വി.മുരളീധരന്‍
സ്വാശ്രയ കോളജ് വിരുദ്ധ സമരത്തിനിടെ വെടിയേറ്റ് കിടപ്പിലായ സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്‍ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെല്ലായിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ചെറുത്തുനില്‍പിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയിരുന്നയാളാണ് പുഷ്പന്‍. കാലം മാറിയപ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങളോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം മാറി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ മകള്‍ സ്വാശ്രയ കോളജില്‍ ചേര്‍ന്ന് പഠിച്ചു. കൂത്തുപറമ്പ് വെടിവയ്പില്‍ സിപിഎം പ്രതിസ്ഥാനത്ത് നിര്‍ത്തിയ എം.വി. രാഘവനെ ആ പാര്‍ട്ടി തിരികെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ മകനെ നിയമസഭാ സ്ഥാനാര്‍ഥിയും പിന്നീട് ജില്ലാ കമ്മിറ്റി അംഗവുമാക്കി.
പാര്‍ട്ടി സ്റ്റഡി ക്ലാസുകളിലിരുന്ന് കമ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ കേട്ട് രോമാഞ്ചം കൊള്ളുന്ന സഖാക്കള്‍ ഇനിയെങ്കിലും മനസിലാക്കേണ്ടത് അധികാരക്കസേരയോളമേ ആദര്‍ശങ്ങള്‍ക്ക് ആ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നാണ്. ”ബഹുരാഷ്‌ട്ര കുത്തകകള്‍ക്കെതിരെ പോരാടണം” എന്ന് അണികളെ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഒരു പത്ര അഭിമുഖം നല്‍കാന്‍ പോലും കുത്തക കമ്പനികളുടെ സേവനം തേടുന്നതെങ്ങനെയെന്ന് പോയവാരം കേരളം കണ്ടു. പി.ആര്‍ വിവാദം കത്തിപ്പടരുമ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ മണിപ്പൂര്‍ മുതല്‍ ഇസ്രയേല്‍ വരെ സകലതിനെയും കുറിച്ച് നിലപാട് പറയുമ്പോളും കെയ്‌സണ്‍ പി.ആര്‍ കമ്പനിയെക്കുറിച്ച് മൗനം പുലര്‍ത്തുന്നു.
യാതൊരു ലജ്ജയുമില്ലാതെ കള്ളം പറയുന്ന പിണറായി വിജയനെയാണ് കഴിഞ്ഞയാഴ്ച കേരളം കണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അന്ധമായി പിന്തുണയ്‌ക്കുന്ന ഇംഗ്ലീഷ് മാധ്യമത്തില്‍ തന്റെ അഭിമുഖം വന്നത് പി.ആര്‍ ഏജന്‍സി വഴിയാണോ എന്ന ചോദ്യത്തില്‍ നിന്ന് പൊട്ടിച്ചിരിച്ച് ഒഴിഞ്ഞുമാറിയ പിണറായി വിജയന്‍, കമ്യൂണിസ്റ്റ് അവസരവാദത്തിന്റെ മികച്ച ഉദാഹരണമാണ് അണികള്‍ക്ക് നല്‍കിയത്. ”കുത്തകള്‍ക്കെതിരെ പോരാടുന്ന” സിപിഎം മുന്‍ എംഎല്‍എ ടി.കെ.ദേവകുമാറിന്റെ മകന്‍, റിലയന്‍സ് കമ്പനിയില്‍ ജോലി ചെയ്യുമ്പോളാണ് കെയ്‌സണ്‍ കമ്പനിയുടെ സഹയാത്രികനായി മുഖ്യമന്ത്രിയുടെ അഭിമുഖ കച്ചവടം നടത്തുന്നത്. മാന്യതയുള്ള പത്രം എന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ച ദ് ഹിന്ദു, അഭിമുഖം തരപ്പെടുത്തിയത് പി.ആര്‍ ഏജന്‍സിയാണെന്ന് പറഞ്ഞെങ്കിലും അവര്‍ക്കെതിരെ നിയമനടപടിക്കുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും എന്ന് വിരട്ടുന്ന മുഖ്യമന്ത്രിയാണ് ദ് ഹിന്ദുവിന്റെ വെളിപ്പെടുത്തലില്‍ അപമാനിതനായി തലകുനിച്ച് നില്‍ക്കുന്നത്.
പിണറായി വിജയന്‍ എന്ന വീരപുരുഷന്‍ തന്നെ പി.ആര്‍ കമ്പനികളുടെ സൃഷ്ടിയാണ് എന്ന് ആറ് വര്‍ഷമായി ചൂണ്ടിക്കാട്ടുന്നയാളാണ് ഞാന്‍. 2018ല്‍ അണക്കെട്ടുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് നാനൂറോളം മനുഷ്യരെ മുക്കിക്കൊന്നതിന്റെ ഉത്തരവാദിത്തതില്‍ നിന്ന് പിണറായി വിജയനെ രക്ഷിച്ചെടുത്തത് പി.ആര്‍ മാജിക്കാണ്. താന്‍ തന്നെ സൃഷ്ടിച്ച പ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്ന ”കരുതലിന്റെ കര”മായി പിണറായിയെ പി.ആര്‍ കമ്പനികള്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും അത് ഏറ്റെടുത്തു. കണ്ണഞ്ചിപ്പിക്കുന്ന പ്രചാരവേല സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ യുക്തിസഹമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പോലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പിന്നിട് കണ്ടെത്തി. പക്ഷേ ആ മനുഷ്യക്കുരുതിയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ല.
കോവിഡ് മഹാമാരിയുടെ കാലത്താണ് പി.ആര്‍ കമ്പനികളുടെ അടുത്ത അരങ്ങേറ്റം കണ്ടത്. ”ഈ കപ്പല്‍ ആടിയുലയുകയില്ല സര്‍, ഇതിനൊരു ക്യാപ്റ്റനുണ്ട് സര്‍” തുടങ്ങിയ പ്രയോഗങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു. പരിശോധനകളുടെ എണ്ണം കുറച്ചുവച്ച് രാജ്യത്ത് ആദ്യമായി കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടി എന്ന വ്യാജപ്രചാരവേല സൃഷ്ടിക്കപ്പെട്ടതും പി.ആര്‍ കമ്പനികളുടെ ഇടപെടലില്‍ത്തെന്നെ. അവര്‍ ചാര്‍ത്തിക്കൊടുത്ത ”ക്യാപ്റ്റന്‍” പരിവേഷം മാധ്യമങ്ങളും ഏറ്റെടുത്തു. രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ മരണനിരക്ക് കേരളത്തിലായിരുന്നെന്ന് പിന്നീട് കണക്കുകള്‍ പുറത്തുവന്നു. ക്യാപ്റ്റന്‍ പരിവേഷത്തിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്താനും പി.ആര്‍ ടീം പിണറായിക്ക് അവസരമൊരുക്കി നല്‍കി. പക്ഷേ ഇന്നും കേരളം കോവിഡ് പോരാട്ടത്തില്‍ മാതൃക കാട്ടി എന്ന പ്രതിച്ഛായ നിലനില്‍ക്കുന്നു.
കൈവിട്ടുപോയ ഹിന്ദുവോട്ടുകള്‍ തിരികെ പിടിക്കാനുള്ള പി.ആര്‍ ബുദ്ധിയായിരുന്നു പിണറായി വിജയന്റെ ‘മലപ്പുറം പരാമര്‍ശ’ത്തിന് പിന്നില്‍. ഇസ്ലാമിക തീവ്രവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ച് വോട്ട് ബാങ്കുറപ്പിക്കാനുള്ള വ്യഗ്രതയാണ് ഹിന്ദുഭൂരിപക്ഷത്തെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് അകറ്റിയത്. ശബരിമല ആചാരലംഘനം മുതല്‍ തൃശൂര്‍ പൂരം കലക്കല്‍ വരെ ഹൈന്ദവആചാരാനുഷ്ഠാനങ്ങളെ നിരന്തരം അപമാനിച്ചത് ഇസ്ലാം മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എന്നത് പകല്‍പോലെ വ്യക്തമായിരുന്നു. അമിത ഇസ്ലാമിക പ്രീണനം ക്രിസ്ത്യന്‍ വോട്ടര്‍മാരെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരാക്കി. നര്‍കോട്ടിക് ജിഹാദ് എന്ന സത്യം തുറന്നു പറഞ്ഞ ബിഷപ്പിനെ പിണറായിയും കൂട്ടരും വളഞ്ഞിട്ടാക്രമിച്ചു.
മലപ്പുറം ജില്ലയെ സംശയനിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന, കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കും എന്ന ഹീനബുദ്ധിയാണ് പിണറായിയുടെ പി.ആര്‍ ടീം ഇത്തവണ പയറ്റിയത്. സിപിഎം അനുഭാവികള്‍ കൂടിയായ കള്ളക്കടത്ത് സംഘവും മുസ്ലീംലീഗും പ്രതിഷേധിച്ചതോടെ പ്രസ്താവന തിരുത്തുന്നതായി അഭിനയിച്ചു. അതിനായിരുന്നു ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് വിളിക്കാവുന്ന പത്രവുമായി ചേര്‍ന്നുള്ള പൊറാട്ടുനാടകം. കേരളത്തിലെ പ്രബുദ്ധരായ ഭൂരിപക്ഷ സമുദായത്തിന്റെ സാമാന്യബുദ്ധിയെ പി.ആര്‍ ടീമിനെ ഉപയോഗിച്ച് സ്വാധീനിക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് പിണറായി വിജയനും സംഘവും തിരിച്ചറിയുമെന്നുറപ്പാണ്. ഗണപതി മിത്താണെന്ന് പറയുന്ന സ്പീക്കറും ഭഗവാന്റെ വരാഹ അവതാരത്തെ ‘കാട്ടുപന്നി’യോട് ഉപമിക്കുന്ന ജില്ലാ സെക്രട്ടറിയുമുള്ള പാര്‍ട്ടിയാണ് സിപിഎം.
”കമ്യൂണിസത്തിന്റെ ആത്മാവ് തന്നെ കള്ളത്തരമാണ്”, പോളിഷ് ചിന്തകന്‍ ലാഷെക് കോളെസ്‌കോവ്‌സ്‌കിയുടെ ഈ വാക്കുകള്‍ ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മതിഭ്രമം’ എന്നാണ് ഏറെക്കാലം മാര്‍ക്‌സിസ്റ്റ് സഹയാത്രികനായിരുന്ന അദ്ദേഹം, ആ പ്രത്യയശാസ്ത്രത്തെ വിശേഷിപ്പിച്ചത്. പ്രചാരവേലയിലൂടെ സത്യവിരുദ്ധമായ കാര്യങ്ങള്‍ അണികളെ വിശ്വസിപ്പിക്കുന്ന, നുണകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന് ഉറപ്പ്. രാജ്യത്തെ മുഴുവന്‍ പിആര്‍ ഏജന്‍സികളും ഒരുമിച്ച് ശ്രമിച്ചാലും അനിവാര്യമായ ആ അന്ത്യം തടയാനാവില്ല.
(മുന്‍ കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: