മുംബൈ: വിദേശനാണ്യ ശേഖരത്തില്‍ ചരിത്രം കുറിച്ച് ഭാരതം. ആദ്യമായി രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളര്‍ (704.855 ബില്യണ്‍ ഡോളര്‍) കടന്നു. കഴിഞ്ഞയാഴ്ചത്തേതില്‍ നിന്ന് 12.588 ബില്യണ്‍ ഡോളറിന്റെ വര്‍ധന.
ഇതോടെ, വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളര്‍ കടക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം. ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് മുന്നില്‍. 2013 മുതല്‍ ഭാരതം കരുതല്‍ ശേഖരം ക്രമാനുഗതമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. സപ്തം. 27ന് അവസാനിച്ച ആഴ്ചയില്‍ 1258.8 കോടി ഡോളറിന്റെ വര്‍ധന ശേഖരത്തിലുണ്ടായി.
ഡോളര്‍, പൗണ്ട്, യൂറോ, ജാപ്പനീസ് യെന്‍ തുടങ്ങിയ പ്രധാന വിദേശ കറന്‍സികളും സ്വര്‍ണവും അടങ്ങുന്നതാണ് ഭാരതത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം. പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാകാനാണ് രാജ്യങ്ങളുടെ കരുതല്‍ ശേഖരം. ഈ വര്‍ഷം 30 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഭാരതത്തില്‍ ഒഴുകിയെത്തിയത്. 2026 മാര്‍ച്ചോടെ ഭാരതത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 745 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം.
വിദേശ നാണയ ശേഖരത്തിലെ പ്രബലർ
രാജ്യം വിദേശ നാണയ ശേഖരം
ചൈന 3.28 ലക്ഷം കോടി ഡോളർ
ജപ്പാൻ 1.3 ലക്ഷം കോടി ഡോളർ
സ്വിറ്റ്സർലൻഡ് 89,000 കോടി ഡോളർ
ഇന്ത്യ 70,489 കോടി ഡോളർ
റഷ്യ 59,022 കോടി ഡോളർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: