ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യശേഖരം പാകിസ്ഥാന്റേതിനേക്കാള് ഏഴിരട്ടിയായി ഉയര്‍ന്നു. പാകിസ്ഥാന്റേത് 10000 കോടി ഡോളര്‍ ആണെങ്കില്‍ ഇന്ത്യയുടേത് ഇത് 70000 കോടി ഡോളര്‍ ആണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ റെക്കോഡാണ്.ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയും വലിയ വിദേശനാണ്യ ശേഖരം കൈവരിക്കുന്നത്.
ഇന്ത്യ വിദേശനാണ്യശേഖരത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ റഷ്യയെപ്പോലും പിന്തള്ളിയിരിക്കുകയാണ്. റഷ്യയുടേത് വെറും 59,022 കോടി ഡോളര്‍ മാത്രമാണ്. ലോകത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന, സ്വിറ്റ്സര്‍ലാന്റ്, ജപ്പാന് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
റിസര്‍വ്വ് ബാങ്കാണ് ഈ വിദേശനാണ്യശേഖരം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ കറന്‍സിയായ രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറഞ്ഞുപോയാല്‍ ഈ വിദേശനാണ്യ ശേഖരം ഉപയോഗിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കിന് കഴിയും.
അതാണ് അടുത്തയിടെ ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപയെ അതിനേക്കാള്‍ താഴെപ്പോകാതെ റിസര്‍വ്വ് ബാങ്കിന് പിടിച്ചുനിര്‍ത്താനായത് ഈ വിദേശനാണ്യ ശേഖരം ഉള്ളതിനാലാണ്. അതുപോലെ കയറ്റുമതിയേക്കാള്‍ ഇറക്കുമതി കൂടിപ്പോകുമ്പോള്‍ ബാലന്‍സ് ഓഫ് പേയ്മന്റ് പ്രശ്നം ഉടലെടുക്കുമ്പോഴും ഈ വിദേശനാണ്യശേഖരം ഇന്ത്യയെ താങ്ങി നിര്‍ത്തും. ഏതൊരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെയും ആരോഗ്യത്തിന്റെ നല്ലൊരു അളവുകോല്‍ ആണ് വിദേശനാണ്യ ശേഖരം.
ആഗോള തലത്തില്‍ സാമ്പത്തികമാന്ദ്യവും യുദ്ധവും നാണ്യപ്പെരുപ്പവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടം ശോഭനീയമാണ്. ലോകബാങ്കും ഐഎംഎഫും ഇന്ത്യയുടെ സമ്പദ്ഘടനയെ ഏറ്റവും വേഗത്തില്‍ വളരുന്നതും ഏറ്റവും പ്രതീക്ഷയുള്ളതും എന്ന് വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നിസ്സാരമല്ലാത്ത ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: