കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 66-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതല്‍ 9 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 2000 ത്തോളം കായികപ്രതിഭകള്‍ മത്സരിക്കും. ഇന്ന് രജിസട്രേഷന്. നാളെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 7, 8, 9 തീയതികളില്‍ റെസ്ലിങ് മത്സരങ്ങളും 8, 9 തീയതികളില്‍ തായ്ക്കോണ്ടോ മത്സരങ്ങളും നടത്തും.
ബാസ്കറ്റ്ബോള്‍ മത്സരം 8, 9 തീയതികളില്‍ തലശ്ശേരി ബാസ്കറ്റ്ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചും ആര്‍ച്ചറി മത്സരം 7, 8 തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ചും യോഗാസനാ മത്സരങ്ങള്‍ 8, 9 തീയതികളില്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സില്‍ വെച്ചും ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ 8, 9 തീയതികളില്‍ തലശ്ശേരി സായി സെന്ററില്‍ വച്ചും നടത്തപ്പെടും. മത്സരാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പരിസരത്തുള്ള വിവിധ വിദ്യാലയങ്ങളിലൊരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദ്, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദലി, ആര്ഡിഎസ്ഡിഎ സെക്രട്ടറി സി.എം. നിതിന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ കെ.ടി. സാജിദ് ചെറുകുന്ന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: