടത്തിന്റെ അനിവാര്യതയാണ്” എന്നാണ് ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. പ്രശസ്ത എഴുത്തുകാരന് വികെഎന്നും ക്ഷണിക്കപ്പെടാത്ത അതിഥിയായി ആ സമ്മേളനത്തില്‍ പങ്കെടുത്തു. തപസ്യ 1986 ല്‍ എറണാകുളത്ത് മഹാകവി അക്കിത്തത്തിന് സ്വീകരണം നല്കിയപ്പോള് അതില്‍ പങ്കെടുത്ത ഒ.എന്‍.വി. കുറുപ്പ് ”താന്‍ തലയില്‍ മുണ്ടിട്ടുകൊണ്ടല്ല തപസ്യ പരിപാടിയില്‍ വരുന്നത്” എന്ന് വിമര്‍ശിച്ച ഇടതുപക്ഷമാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. 1986ല്‍ത്തന്നെ കോട്ടയത്തുനടന്ന അഖിലഭാരതീയ കവിസമ്മേളനം ഉദ്ഘാടനം ചെയ്തതും ഒ.എന്‍.വി ആയിരുന്നു. അതേ വാര്‍ഷികോത്സവത്തില്‍ ജ്ഞാനപീഠപുരസ്കാര ജേതാവായ തകഴി മുഖ്യാതിഥിയായി. എം.ടി. വാസുദേവന്‍ നായര്‍ 1996ല്‍ പാലക്കാട്ട് പത്തൊമ്പതാം വാര്‍ഷികോത്സവത്തില്‍ പ്രസംഗിച്ചിരുന്നു.
തുടക്കം മുതല്‍ തങ്ങളുടെ ജീവിതാന്ത്യം വരെ തപസ്യയുമായി പൂര്‍ണമായി സഹകരിച്ചിരുന്നവരായിരുന്നു തിക്കോടിയനും എന്‍.എന്‍. കക്കാടും കെ.പി. നാരായണപിഷാരോടിയും കുഞ്ഞുണ്ണിമാഷും എം.വി. ദേവനും വിഷ്ണുനാരായണന്‍ നമ്പൂതിരിയും കാവാലം നാരായണപ്പണിക്കരും ഡി. വിനയചന്ദ്രനും.
ഇവര്‍ക്കുപുറമെ കെ.പി. കേശവമേനോന്, ഗുരു നിത്യചൈതന്യയതി, ഒളപ്പമണ്ണ. ബാലാമണിയമ്മ, കെ.പി. ശങ്കരന്, ആര്. ഹരി, എന്‍. കൃഷ്ണപിള്ള, ശൂരനാട് കുഞ്ഞന്പി
ള്ള, വൈക്കം മുഹമ്മദ് ബഷീര്‍, യു.എ. ഖാദര്‍, എന്‍.പി. മുഹമ്മദ്, ബാലചന്ദ്രന് ചുള്ളിക്കാട്, ഡോ. ടി.കെ. രവീന്ദ്രന്, കടത്തനാട്ട് മാധവിയമ്മ, വി.ടി. ഇന്ദുചൂഡന്, എം.കെ. സാനു,
എം. തോമസ്മാത്യു, പൂമുള്ളി നീലകണ്ഠന് നമ്പൂതിരിപ്പാട്, കാക്കനാടന്, എം. അച്യുതന്, പായിപ്ര രാധാകൃഷ്ണന്, പ്രൊഫ. ഹൃദയകുമാരി, പാലാ നാരായണന് നായര്‍, ഡോ. കെ. രാഘവന്‍പിള്ള, ആര്.നരേന്ദ്രപ്രസാദ്, ജി.എന്‍. പിള്ള, ഓട്ടൂര്‍, സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, എം.എന്‍. പാലൂര്, കെ.വി. രാമകൃഷ്ണന്, വി. കൃഷ്ണശര്‍മ്മ, വിലാസിനി (എം.കെ. മേനോന്), എം.ജി.എസ്. നാരായണന്, ശ്രീകുമാരന്‍ തമ്പി, സി.പി. ശിവദാസ്, തിരുനല്ലൂര്‍ കരുണാകരന്, മധുസൂദനന്‍നായര്‍, സി. രാധാകൃഷ്ണന്, പി. വത്സല, ഡോ. സി.കെ. രാമചന്ദ്രന്, ഡോ. കെ. മാധവന്‍കുട്ടി, വി.ആര്. സുധീഷ്, യു.കെ. കുമാരന്, കെ.പി. രാമനുണ്ണി, പി.ആര്. നാഥന്, ടി.വി. കൊച്ചുബാവ, ശത്രുഘ്നന്‍, ആത്മാരാമന്, വീരേന്ദ്രകുമാര്‍, സുഭാഷ്ചന്ദ്രന് എന്നീ എഴുത്തുകാരും തപസ്യ വേദികളില്‍ പങ്കെടുത്തിട്ടുള്ള പ്രമുഖരാണ്.
അഭിനയാചാര്യരായ മാണി മാധവചാക്യാരും അമ്മന്നൂര്‍ മാധവചാക്യാരും കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയും നര്‍ത്തകരായ കലാമണ്ഡലം സുഗന്ധിയും ധനഞ്ജയനും താരാരാജകുമാരനും യക്ഷഗാനകലാകാരനായ ചന്ദ്രഗിരി അമ്പു, ചലച്ചിത്രകാരന്മാരായ അടൂര്‍ ഗോപാലകൃഷ്ണനും ജി. അരവിന്ദനും ഭരത് ഗോപിയും കരമന ജനാര്ദ്ദനന് നായരും നെടുമുടി വേണുവും മങ്കട രവിവര്‍മ്മയും പി. വിജയകൃഷ്ണനും, നാടകാചാര്യരായ കാവാലം നാരായണപ്പണിക്കരും ജി. ശങ്കരപ്പിള്ളയും വയലാ വാസുദേവന്‍ പിള്ളയും സംഗീതജ്ഞരായ എം.ബി. ശ്രീനിവാസനും എസ്. രാമനാഥനും ഹരിപ്പാട് കെ.പി.എന്‍. പിള്ളയും കാമകോടിഭായിയും ശരത്ചന്ദ്ര മറാഠേയും ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും എ.എസ്സും കെ.വി.എസ്. ഹരിദാസും കാട്ടൂര്‍ നാരായണപിള്ളയും മദനനും കെ.കെ. മാരാരും കെ.കെ. വാര്യരും, പ്രമുഖ ശില്പികളായ കാനായി കുഞ്ഞിരാമനും ജയപാലപ്പണിക്കരും കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ തുടങ്ങിയ വിഖ്യാത കലാകാരന്മാരും തപസ്യയുമായി പലതവണ സഹകരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥതലത്തിലും സഹകരണം
ബ്യൂറോക്രാറ്റുകളുടെ വലിയ നിരതന്നെ തപസ്യയുടെ വേദികള്‍ അലങ്കരിച്ചിട്ടുണ്ട്. ആര്. രാമചന്ദ്രന് നായര്‍ . ഡോ. ഡി. ബാബുപോള്‍ കെ. ജയകുമാര്‍, ഒ.സി. വിന്‍സെന്റ്, ഷീലാ തോമസ്, രാജു നാരായണ സ്വാമി, ഭരത് ഭൂഷണ്, ടി.എന്‍. ജയചന്ദ്രന് , ടി. ബാലകൃഷ്ണന് . യു.കെ.എസ്. ചൗഹാന്, ഉഷാ ടൈറ്റസ്, മാരപാണ്ഡ്യന്‍, വി. രാജ്മോഹന്‍, എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു.
പഠനശിബിരങ്ങള്
സാംസ്കാരിക രംഗത്ത് വിവിധ മേഖലകളിലുള്ള യുവാക്കള്‍ക്കു വേണ്ടി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാ-സാഹിത്യ ശിബിരങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് തപസ്യയാണ്. പത്രപ്രവര്‍ത്തനം, സാഹിത്യം, നാടകം, ചിത്രകല, സിനിമാസ്വാദനം, നാടന്‍കല എന്നീ മേഖലകളിലെ പഠനക്യാമ്പുകള്‍ ശ്രദ്ധേയമായി.
1979 ല്‍ കോഴിക്കോട് നന്മണ്ടയില് നടന്ന പത്രപ്രവര്‍ത്തക ശിബിരമായിരുന്നു അതില്‍ ആദ്യത്തേത്. വി.എം. കൊറാത്ത് ഡയറക്ടറായുള്ള ആ ശിബിരത്തില്‍ ദേശാഭിമാനിയിലെ അഹ്ദുറഹിമാന്‍ ഉള്‍പ്പെടെ ക്ലാസെടുത്തു. കോഴിക്കോട് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കൈ.എ. ജലീല്‍, പ്രമുഖ പത്രപ്രവര്‍ത്തകരായ മൂര്‍ക്കോത്ത് കുഞ്ഞപ്പ, ടി. വേണുഗോപാല്‍, അബു എന്നിവരും സംബന്ധിച്ചിരുന്നു.
വിഖ്യാത നാടകകാരനായ പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ 1981 ല്‍ കോഴിക്കോട്ട് അഞ്ച് ദിവസത്തെ നാടകശിബിരം സംഘടിപ്പിച്ചു. മാണിമാധവചാക്യാര്‍, തിക്കോടിയന്, കുഞ്ഞാണ്ടി, വാസുപ്രദീപ് തുടങ്ങിയവരുടെ സാന്നിധ്യം ശിബിരത്തിലുണ്ടായിരുന്നു.
യുവാക്കള്‍ക്കായി 1983ല്‍ തിരുവനന്തപുരത്തുനടന്ന സാഹിത്യശിബിരം നയിച്ചത് വിഷ്ണുനാരായണന്നമ്പൂതിരിയാണ്. സുഗതകുമാരി, ഒ.എന്‍.വി, ജി.എന്‍.പണിക്കര്‍, കരൂര്‍ ശശി, ജോര്‍ജ് ഓണക്കൂര്‍, ഹൃദയകുമാരി, പി.കെ. ബാലകൃഷ്ണന്, കെ. സുരേന്ദ്രന്, സാറാതോമസ്, കെ.വി. രാമകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു.
1984 ല്‍ തൃശൂരില്‍ നടന്ന ചിത്ര-ശില്പശിബിരത്തിന്റെ ഡയറക്ടര്‍ എം.വി. ദേവനായിരുന്നു. 1896ല്‍ കോഴിക്കോട്ടു നടന്ന ചലച്ചിത്രആസ്വാദന ശിബിരത്തിന്റെ ഡയറക്ടര്‍ സിനി
മാ നിരൂപകനും സംവിധായകനുമായ പി. വിജകൃഷ്ണനായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്, മങ്കട രവിവര്‍മ്മ എന്നീ വിഖ്യാത ചലച്ചിത്രകാരന്മാര് അതില്‍ സംബന്ധിച്ചു.
കണ്ണൂര്‍ മാടായിക്കാവിനു സമീപം 1998 ല്‍ നടത്തിയ നാടന്കലാശിബിരത്തിന്റെ ഡയറക്ടര്‍ കുട്ടമത്ത് എ. ശ്രീധരന് ആയിരുന്നു. നാടന്‍കലാ പണ്ഡിതരായ ജി. ഭാര്‍ഗവന്‍പിള്ള, എം.വി. വിഷ്ണുനമ്പൂതിരി, രാഘവന് പയ്യനാട് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
തപസ്യ പ്രവര്‍ത്തകര്‍ക്കുവേണ്ടി വര്‍ഷംതോറും നടത്തുന്ന സംസ്ഥാന പഠനശിബിരം കല, സാഹിത്യം, സംസ്കാരികപാരമ്പര്യം, സാംസ്കാരിക പ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം എന്നിവയില്‍ സുവ്യക്തമായ ധാരണ നല്കാനുതകുന്ന ക്ലാസുകളും ചര്‍ച്ചകളും ആവിഷ്കാരങ്ങളും അടങ്ങിയ തരത്തില്‍ ഫലപ്രദമായ പരിപാടികളായി മാറാറുണ്ട്. കലാ-സാഹിത്യരംഗത്തുള്ള പ്രമുഖവ്യക്തികളും വിദഗ്ധരുമാണ് പരിശീലനം നയിക്കുക. പി.പരമേശ്വരന്, ആര്. ഹരി, ടി.ആര്. സോമശേഖരന്‍ തുടങ്ങിയ ചിന്തകരും തപസ്യയുടെ നേതൃനിരയിലുള്ള പ്രധാനികളും ഇത്തരം ശിബിരങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാനായി ഉണ്ടാവാറുണ്ട്. ഓരോ തവണയും വ്യത്യസ്ത സ്ഥലങ്ങളില്‍ നടക്കാറുള്ള ഈ ശിബിരത്തിന് അതാതിടങ്ങളില്‍ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാവാറുണ്ട്.
വാര്‍ഷികോത്സവങ്ങള്‍
സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷപൂര്‍വം നടത്തുന്ന വലിയ സാഹിത്യോത്സവങ്ങളെ അതിശയിപ്പിക്കുംവിധത്തിലുള്ള വാര്ഷികോത്സവങ്ങളാണ് രണ്ടാം വാര്‍ഷികം മുതല്‍ തപസ്യ നടത്തിവന്നത്. സാഹിത്യപരിഷത്തിന്റെ പ്രഭാവം കെട്ടടങ്ങിയതോടെ കേരളത്തിലെ പ്രാമാണികരടക്കമുള്ള എല്ലാ എഴുത്തുകാര്‍ക്കും കലാകാരര്‍ക്കും ഒത്തുകൂടാനുള്ള വേദിയായി മാറി തപസ്യ വാര്‍ഷികങ്ങള്‍. പരിഷത്ത് സമ്മേളനങ്ങളില്‍നിന്നു വ്യത്യസ്തമായി സാഹിത്യപരിപാടികള്‍ മാത്രമല്ല പ്രമുഖ കലാകാരര്‍ അവതരിപ്പിക്കുന്ന വലിയ കലാപരിപാടികളും അതിന്റെ സവിശേഷതയായിരുന്നു.
കവിസമ്മേളനങ്ങള്‍, കഥാകാരസംഗമം, വിവിധ മത്സരങ്ങള്‍, സംവാദങ്ങള്‍, വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളുള്‍ക്കൊള്ളുന്ന വാര്‍ഷികാഘോഷത്തില്‍ കേരളത്തിലെ പ്രാമാണികരായ ഏതാïെല്ലാ കലാ-സാഹിത്യനായകരും പങ്കെടുത്തിരുന്നു. ഇതിനു സമാനമായ വലിയ സാംസ്കാരികോത്സവങ്ങള്‍ കേരളത്തില്‍ വേറെയുണ്ടായിട്ടില്ല. ഓരോ തവണയും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഈ പരിപാടികളില്‍ കലാ-സാഹിത്യരംഗത്തുപ്രവര്ത്തിക്കുന്നവരും സഹൃദയരുമടക്കം വന്‍തോതിലുള്ള ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിമാറിക്കഴിഞ്ഞിരുന്നു.
വാര്‍ഷികോത്സവങ്ങളുടെ നടത്തിപ്പിനായി സംഘടിപ്പിക്കുന്ന സ്വാഗതസംഘങ്ങളില് അതത് പ്രദേശത്തെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തംകൊണ്ട് സമ്പന്നമാവുകയും അവിടെ തപസ്യ പ്രവര്‍ത്തനം വ്യാപിക്കുന്നതിന് പ്രേരണയാവുകയും ചെയ്യാറുണ്ട്. അത്തരം സമിതികളില്‍ പ്രവര്‍ത്തിച്ചവരാണ് പിന്നീട് തപസ്യയുടെ നേതൃനിരയിലേക്കു വന്ന പലരും. പ്രൊഫ. സി.കെ. മൂസത്, മഹാകവി അക്കിത്തം, പി.നാരായണക്കുറുപ്പ്, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, കുട്ടമത്ത് എ. ശ്രീധരന്, പ്രൊഫ. ബലറാം മൂസത് എന്നിവര്‍ ഉദാഹരണം.
സാഹിത്യസദസുകളുടെ തുടക്കം
മലയാളസാഹിത്യലോകത്ത് സമ്പുഷ്ടമായ സാഹിത്യസദസുകളും സംവാദങ്ങളും പരിചയപ്പെടുത്തിയത് തപസ്യയാണ്. പുസ്തകചര്‍ച്ചകള്‍, അനുമോദനങ്ങള്‍, ആദരണസദസുകള്, കവിസദസുകള്, സാഹിത്യസംവാദങ്ങള്‍ എന്നിങ്ങനെ നടക്കുന്ന വിവിധ പരിപാടികളില്‍ മിക്കതിലും നിരവധിപേര്‍ പങ്കെടുക്കാറുണ്ട്.
മഹര്‍ഷി അരവിന്ദന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് 1982ല്‍ സുകുമാര്‍ അഴീക്കോട് കോഴിക്കോട്ട് നടത്തിയ പ്രഭാഷണം, 1983 ല്‍ ജി. അരവിന്ദന്, വയലാ വാസുദേവന്‍പിള്ള, കാട്ടൂര്നാരായണപിള്ള, പൂജപ്പുര സുകു എന്നിവര്‍ക്ക് തിരുവന്തപുരത്ത് നല്കിയ അനുമോദനം, വിലാസിനിക്ക് തൃശൂരില്‍ നല്കിയ സ്വീകരണം, 1985 ല്‍ ഞെരളത്ത് രാമപ്പൊതുവാള്ക്ക് കോഴിക്കോട്ട് നല്കിയ ആദരവ്, 1986 ല്‍ ഒ.വി. വിജയന്റെ ‘ഗുരുസാഗരം’ എന്ന പ്രശസ്ത നോവലിനെക്കുറിച്ച് കോഴിക്കോട്ട് ഡോ. വി. രാജകൃഷ്ണനും തിരുവന്തപു
രത്ത് പ്രൊഫ. ആര്. നരേന്ദ്രനാഥും നടത്തിയ ചര്‍ച്ച, വയലാര്‍ അവാര്‍ഡു നേടിയ എന്‍.എന്‍. കക്കാടിനെ അനുമോദിക്കാനായി കോഴിക്കോട്ടു ചേര്‍ന്ന സുഹൃദ്സദസ്സ്, വൈലോപ്പിള്ളിയെ അനുസ്മരിച്ചുകൊണ്ട് ഡോ. എം. ലീലാവതി കോഴിക്കോട്ട് നടത്തിയ പ്രഭാഷണം, മഹാകവി അക്കിത്തത്തിനെ അനുമോദിച്ചുകൊണ്ട് എറണാകുളത്ത് ഒ.എന്‍.വിയും തുറവൂര്‍ വിശ്വംഭരനും പങ്കെടുത്ത സദസ്സ്, തിരുവനന്തപുരത്ത് എന്‍. കൃഷ്ണപിള്ള, മഹാകവി അക്കിത്തം, ബാലാമണിയമ്മ, ഡി. വിനയചന്ദ്രന് എന്നിവര്‍ പങ്കെടുത്ത സാഹിത്യ സംഗമം, കടത്തനാട്ട് മാധവിയമ്മയെ അനുമോദിക്കാനായി 1988ല്‍ വടകരയില്‍ നടത്തിയ ‘കവിപൂജ’, ലോകപ്രശസ്ത ചിത്രകാരന് അക്കിത്തം നാരായണന് തൃശ്ശൂരില്‍ നല്കിയ സ്വീകരണം, 1987 ല്‍ എന്‍. കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ട് ഡോ. കെ. രാഘവന്‍പിള്ളയുടെ പ്രഭാഷണം, 1993ല്‍ തൃശ്ശൂരില്‍ എം.ആര്.ബി ആദരണസദസ്സ്, 1988 ല്‍ തൃപ്പങ്ങോട്ട് നടന്ന കുട്ടിക്കൃഷ്ണമാരാര് അനുസ്മരണം തുടങ്ങിയവ അത്തരത്തില്‍ ശ്രദ്ധേയമാണ്.
തുഞ്ചന്ദിനാഘോഷങ്ങള്, സഞ്ജയന് സ്മൃതിസദസ്സ് എന്നീ പരിപാടികളിലൂടെ കേരളീയ പാരമ്പര്യത്തെയും സാഹിത്യസംസ്കാരത്തെയും പ്രചരിപ്പിക്കുന്ന പരിപാടികള്‍ മറ്റൊരു പ്രസ്ഥാനവും നടത്തിയിട്ടില്ല.
കലാരംഗത്ത് പുതുചൈതന്യം
തപസ്യയുടെ തുടക്കം മുതല്‍ തന്നെ സംസ്കാരത്തിന്റെ രണ്ട് ആവിഷ്കാരമുഖങ്ങള് എന്ന നിലയില്‍ കലയ്ക്കും സാഹിത്യത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അനുഷ്ഠാനകലകളും ക്ലാസിക്കല്‍ കലകളും
1978 ല്‍ നടന്ന രണ്ടാം വാര്‍ഷികോത്സവത്തിന് മുന്നോടിയായി കോഴിക്കോട്ട് നടന്ന അനുഷ്ഠാനകലകളുടെ അവതരണം പുതുമയുള്ള ഒന്നായിരുന്നു. നാഗപ്പാട്ട്, പാനേങ്കളി, മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, സോപാനപ്പാട്ട്, വനവാസിനൃത്തം തുടങ്ങിയവയായിരുന്നു അതില്‍ പ്രധാനം. 1979ല്‍ കോഴിക്കോട്ട് ടൗണ്‍ഹാളില്‍ നടന്ന കളമെഴുത്തുപ്രദര്ശനവും ഇത്തരത്തില്‍ ആദ്യത്തേതായിരുന്നു. കോട്ടോത്ത് കൃഷ്ണന് നമ്പ്യാര്‍ രചിച്ച കളമെഴുത്ത് പ്രദര്‍ശനം പൊതുവേദിയില്‍ നവ്യാനുഭവമായി. എല്ലാവിധ അനുഷ്ഠാനങ്ങളോടും കൂടി പതിനാറ് കളങ്ങളാണ് വരച്ചിരുന്നത്.
1989ലും 1997ലും തിരുവനന്തപുരത്തും 1999ല്‍ ആലുവയിലും നടന്ന വാര്‍ഷികോത്സവങ്ങളില്‍ തിയ്യാടി രാമന് രചിച്ച അറുപത്തിനാല് കൈകളുള്ള ഭദ്രകാളിക്കളം വലിയ മാധ്യമശ്രദ്ധയും സഹൃദയപ്രശംസയും പിടിച്ചുപറ്റി.
അനുഷ്ഠാനകലകളെ സ്വാഭാവികാന്തരീക്ഷത്തില്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 1988ല്‍ എറണാകുളം രാജേന്ദ്രമൈതാനിയില്‍ ഏഴു തെയ്യക്കോലങ്ങള്‍ അവതരിപ്പിച്ച് നടത്തിയ തെയ്യംമഹോത്സവം ശ്രദ്ധേയമായിരുന്നു. കണ്ണപ്പെരുവണ്ണാനും സംഘവും അവതരിപ്പിച്ച ഏഴു തെയ്യങ്ങള്‍ നഗരത്തിനു പുതുമയും കൗതുകവും വിജ്ഞാനവും ഭക്തിയും പകര്‍ന്നു. 1986ല്‍ കോട്ടയത്ത് പത്താംവാര്ഷികത്തിലും 1985ലും 1990ലും കണ്ണൂരില്‍ നടന്ന ഒമ്പത്, പതിനാല് വാര്‍ഷികങ്ങളിലും 2002ല്‍ കോഴിക്കോട്ടു നടന്ന രജതോത്സവത്തിലും പടയണി, മുടിയേറ്റ് തുടങ്ങി നിരവധി നാടന്‍കലകള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1995ല്‍ തിരുവനന്തപുരത്ത് പതിനെട്ടാം വാര്‍ഷികോത്സവത്തില്‍ അഡ്വ. തലയില്‍ കേശവന്നായര് അവതരിപ്പിച്ച വില്ലടിച്ചാന്‍പാട്ടും ആസ്വാദകമനസിനെ കീഴടക്കി.
കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, തുള്ളല്‍, പാഠകം എന്നിവയ്ക്ക് ആധുനികകാലത്ത് വലിയ പ്രചാരം നല്കുന്നതില് തപസ്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1981ല്‍ അഞ്ചാം വാര്‍ഷികോത്സവത്തില്‍ മാണിമാധവചാക്യാരും 1988 പന്ത്രണ്ടാം വാര്‍ഷികോത്സവത്തില്‍ അമ്മന്നൂര്‍ മാധവചാക്യാരും അവതരിപ്പിച്ച കൂടിയാട്ടം വലിയ മാധ്യമശ്രദ്ധ നേടി. 1982ല്‍ തിരുവനന്തപുരത്തു നടന്ന കല്യാണസൗഗന്ധികം കഥകളി, 1981ല്‍ തിരുവനന്തപുരത്ത് മൂഴിക്കുളം കൊച്ചുകുട്ടി ചാക്യാര്‍ അവതരിപ്പിച്ച കൂത്ത്, 1985ല്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന കഥകളി ആസ്വാദനസദസ്, 1994ല്‍ കലാമണ്ഡലം രാമന്‍കുട്ടിനായരും പട്ടിക്കാംതൊടി പത്മനാഭന്‍നായരും അവതരിപ്പിച്ച സന്താനഗോപാലം കഥകളി എന്നിവയ്ക്ക് വലിയ സഹൃദയപിന്തുണയാണ് ഉണ്ടായിരുന്നത്. ഗുരുവായൂരില്‍ മാത്രം അവതരിപ്പിക്കാറുള്ള കൃഷ്ണനാട്ടം എന്ന കലാരൂപം പുറത്തുള്ള ഒരു വേദിയില്‍ 1983 ല്‍ കോഴിക്കോട്ടു നടന്ന ഏഴാം വാര്ഷികോത്സവത്തിലായിരുന്നു ആദ്യമായി അവതരിപ്പിച്ചത്.
സംഗീതകല
ഡോ. എസ്. സ്വാമിനാഥനും സംഘവും നടത്തിയ 1988ല്‍ കോഴിക്കോട്ട് സുബ്രഹ്മണ്യഭാരതിയുടെ കൃതികളുടെ സംഗീതാവിഷ്കാരം, 1979 ല്‍ കോഴിക്കോട്ടു നടന്ന കാമകോടിബായിയുടെ ജലതരംഗക്കച്ചേരി, 1982ല്‍ സംഗീതസംവിധായകന് എം.ബി.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ‘ഗാനസുധ’, 1983ല്‍ കോഴിക്കോട്ട് ഞരളത്ത് രാമപ്പൊതുവാളും ജനാര്ദ്ദനന് നെടുങ്ങാടിയും അവതരിപ്പിച്ച സോപാനസംഗീതസദസ്, 1988 ലെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ളയും ശരത്ചന്ദ്ര മറാഠേയും അവതരിപ്പിച്ച ജുഗല്‍ബന്ദി എന്നിവ സംഗീതകേരളത്തിന് പുത്തന്‍ അനുഭവങ്ങളായിരുന്നു. നവരാത്രിയോടനുബന്ധിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വര്‍ഷംതോറും സംഗീതോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് തപസ്യ മാത്രമാണ്. കടലുണ്ടി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് മുടങ്ങാതെ വലിയ ഇത്തരം നവരാത്രിസംഗീതോത്സവങ്ങള് ഉത്സവച്ഛായയോടെ നടക്കുന്നത്.
നാട്യകല
നൃത്തകലയുടെ ഭാരതീയപ്പെരുമയെ കലാലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ ആദ്യകാലം മുതല്ക്കേ തപസ്യ സവിശേഷ ശ്രദ്ധ നല്‍കിയിരുന്നു. 1982 ല്‍ വിശ്വപ്രസിദ്ധ മലയാളി നര്‍ത്തകരായ ധനഞ്ജയന്-രാധ ദമ്പതിമാരുടെ ‘രാധാമാധവം’ എന്ന നൃത്തപരിപാടി കോഴിക്കോട്ടും തിരുവനന്തപുരത്തും നടത്തിയിരുന്നു. 1983ല്‍ കോഴിക്കോട്ടു നടന്ന മറാഠി, ഗുജറാത്തി നൃത്തങ്ങള്‍, വിവിധ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ച് 1986 ല്‍ താരാരാജകുമാരന് അവതരിപ്പിച്ച പരിപാടി, 1998 ല്‍ ഹൈദരാബാദ് സ്വദേശിയായ അനുരാധ ജോന്നലഗഡ അവതരിപ്പിച്ച കുച്ചിപ്പുടിനൃത്തം എന്നിവ എടുത്തു പറയേണ്ടതാണ്. മാഘപൂര്ണിമയോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരുന്ന ഭരതമുനിജയന്തിയുടെ ഭാഗമായി കേരളത്തിലുടനീളമുള്ള തപസ്യ ഘടകങ്ങളില്‍ നടത്തിവരറുള്ള നൃത്താവതരണങ്ങളിലും മത്സരങ്ങളിലും നിരവധി നര്‍ത്തകര്‍ക്ക് വേദിയൊരുക്കാറുണ്ട് തപസ്യ.
നാടകകല
നാടകരംഗത്ത് ഭാരതീയവും കേരളീയവുമായ പാരമ്പര്യത്തിലൂന്നിക്കൊണ്ടുള്ള പുതിയ പരീക്ഷണങ്ങള്‍ക്കുവേണ്ടി തുടക്കം മുതലേ തപസ്യ നിലകൊണ്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് എംഎ സാറിന് സി.എന്‍. ശ്രീകണ്ഠന്നായരുമായുണ്ടായ അടുപ്പം അതിനുള്ള ഊര്‍ജമായി മാറിയിരുന്നു. തപസ്യയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് 1983ല്‍ കോഴിക്കോട്ടു നടന്ന തനതുനാടകവേദിയെക്കുറിച്ചുള്ള സെമിനാര്‍ അതിന്റെ പ്രതിഫലനമായിരുന്നു. കലാചിന്തകരും നിരൂപകരുമായ ഡോ. ടി.പി. സുകുമാരന്‍, കെ.എസ്. നാരായണപിള്ള, നാടകകാരന്മാരായ വയലാ വാസുദേവന്‍പിള്ള, കെ.എ. കൊടുങ്ങല്ലൂര്‍, നാടന്‍കലാ വിശാരദന് ജി. ഭാര്‍ഗവന്‍പിള്ള എന്നിവര്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്തു.
പാരമ്പര്യത്തിലധിഷ്ഠിതമായ നാടകപരിശ്രമത്തില് വിജയിച്ച കാവാലം നാരായണപ്പണിക്കര്‍ അവതരിപ്പിച്ച ഭാസനാടകമായ മധ്യമവ്യായോഗം 1989ലെ മൂന്നാം വാര്‍ഷികത്തില്‍ത്തന്നെ തപസ്യ വേദിയില്‍ അരങ്ങേറിയിരുന്നു. അതേത്തുടര്‍ന്ന് കാവാലത്തിന്റെ ജീവിതാവസാനം വരെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ നാടകങ്ങള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി തപസ്യ വേദികളില്‍ അരങ്ങേറുകയുണ്ടായി. കാവാലം നാടകങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേദിയൊരുക്കിയത് തപസ്യയാണ്. തനതുനാടകത്തിലെ സഫലമായ പരീക്ഷണമായിരുന്ന പ്രൊഫ. ആര്. നരേന്ദ്രപ്രസാദിന്റെ ‘സൗപര്‍ണിക’ എന്ന നാടകം 1984ല്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും അവതരിപ്പിച്ചത് തപസ്യയാണ്.
ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ 1981ല്‍ നടന്ന നാടകശിബിരത്തെക്കുറിച്ച് നേരത്തെ വിശദമാക്കിയല്ലോ. തപസ്യയുടെ തിരുവനന്തപുരം, പാവറട്ടി, കുറ്റിക്കാട്ടൂര്‍, വെങ്ങര തുടങ്ങിയ യൂണിറ്റുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സ്വന്തമായി നാടകാവതരണം നടത്തിയിട്ടുണ്ട്. 2022ല്‍ കോഴിക്കോട്ട് പ്രശസ്ത നാടകസംവിധായകനായ ശശിനാരായണന്റെ നേതൃത്വത്തില്‍ നാടകക്കളരിയും നാടകാവതരണവും നടക്കുകയുണ്ടായി.
ചിത്ര-ശില്പകല
കേരളത്തിലെ വിഖ്യാതരായ ചിത്രകാരന്മാരൊക്കെ തപസ്യയുമായി സഹകരിച്ചവരായിരുന്നു. 1982ല്‍ കോഴിക്കോട്ടു നടന്ന കെ.സി.എസ്. പണിക്കര്‍ അനുസ്മരണ ചിത്രപ്രദര്‍ശനവും സെമിനാറുമായിരുന്നു ചിത്രകലാരംഗത്ത് തപസ്യ നടത്തിയ ആദ്യത്തെ പരിപാടി. 1984 ല്‍ തൃശ്ശൂരില്‍ നടന്ന ചിത്ര-ശില്പ ശിബിരത്തെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചല്ലോ. തപസ്യയുടെ 11-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1987 നവംബര്‍ 14,15,16 തീയതികളില്‍ ‘വിശ്വസംസ്കാരത്തിന് ഭാരതത്തിന്റെ സംഭാവന’ എന്ന പേരില്‍ പദ്മശ്രീ വി.എസ്. വാക്കന്കറുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. യുവചിത്രകാരരെ പങ്കെടുപ്പിച്ചുകൊണ്ട് 1993 മെയ് 27,28,29 തീയതികളില്‍ ഇടപ്പള്ളിയില്‍ ചിത്രകാരസംഗമത്തില് എം.വി. ദേവന്, ശില്പകലാചാര്യന് എം.വി. കൃഷ്ണന്, കാട്ടൂര്‍ നാരായണപിള്ള, കെ.കെ. വാരിയര്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
1986 ല്‍ കൊയിലാണ്ടിയിലും 1991 ല്‍ എടപ്പാളിലും കടലുണ്ടിയിലും യുവകലാകാരന്മാര്ക്കായി ചിത്ര-ശില്പ ശിബിരങ്ങള്‍ നടന്നിരുന്നു. ചിത്രകാരന്മാരായ എ.എസ്, ബി.എം. ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തിട്ടുണ്ട്.
1988 ല്‍ ഭാരതീയചിത്രകലയുടെ ആത്മാവുകണ്ട വിഖ്യാത ചിത്രകാരന് ജാമിനിറോയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന അനുസ്മരണപരിപാടിക്കു സമാനമായി ഒരു പക്ഷെ ഭാരതത്തില്‍ത്തന്നെ അത്തരത്തില്‍ നടന്നിട്ടുണ്ടാവില്ല. എം.വി. ദേവന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.പി. പത്മനാഭന്‍തമ്പി, വി. ശങ്കരമേനോന്, കാനായി കുഞ്ഞിരാമന്, അബ്രഹാം ഇട്ടിച്ചിറ, കെ.കെ. വാരിയര്‍ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാര് പങ്കെടുത്തു.
1994 ല്‍ ആഗസ്റ്റ് 12, 13 തിയതികളില്‍ ഏറ്റുമാനൂരില്‍ നടന്ന ചിത്രകാരസംഗമത്തില് 77 യുവ കലാകാരന്മാര് പങ്കെടുത്തു. കൊല്ലത്ത് ചേര്‍ന്ന 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2000 ല്‍ രാജന് കാക്കനാടന് അനുസ്മരണ ചിത്രശില്പകാര്ട്ടൂണ് പ്രദര്‍ശനം സംഘടിപ്പിച്ചു. വീരസവര്‍ക്കറുടെ ജീവിതത്തെ അധികരിച്ച് ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ അനേകം സ്ഥലങ്ങളില്‍ തപസ്യ സംഘടിപ്പിച്ചു.
1990ല്‍ കോഴിക്കോട് വച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരി രാമായണരേഖാചിത്രങ്ങള് തത്സമയം വരച്ച പരിപാടി വളരെ ആകര്‍ഷകമായിരുന്നു. 101 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ 28 ഫ്രെയിമുകളിലായി അനായാസമായി ഒഴുകിയെത്തിയ വരകള്കൊണ്ട് അദ്ദേഹം തീര്‍ത്ത രാമായണകാവ്യം പിന്നീട് കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും പ്രദര്‍ശിപ്പിച്ചു. 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് 1998ല്‍ നടന്ന വാര്‍ഷികത്തില്‍ 40 ചിത്രകാരന്മാരുടെ വ്യത്യസ്ത മാധ്യമങ്ങളിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.
ചലച്ചിത്രരംഗം
1985ല്‍ തിരുവനന്തപുരത്തു നടന്ന സെമിനാറില്‍ ഭരത്ഗോപി, വേണുനാഗവള്ളി എന്നിവര്‍ പങ്കെടുത്തതാണ് സിനിമാരംഗവുമായി ബന്ധപ്പെട്ട് തപസ്യ നടത്തിയ ആദ്യത്തെ പരിപാടി. 1986ല്‍ കോഴിക്കോട്ടു നടന്ന ചലച്ചിത്ര ആസ്വാദകശിബിരത്തെക്കുറിച്ച് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. 1995 ല്‍ തിരുവനന്തപുരത്തു കുട്ടികള്‍ക്കായി ഒരു ചലച്ചിത്രശിബിരം നടത്തി. ഡോ.ബാലശങ്കര്‍ മന്നത്ത് ആയിരുന്നു ക്യാമ്പ് ഡയറക്ടര്‍. പി. വിജയകൃഷ്ണനും ഭരത്ഗോപിയും അതില്‍ ക്ലാസുകളെടുത്തിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവിധ പരിപാടികളില്‍ ജി. അരവിന്ദന്, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, കൈതപ്രം, ഒ.എന്‍.വി. എന്നിവര്‍ പങ്കെടുത്തിരുന്നു.
സാംസ്കാരിക തീര്‍ത്ഥയാത്രകള്‍
നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സാംസ്കാരികപാരമ്പര്യത്തിന്റെ സ്രോതസുകള്‍ കïെത്തുന്നതിനും അതിനെ പ്രോജ്വലിപ്പിച്ച പൂര്‍വസൂരികളെ അനുസ്മരിക്കുന്നതിനുമായി 1991ല്‍ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടന്ന സാസ്കാരികതീര്ത്ഥയാത്ര കേരളത്തിന്റെ സാംസ്കാരികചരിത്രത്തിലെ അതിസവിശഷമായ ഒരു അനുഭവമായിരുന്നു.
ഭാരതത്തിന്റെ സാംസ്കാരികസ്വത്വത്തെ ഉണര്‍ത്തുന്നതിനും അതിന്റെ ആര്‍ജവം രാഷ്ട്രശരീരത്തിലാകെ പ്രസരിപ്പിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ മുന്നേറ്റം ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാലം. അതിന്റെ പ്രഭാവം തടയുന്നതിനായി കപടമതേതരത്വത്തിന്റെ ആഭിചാരക്രിയകള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളത്തില്‍. കലാ-സാഹിത്യരംഗത്ത് പുതിയൊരുതരം അസ്പൃശ്യത സൃഷ്ടിച്ചുകൊണ്ട് മതേതരസാംസ്കാരികവേദിയുടെ ഊഷരമായ കാറ്റ് ഇവിടെ വീശിയടിക്കാന്‍ തുടങ്ങുകയായിരുന്നു. കേരളത്തിലെ പ്രാമാണികരായ ഒട്ടുമിക്ക കലാ-സാഹിത്യനായകരും സഹൃദയലോകവും ഈ തീര്‍ത്ഥയാത്രയുമായി സര്‍വാത്മനാ സഹകരിച്ചിരുന്നു.
നൂറ്റി നാല്പതോളം സാംസ്കാരികകേന്ദ്രങ്ങളാണ് യാത്രയില്‍ സന്ദര്‍ശിച്ചത്. ഒരു പുരുഷായുസ്സു മുഴുവന്‍ കലാ-സാഹിത്യസപര്യയില്‍ മുഴുകിയ മുപ്പത്തിയൊന്ന് പ്രമുഖ വ്യക്തികളെ ആദരിച്ചു. നൂറോളം യുവപ്രതിഭകളെ അനുമോദിച്ചു. ഇതോടനുബന്ധിച്ച് ജില്ലാതലങ്ങളില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സാംസ്കാരികോത്സവങ്ങള്‍ നടത്തിയിരുന്നു.
ഈ തീര്‍ത്ഥയാത്രയുടെ സ്മരണയില്‍ 2011ല്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെയും എസ്. രമേശന്നായരുടെയും നേതൃത്വത്തില്‍ സഹ്യസാനുക്കളിലൂടെയും സമുദ്രതീരത്തിലൂടെയും രണ്ട് തീര്‍ത്ഥയാത്രകളും തപസ്യ നടത്തിയിരുന്നു. കൂടാതെ 1996ല്‍ ‘നിളാപുണ്യത്തിലൂടെ’ എന്ന പേരിലും 1998ല്‍ ‘പൂര്ണാനദിക്കരയിലൂടെ’ എന്ന പേരിലും സാംസ്കാരികയാത്രകള് നടത്തിയിരുന്നു. 2000 ല്‍ കൊല്ലത്തെ വാര്‍ഷികത്തോടനുബന്ധിച്ചും തീര്‍ത്ഥയാത്ര നടന്നു. തപസ്യ രജതോത്സവത്തിന്റെ ഭാഗമായി 2001ല്‍ കാസര്‍കോട്ടെ അനന്തപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ‘ജ്യോതിര്‍ഗമയ’ എന്ന പേരില്‍ നടത്തിയ സാംസ്കാരികയാത്രയും കേരളത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു.
പുരസ്കാരങ്ങള്‍
തപസ്യയുടെ ആഭിമുഖ്യത്തില്‍ നല്‍കിവരുന്ന വിവിധ പുരസ്കാരങ്ങള്‍ കീര്‍ത്തികേട്ടവയാണ്. 2003 മുതല്‍ നല്‍കിവരുന്ന ‘സഞ്ജയന് പുരസ്കാരം’ ആണ് അത്തരത്തില്‍ ആദ്യത്തേത്. മഹാകവി അക്കിത്തം, ഒ.വി. വിജയന്, അയ്യപ്പപ്പണിക്കര്‍, എം.വി. ദേവന്, സി. രാധാകൃഷ്ണന്, ടി. പദ്മനാഭന്, വിഷ്ണുനാരായണന്‍നമ്പൂതിരി, കാവാലം നാരായണപ്പണിക്കര്‍, പി. പരമേശ്വരന്, പി.നാരായണക്കുറുപ്പ്, പി. വത്സല, എസ്. രമേശന്നയര്, മാടമ്പ് കുഞ്ഞുകുട്ടന്, എന്‍.കെ. ദേശം, പി.ആര്.നാഥന് എന്നിവര്‍ക്ക് അത് ലഭിച്ചിട്ടുണ്ട്.
വി.എം.കൊറാത്തിന്റെ പേരില്‍ 2010 ല്‍ നല്കിയ പ്രഥമ അവാര്‍ഡ് ദേശീയപ്രശസ്ത പത്രപ്രവര്ത്തകന് എം.വി. കാമത്തിനാണ് ലഭിച്ചത്. ഭാരത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അഡ്വാനിയാണ് പുരസ്കാരസമര്‍പ്പണം നടത്തിയത്. പത്രപ്രവര്‍ത്തകനായ ടി.വി.ആര്. ഷേണായ്, ചലച്ചിത്രസംവിധായകന്‍ ഹരിഹരന് എന്നിവര്‍ക്ക് ആ പുരസ്കാരം ലഭിച്ചു.
പ്രശസ്തകവി ദുര്‍ഗാദത്തന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം യുവ എഴുത്തുകാര്‍ക്കാണ് നല്‍കാറ്. 2003 ല്‍ സുഭാഷ്ചന്ദ്രനാണ് അത് ലഭിച്ച ആദ്യ എഴുത്തുകാരന്. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മയ്ക്കായുള്ള പുരസ്കാരവും അദ്ദേഹത്തിന്റെ നിര്യാണശേഷം 2018 മുതല്‍ തപസ്യ വര്‍ഷം തോറും നല്കിവരുന്നു. ഡോ. എം. ലീലാവതിക്കാണ് ആദ്യപുരസ്കാരം ലഭിച്ചത്. 2022 മുതല്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ പേരില്‍ നല്‍കിവരുന്ന പുരസ്കാരം ആദ്യം നല്‍കിയത് സുരേഷ്ഗോപി
ക്കാണ്.
2022 മുതല്‍ മഹാകവി അക്കിത്തത്തിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്കാരം എം.ടി. വാസുദേവന്‍നായര്‍, ശ്രീകുമാരന്‍തമ്പി, പ്രൊഫ. കെ.പി. ശങ്കരന് എന്നിവര്‍ക്ക് ലഭിക്കുകയുണ്ടായി.
‘വാര്‍ത്തികം’ മാസിക
തപസ്യയുടെ മുഖപത്രം എന്ന നിലയില്‍ 1984 മുതല്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന ചെറുപ്രസിദ്ധീകരണമായിരുന്നു ‘വാര്‍ത്തികം’. പ്രൊഫ. കെ.പി. ശശിധരന് പത്രാധിപരായി നടന്നുവന്നിരുന്ന അതിന്റെ മുഖപ്രസംഗങ്ങളും മഹാകവി അക്കിത്തവും വി.എം. കൊറാത്തും എഴുതുന്ന പംക്തികളും സാംസ്കാരികകേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും കലാ-സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അതീവ താല്പര്യത്തോടെ വായിച്ചിരുന്ന ആ പ്രസിദ്ധീകരണം തപസ്യയുടെ കാഴ്ചപ്പാടും നിലപാടുകളും പ്രകടമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഇതു വായിച്ചു സൂക്ഷിച്ചുവയ്ക്കുകയും കൈമാറി വായിക്കുകയും ചെയ്ത പ്രമുഖരായ സാംസ്കാരികനായകരുണ്ടായിരുന്നു. ഒ.വി. വിജയനടക്കം പല പ്രമുഖരും അതിലെ ലേഖനങ്ങളോട് പ്രതികരിച്ചുകൊണ്ട് കുറിപ്പുകള്‍ അയച്ചിട്ടുണ്ടണ്ട്.
സഞ്ജയന് സ്മാരകസമിതി
പ്രശസ്ത എഴുത്തുകാരന് വി. ഉണ്ണിക്കൃഷ്ണന്നായരുടെ നേതൃത്വത്തില്‍ പ്രമുഖ ഹാസസാഹിത്യകാരനും സാഹിത്യനിരൂപകനുമായിയുന്ന എം.ആര്. നായരുടെ സ്മരണാര്‍ത്ഥം കോഴിക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ‘സഞ്ജയന് സ്മാരകസമിതിയുടെ ആസ്തിബാധ്യതകള്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത് തപസ്യക്കു കൈമാറി. അതിന്റെ ഭാഗമായി ‘ഹാസപ്രകാശം’ എന്ന പേരില്‍ ഒരു സ്മാരകഗ്രന്ഥം തപസ്യ പ്രസിദ്ധീകരിച്ചു. വര്‍ഷംതോറും സഞ്ജയന് അനുസ്മരണപരിപാടികള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.
വനപര്‍വം
സമീകൃതവും സന്തുലിതവുമായ ഒരു ജീവിതപദ്ധതിയിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകീഭാവത്തെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1983 ല്‍ തപസ്യ ‘വനപര്‍വം’ എന്ന തുടങ്ങിയത്. അന്ന് തിരുവനന്തപുരത്തു നടന്ന തപസ്യ ശില്‍പ്പശാലയില്‍ പ്രൊഫ. കെ.പി. ശശിധരന്റെ നേതൃത്വത്തിലുള്ള ആലോചനായോഗത്തില്‍ ഉടലെടുത്ത ഈ കര്‍മ്മപദ്ധതി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയായിരുന്നു. കേരളത്തിലെ സാംസ്കാരികരംഗത്ത് സൈലന്റ്വാലി സംരക്ഷണ പ്രസ്ഥാനം ശക്തമായിരുന്ന ആ കാലഘട്ടമാണ് വനപര്‍വത്തിന്റെ പിറവിക്ക് പശ്ചാത്തലമായത് എന്നു പറയാം.
പി. പരമേശ്വരന്, സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, എം.വി. ദേവന്, ആര്. നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രന്, ഡോ. കെ.ജി. അടിയോടി, ഡോ. സി.കെ രാമചന്ദ്രന് തുടങ്ങി ഒട്ടേറെ പ്രമുഖവ്യക്തികള്‍ തപസ്യയോടൊപ്പം വനപര്‍വത്തിന്റെ ആശയത്തെ പ്രകാശമാനമാക്കി. നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ മൂന്നിലധികം ദശകങ്ങളില്‍ ഇതിന്റെ ഭാഗമായി തപസ്യ സംഘടിപ്പിക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ കമ്മാടംകാവ് സംരക്ഷണത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ എടുത്തുപറയേണ്ട ഒന്നാണ്.
വനപര്‍വത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറുപുസ്തകം 1989 ല്‍ തപസ്യ പ്രസിദ്ധീകരിച്ചിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരി, പി, പരമേശ്വരന്, എം.വി. ദേവന്, ഡോ.സി.കെ. രാമചന്ദ്രന്, ഡോ.എന്‍. ഗോപാലകൃഷ്ണന്, സി. കൃഷ്ണന് നമ്പൂതിരി എന്നിവരുടെ ലേഖനങ്ങള്‍ക്കു പുറമെ വിഖ്യാത ശാസ്ത്രകാരനായ ഡോ. ജെ.സി. ബോസിന്റെ ഒരു ലേഖനവും മൊഴിമാറ്റം ചെയ്ത് അതില്‍ ചേര്‍ത്തിരുന്നു.
കാസര്‍ഗോട് ജില്ലയിലെ കമ്മാടംകാവ് സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ പരിശ്രമങ്ങളടക്കം ഭാവത്മകമായ നിരവധി പരിപാടികള്‍ വനപര്‍വത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും വിവിധ കേന്ദ്രങ്ങളില്‍ തപസ്യ നടത്തിവരുന്നു.
സാംസ്കാരികമായ ഇടപെടലുകള്‍
കേരളത്തില്‍ ഓരോ കാലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പരിസ്ഥിതികളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട് കേരളത്തിലെ മുന്‍നിര കലാ-സാഹിത്യപ്രസ്ഥാനമായി തപസ്യ ഇതിനകം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും ദേശീയതയെയും നിഷേധിക്കാനും തമസ്കരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികള്‍ക്കെതിരെ തീവ്രമായി പ്രതികരിക്കാനും പുതിയ തലമുറയ്ക്ക് ദിശാബോധം നല്കാനുമുതകുന്ന പ്രവര്‍ത്തനമാണ് തപസ്യ ഇക്കാലമത്രയും നടത്തിക്കൊണ്ടിരുന്നത്.
തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും കേരളത്തിലെ സാംസ്കാരികനയം രൂപീകരിക്കുന്ന കാര്യത്തിലും കൊല്ലങ്കോട് കൊട്ടാരം പോലുള്ള പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട് തപസ്യയുടെ കാഴ്ചപ്പാടനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്പ്പിക്കുകയുണ്ടായിട്ടുണ്ട്. ആനുകാലികമായി സാംസ്കാരികരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളോട് വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളും ഉണ്ടാവാറുണ്ട്.
അനുസ്യൂതം വളര്‍ന്നുവരുന്ന ഭാരതനവോത്ഥാനത്തിന് നേതൃത്വം വഹിക്കാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്കാര്‍ഭാരതി എന്ന പ്രസ്ഥാനവുമായി 1986 മുതല്‍ തപസ്യ സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. മഹാകവി അക്കിത്തം, പി. നാരായണക്കുറുപ്പ്, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ സംസ്കാര്‍ഭാരതിയുടെ ദേശീയ ഉപാധ്യക്ഷന്മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാര്‍ഭാരതിയുടെ സ്ഥാപകസംഘടനാ സെക്രട്ടറിയായിരുന്ന യോഗേന്ദ്രജിയും ദേശീയ ഉപാധ്യക്ഷന്‍ യാദവറാവു ദേശ്മുഖും ദക്ഷിണഭാരത സെക്രട്ടറിയായിരുന്ന ഡോ. ഘനശ്യാമളപ്രസാദ് റാവുവും പലതവണ തപസ്യ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് അഖിലഭാരതതലത്തില്‍ അംഗീകാരം നല്കിയിരിക്കുന്നു.
പുതിയകാലത്തിന്റെ വെല്ലുവിളികള്‍ തരണം ചെയ്ത് കേരളത്തിലെ സാംസ്കാരികരംഗം നിയന്ത്രിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനമായി തപസ്യ കരുത്തുറ്റതാകുക എന്നതാണ് അമ്പതാം വാര്‍ഷികാഘോഷത്തോടൊപ്പം മുന്നിലുള്ള കര്‍ത്തവ്യം. അതിനായി സംസ്ഥാനത്തിലെല്ലായിടത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തികച്ചും നിസ്വാര്‍ത്ഥരും ത്യാഗസന്നദ്ധരും സമര്പ്പിതമനസ്സുള്ളവരുമായ പ്രവര്ത്തകവൃന്ദത്തെയും ദിശാബോധവും വ്യക്തമായ കാഴ്ചപ്പാടുമുള്ള കലാ-സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് സംഘടന വളരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: