India

സമുദായങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ വിഭജിക്കാന്‍ കോണ്‍ഗ്രസ് ശ്രമം: മോദി

Published by

മുംബൈ: രാജ്യത്തെ വിഭജിക്കാനുള്ള അജണ്ട നടപ്പാക്കാന്‍ സമുദായങ്ങള്‍ക്കിയില്‍ കോണ്‍ഗ്രസ് മനഃപൂര്‍വം ഭിന്നത വളര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ബിജെപിയോടൊപ്പം ഒന്നിച്ചാല്‍ രാജ്യത്തെ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസിന്റെ അജണ്ടകള്‍ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ബിജെപിയോടൊപ്പം ഒന്നിച്ചുനില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഒരു പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ദല്‍ഹിയിലെ 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ മോദി പരിഹസിച്ചു. രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ ദല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും ഒക്ടോ. രണ്ടിന് ദല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പി
ടിയിലായത്.

ഇന്നലെ രാവിലെ വിദര്‍ഭയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,000 കോടിയോളം രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു വിതരണവും നമോ ഷേത്കാരി മഹാസമ്മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡുവിന് തുടക്കംകുറിക്കലും ഇതോടൊപ്പം നടത്തി. ഏകദേശം 9.5 കോടി കര്‍ഷകര്‍ക്കായി 20,000 കോടി രൂപ വരുന്ന പിഎം-കിസാന്‍ സമ്മാന്‍ നിധിയാണ് വിതരണം ചെയ്തത്. കര്‍ഷകര്‍ക്ക് ഇരട്ടി ആനുകൂല്യങ്ങള്‍ നല്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്‌ട്രയിലുള്ള 90 ലക്ഷം കര്‍ഷകര്‍ക്ക് ഏകദേശം 1900 കോടി രൂപയുടെ ധനസഹായമാണ് കൈമാറിയത്.
അന്ധേരിക്കടുത്ത് ആരേ കോളനിയില്‍ നിന്ന് ബാന്ദ്രകുര്‍ള കോംപ്ലക്‌സിലേക്കുള്ള (ബികെസി) ഭൂഗര്‍ഭ മെട്രോ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

താനെ ഇന്റഗ്രല്‍ റിങ് മെട്രോ, താനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പുതിയ മന്ദിരം, നവിമുംബൈ മേഖലയുടെ ചിത്രമാകെ മാറ്റുന്ന 2550 കോടി രൂപയുടെ നൈന പദ്ധതികളുടെ ഭൂമിപൂജ, ബഞ്ജാര സമുദായത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന മ്യൂസിയം എന്നിവയാണ് തുടക്കംകുറിച്ച വിവിധ പദ്ധതികള്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത്പവാര്‍, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്‍, രാജീവ് രഞ്ജന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by