ഭര്‍തൃഹരിയുടെ നീതിശതകത്തില്‍ ഒരു ശ്ലോകമുണ്ട്. പരോപകാരികളെക്കുറിച്ചുള്ള പ്രകീര്‍ത്തനമാണ്. അതേശ്ലോകം കാളിദാസ മഹാകവിയുടെ അഭിജ്ഞാന ശാകുന്തളത്തിലെ അഞ്ചാം സര്‍ഗ്ഗത്തിലുമുണ്ട്. ശ്ലോകത്തിന്റെ മലയാളം ശാകുന്തളം വിവര്‍ത്തനം ചെയ്ത ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ഇങ്ങനെ സൃഷ്ടിച്ചിരിക്കുന്നു: ”മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍/പരംനമിക്കുന്നു നവാംബുവാല്‍ ഘനം/ സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ/പരോപകാരിക്കിതു താന്‍ സ്വഭാവമാം” (ഭാഷാ ശാകുന്തളം). ദുഷ്യന്ത രാജാവിന്റെ മാഹാത്മ്യം വാഴ്‌ത്തുന്നതാണ് സന്ദര്‍ഭം. കായ്കനികള്‍ ഉണ്ടാകുമ്പോള്‍ താഴ്ന്ന് തലകുനിച്ച് മറ്റുള്ളവര്‍ക്ക് ഭക്ഷിക്കാന്‍ വഴങ്ങിക്കൊടുക്കുന്ന പരോപകാരിയായ ആ മരത്തില്‍ നിന്നായിരിക്കണം ‘നന്മമരങ്ങള്‍’ എന്ന പ്രയോഗം ഉണ്ടായത്. ഉണ്ടാക്കിയതാരായാലും ശാകുന്തളവും ഭര്‍ത്തൃഹരിയും കാളിദാസനുമൊക്കെയാണ് അവരുടെ യഥാര്‍ത്ഥ അടിത്തറ സംസ്‌കാരമെന്നുള്ള സമ്മതിക്കല്‍കൂടിയാണ് അവരറിയാതെ സംഭവിച്ചിരിക്കുന്നത്. ശ്ലോകത്തിന്റെ ഉദ്ഭവം സംസ്‌കൃതത്തിലായതിനാല്‍ സംസ്‌കൃതിയും സംസ്‌കൃതവും തമ്മിലുള്ള ആത്മബന്ധംകൂടി അറിയാന്‍ ആ ശ്ലോകം വായിക്കുന്നത് സഹായകമാകും: ”ഭവന്തി നമ്രാസ്‌കരവഃ ഫലോദ്ഗമൈര്‍/ നവാംബുഭിര്‍ ദൂരവിലംബിനോ ഘനാഃ/
അനുദ്ധതാഃ സത്പുരുഷാഃ സമൃദ്ധിഭിഃ/സ്വഭാവ ഏഷൈവ പരോപകാരിണം.” അധികാരവും സ്ഥാനവും നേതൃത്വവും ഉണ്ടായിട്ടും അതൊന്നും അഹങ്കാരത്തിന്റെ തലപ്പൊക്കമാക്കാതെ, ജനോപകാരപ്രദമാക്കി, പരോപകാരത്തിന് വിനിയോഗിക്കുന്ന രാജാവിനെ, ഭരണാധികാരിയെക്കുറിച്ചാണ് ശ്ലോകത്തിലെ പ്രകീര്‍ത്തനം. ‘നന്മമര’ങ്ങളാണെന്ന് കരുതിപ്പോരുന്ന വന്മരങ്ങള്‍ ‘ഫലാഗമ’ത്താല്‍ (പ്രവൃത്തിയുടെ ഫലം വന്നുചേരുമ്പോള്‍) കടപുഴകി വീഴുന്നുവെന്നതാണ് ആനുകാലികഗതി, അതോ വികൃതിഗതിയോ!
1968 -ല്‍ ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ സൈനിക വിമാനാപകടത്തില്‍ നഷ്ടപ്പെട്ട നാല് സൈനികരുടെ മൃതദേഹങ്ങള്‍ 56 വര്‍ഷത്തിനുശേഷം കണ്ടുകിട്ടിയത്, അവശിഷ്ടങ്ങളായി ആണെങ്കില്‍പ്പോലും അത്ഭുതമാണ്, അതേസമയം ഒരു രാജ്യത്തെ ഭരണസംവിധാനത്തിന്റെ കൃത്യതയുമാണത് കാണിക്കുന്നത്; നമ്മുടെ പ്രതിരോധ സേനയുടെ പ്രവര്‍ത്തനസംവിധാനത്തിന്റെ ക്രമവും ചിട്ടയും. കര്‍ണാടകത്തിലെ ഷിരൂരില്‍ ലോറിയോടിച്ചുപോകെ മലയിടിച്ചിലും പ്രകൃതിക്ഷോഭവും ഉണ്ടായതിനെത്തുടര്‍ന്ന് ഗംഗാവലി പുഴയില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളിയായ, കോഴിക്കോട്ടുകാരന്‍ അര്‍ജുന്റെ മൃതദേഹം 71 ദിവസത്തിനുശേഷം അവശിഷ്ടങ്ങളായാണെങ്കിലും കണ്ടെടുത്തതും അത് കണ്ടെത്താന്‍ വേണ്ടിവന്ന പരിശ്രമങ്ങളും പരാക്രമങ്ങളും കാണിക്കുന്നതും ഭരണസംവിധാനത്തിന്റെ ചിട്ടവട്ടങ്ങളാണ്.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, മുമ്പ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ, വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. ഏയ്, അല്ലല്ല, കനേഡിയന്‍ കമ്പനിയായ ലാവ്‌ലിനുമായുണ്ടാക്കിയ കരാറും അതിലെ അഴിമതി വിവാദവും ആ കേസ് സുപ്രീംകോടതിയില്‍ അസ്വാഭാവികമായി വിചാരണ നടക്കാതെ നീണ്ടുപോകുന്നതുമൊന്നുമല്ല ഇവിടെ ഓര്‍മ്മിപ്പിക്കാന്‍ പോകുന്നത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ, വൈദ്യുതി വകുപ്പിന് അതുവരെയില്ലാതിരുന്ന പ്രാമുഖ്യവും പ്രാധാന്യവും അന്ന് വന്നതിനെക്കുറിച്ചാണ്. വൈദ്യുതിവകുപ്പും മന്ത്രിയും ഏറെ ഘോഷിക്കപ്പെട്ടു. മാധ്യമങ്ങള്‍ ആഘോഷിച്ച് വകുപ്പുമന്ത്രിയെ അസാധാരണനെന്ന് വാഴ്‌ത്തി. വൈകാതെ, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി, സര്‍ക്കാരിനേയും സംസ്ഥാന രാഷ്‌ട്രീയത്തേയും നിയന്ത്രിക്കുന്ന, നയിക്കുന്ന നേതാവായി മാറി പിണറായി. തുടര്‍ന്ന് ഏറെക്കാലം പാര്‍ട്ടി സെക്രട്ടറിയായി; ‘മിന്നല്‍ പിണര്‍’ പോലുമായി! അടുത്ത ഘട്ടത്തില്‍ മുഖ്യമന്ത്രിയായി, ഇപ്പോള്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായി; അങ്ങനെ ‘ഇരട്ടച്ചങ്കുള്ളയാളെന്ന വാഴ്‌ത്തിപ്പാട’ലിന് പാത്രമായി, സംസ്ഥാനത്തിന്റെ വികസന വളര്‍ച്ചയുടെ ‘സര്‍വകാരണഭൂത’നായിത്തീര്‍ന്നു.
ഇതിനിടെ, ഒട്ടേറെ ആരോപണങ്ങള്‍, അഴിമതിയാക്ഷേപങ്ങള്‍, രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഒക്കെ ഉയര്‍ന്നുവന്നു. സംസ്ഥാനമാകെ, അല്ല, രാജ്യവും ലോകവും ആകെത്തന്നെ പകച്ചുനിന്ന കൊവിഡു മുതല്‍ കേരളം മുങ്ങിപ്പോയ പ്രളയവും കേരളത്തെ കണ്ണീരില്‍ മുക്കിയ വയനാട് ദുരന്തവുംവരെ വന്നു. പക്ഷേ, പിണറായി പിടിച്ചുനിന്നു. പ്രതിപക്ഷ കക്ഷികള്‍, എതിര്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ അതിജീവിച്ചു. സ്വര്‍ണക്കടത്തുപോലുള്ള അതിരൂക്ഷമായ ഭരണവീഴ്ചകളെയും തെരഞ്ഞെടുപ്പുഫലംകൊണ്ട് മറികടന്നു. സംസ്ഥാന സാമ്പത്തികനില കൂടുതല്‍ വഷളാക്കുന്ന നടപടികളാണെങ്കിലും, കിറ്റുകളും മറ്റുസൗജന്യങ്ങളും നല്‍കിയും അതിലൂടെ ആശ്രിതര്‍ക്കും സ്വന്തം പാര്‍ട്ടി അനുഭാവികള്‍ക്കും ആരാധ്യനായി, ‘വന്‍മര’മായി, ‘നന്മമര’മായി പടര്‍ന്നുനില്‍ക്കുകയായിരുന്ന പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളില്‍ ‘ഫലം’ വന്നു തിങ്ങിയപ്പോള്‍ വന്‍മരം തലകുത്തിവീണ നിലയിലാണ്. അടുത്തിടെ, അതുവരെ സ്വന്തക്കാരനെന്ന് വിളിച്ചറിയിച്ചുകൊണ്ടു നടന്നിരുന്ന പി.വി. അന്‍വര്‍ എന്ന ഭരണമുന്നണി എംഎല്‍എ നടത്തിയ പരസ്യ പ്രസ്താവനകളും വിമര്‍ശനങ്ങളും ആ മരത്തിന്റെ കൊമ്പുകള്‍ പലതും വെട്ടിക്കളഞ്ഞിട്ടുണ്ട്. അടിവേരറുക്കാനൊന്നും അത്ര എളുപ്പമല്ല. പക്ഷേ, കാതലില്ലാത്ത മരങ്ങള്‍ക്ക് കടപുഴകിയേപറ്റൂ, ചിലത് നിന്ന് പടുമരമായേ വീഴൂ.
കൃത്രിമമായി വളര്‍ത്തിപ്പെരുക്കുന്ന ‘നന്മമര’ങ്ങള്‍ക്കെല്ലാം ഗതിയിതാണ്. പ്രളയരക്ഷാക്കാലത്ത് ചവുട്ടിക്കയറാന്‍ നടുകുനിഞ്ഞുകൊടുത്ത ‘നടുമര’വും നഴ്സിങ് സമരക്കാരെ സഹായിക്കാന്‍ ഇറങ്ങിയ മറ്റൊരു ‘സേവനമര’വും ചില ഉദാഹരണങ്ങളാണ്. ഇപ്പോള്‍ അര്‍ജുന്‍ രക്ഷാദൗത്യം ഏറ്റെടുത്ത് ‘കാവല്‍മര’മായി ഉയര്‍ന്നുപൊന്തിയ മനാഫിനെതിരേ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ എന്തെല്ലാമാണ്. മനാഫിനെതിരേ പോലീസ് കേസുകള്‍വരെയായി; അതിലെ ശരിതെറ്റുകള്‍ തെളിയുംവരെ അവസാനവാക്ക് പറയാനാവില്ലല്ലോ.
പക്ഷേ, ശ്രദ്ധിക്കേണ്ടത് ഈ മരങ്ങളെ ആര് സൃഷ്ടിക്കുന്നു, എങ്ങനെ സൃഷ്ടിക്കുന്നു, എന്തിന് സൃഷ്ടിക്കുന്നുവെന്നതാണ്. ഒരു വ്യക്തിക്ക് സാമൂഹ്യ സേവനം ചെയ്യണമെങ്കില്‍ അതിന് പരസ്യ പ്രചാരണങ്ങളുടെ ആവശ്യമുണ്ടോ? ഉണ്ടെങ്കിലും അത് ചെയ്യാന്‍ പോകുന്ന സഹായത്തിന്റെ വിജയത്തിനുള്ള വഴികള്‍ സുഗമമാക്കാന്‍ വേണ്ടിയാകണമോ അതോ അതിനുള്ള ധനസമാഹരണത്തിനാകണമോ? ഇങ്ങനെ ”അവശ്യഘട്ടങ്ങളിലെ’ പൊതസേവനത്തിന് ലഭിക്കുന്ന സഹായങ്ങളുടെ സുതാര്യത എന്താണ്, എത്രത്തോളമാണ്? അതില്‍ തട്ടിപ്പും വഞ്ചനയും നടക്കുന്നുണ്ടോ? ചോദ്യങ്ങള്‍ ഏറെയാണ്.
ഇവിടെയാണ് വ്യക്തിയും സംഘടനകളും പ്രസ്ഥാനങ്ങളും സര്‍ക്കാരുകളും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍, തമ്മില്‍ വ്യത്യസ്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിപോലും സംശയത്തിലാകുന്നത് അതിന്റെ സുതാര്യത ഇല്ലായ്മയാലാണ്. ഏറെ ദുഷ്‌കരമാണ്, അപകടം പിടിച്ചതാണ് ഈ മേഖല. അപ്പോള്‍ ‘നന്മമര’ങ്ങള്‍ സൃഷ്ടിച്ച് പിന്തുണയ്‌ക്കുന്നവരുടെ പിന്നില്‍ ആരെന്നും ലക്ഷ്യമെന്തെന്നുമുള്ള കാര്യത്തില്‍ സുതാര്യത അനിവാര്യമാണ്. മാധ്യങ്ങളില്‍ ചിലതും വ്യക്തികളില്‍ പലരും സംവിധാനങ്ങളിലുള്ള ചിലരും ചേര്‍ന്നാണ് ‘നന്മമര’ങ്ങളെ സൃഷ്ടിക്കുന്നത്. അതിന്റെ പിന്നില്‍ നടക്കുന്ന ആസൂത്രിത ‘പി ആര്‍’ വര്‍ക്കുണ്ട്. ആ പിആര്‍ (പബ്ലിക് റിലേഷന്‍സ്) സംഘങ്ങളാണ് ഇന്ന് പലതും നിശ്ചയിക്കുന്നത്, നടത്തുന്നത്. പക്ഷേ, ശരിയായ സേവനം നടത്തുന്നവര്‍ക്ക് പിആര്‍ ചെയ്യാന്‍ പോയിട്ട് അര്‍ഹമായ പ്രചാരണ സഹായം പോലും മാധ്യമങ്ങള്‍ തയാറാകുന്നില്ല എന്നിടത്താണ് ഇതിന്റെ ഗൗരവം.
ഉദാഹരണത്തിന്, കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍നിന്ന് ഒരു ഉത്തരവ് വന്നു. അത് പലതരത്തില്‍ പ്രധാനമായിരുന്നു. പക്ഷേ, എത്ര മാധ്യമങ്ങള്‍ അത് അതിന്റേതായ ഗൗരവത്തില്‍ പരിഗണിച്ചു. ഭാരതപ്പുഴയക്ക് കുറുകെ, തവനൂരില്‍നിന്ന് തിരുനാവായവരെ പാലം നിര്‍മ്മിക്കാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്ത് പദ്മശ്രീ മെട്രോ ശ്രീധരന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ലോകം ബഹുമാനിക്കുന്ന സാങ്കേതിക വിദഗ്‌ദ്ധന്‍ ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തി, ആവശ്യമെങ്കില്‍ പാലം നിര്‍മ്മാണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഉത്തരവ്.
ചുരുക്കിപ്പറഞ്ഞാല്‍: ആ പാലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റ് കേരളഗാന്ധി കെ. കേളപ്പന്റെ സ്മാരകം തകരാന്‍ ഇടയാക്കുന്നതും തിരുനാവായയിലെ ത്രിമൂര്‍ത്തി ക്ഷേത്രത്തിന് ഹാനികരവുമായ രീതിയിലാണ്. അത് മാറ്റിയാല്‍ പാലത്തിന്റെ നീളം 70 മീറ്റര്‍ കുറയ്‌ക്കാം, 4.2 കോടിരൂപ ലാഭിക്കാം, നിര്‍മ്മാണച്ചെലവ് മൂന്നിലൊന്നാക്കാമെന്നാണ് ഇ. ശ്രീധരന്റെ വാദം. സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തി, ഈ വിഷയത്തില്‍ ഇ. ശ്രീധരന്റ നിവേദനം പരിഗണിച്ചതുമില്ല. വികസന പ്രവര്‍ത്തനത്തില്‍ വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കണം. വിദഗ്‌ദ്ധരാണ് ശരിയായ ‘നന്മമര’ങ്ങള്‍. അവരെ ആരും കൃത്രിമമായി നിക്ഷിപ്ത താല്‍പര്യത്തില്‍ ഉണ്ടാക്കിയെടുത്തതല്ല, അവര്‍ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളതുപോലെ, പി ആര്‍ ഏജന്‍സിയുമില്ല. അതിനാല്‍ അവര്‍ പറയുന്നതിന് പ്രചാരണമില്ല. അതുകൊണ്ടാണ് മറ്റൊരു ‘നന്മമര’മായ മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട സംരക്ഷണ സന്ദേശം കേള്‍ക്കാതെ പോയതും വയനാടന്‍ ദുരന്തങ്ങള്‍ ഉണ്ടായതും. അത്തരം ഇടങ്ങളില്‍ ദുരിതാശ്വാസത്തിന് എത്തുന്ന ‘നന്മമര’ങ്ങളുടെ ഘോഷയാത്രയെ പ്രകീര്‍ത്തിക്കാന്‍ മത്സരമായിരിക്കുകയും ചെയ്യും.
മെട്രോ ശ്രീധരന്‍ സാങ്കേതിക വിജ്ഞാനിയാണ്. സാമൂഹ്യവിഷയങ്ങളില്‍ ബോധവാനാണ്. അത്രയേറെ വിപുലമായ വിവിധ മേഖലകളില്‍ ഏറെക്കാലം വ്യാപരിച്ചിട്ടും അഴിമതി തൊട്ടുതീണ്ടാത്ത, രാഷ്‌ട്ര വികസന തല്‍പ്പരനാണ്. സുതാര്യനാണ്. പക്ഷേ, അത്തരക്കാരെ ‘നന്മമര’മായി ഏറ്റെടുക്കാന്‍ ആളുണ്ടാവുന്നില്ല. അപ്പോള്‍ പറഞ്ഞേക്കാം, ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന്. പക്ഷേ, അദ്ദേഹം രാഷ്‌ട്രീയത്തില്‍ ഇറങ്ങുംമുമ്പും സംസ്ഥാനത്തെ ഭരണസംവിധാനങ്ങളുടെ നിലപാട് ഇങ്ങനെയൊക്കെത്തന്നെയായിരുന്നുവെന്നതോര്‍ക്കണം. നമുക്ക്, കനംവെച്ചഫലങ്ങള്‍ തിങ്ങിയ, ജനതയ്‌ക്ക്മുന്നില്‍ നന്മചെയ്യാന്‍ തലകുനിച്ച് നില്‍ക്കുന്ന, ‘നന്മമര’ങ്ങള്‍ വേണ്ടല്ലോ. പകരം പിആര്‍ ഏജന്‍സികള്‍ കെട്ടിപ്പൊക്കുന്ന പൊയ്‌ക്കാലുകളില്‍ ഇരിക്കുന്ന അധികാരക്കസേരകളും പകല്‍ക്കൊള്ള നടത്തുന്ന പറ്റിപ്പുകാരുടെ കൂട്ടങ്ങള്‍ നിയന്ത്രിക്കുന്ന, പലവിധത്തില്‍ വിഷംവഹിക്കുന്ന ‘പാഴ്മരങ്ങള്‍’ മതിയല്ലോ. കുമാരനാശാന്റെ കവിതാഭാഗമില്ലേ, അത് പാടുക: ‘… വിധികല്‍പ്പിതമാണ് തായേ…’ എന്ന്.
പിന്‍കുറിപ്പ്:
രാഷ്‌ട്രീയവികാരവും നിലപാടും വിശ്വാസബോധവും മാത്രംപോരാ ഇന്ന് ജനാധിപത്യ സംവിധാനത്തില്‍; ശാസ്ത്രീയമായ യുക്തിചിന്താ പദ്ധതിയും നീതിഭരിതമായ നിര്‍വഹണ സംവിധാനവും ഉറങ്ങാതിരിക്കുന്ന സമൂഹ മനസ്സും അനിവാര്യംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: