India

ഇറാന്‍-ഇസ്രയേല്‍ യുദ്ധക്കാര്‍മേഘം മൂടുന്നു; 21 മാസം പെട്രോള്‍ വില കൂട്ടാതെ പിടിച്ചുനിര്‍ത്തി; ഇനി അതിന് ആകുമോ? മോദി മാജിക് കാത്ത് ഇന്ത്യ

കഴിഞ്ഞ 21 മാസമായി പെട്രോള്‍-ഡീസല്‍ വില ഉയരാതെ പിടിച്ചുനിര്‍ത്തി എന്നത് മോദി സര്‍ക്കാരിന്‍റെ മറ്റൊരു വന്‍നയതന്ത്രവിജയമാണ്. അന്താരാഷ്ട്രബന്ധങ്ങളിലെ നൂല്‍പ്പാലത്തിലൂടെ വഴുതിവീഴാതെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയാണ് ഇന്ത്യ കുറഞ്ഞ വിലയില്‍ അസംസ്കൃത എണ്ണ സംഘടിപ്പിക്കുന്നത്.

Published by

ന്യൂദല്‍ഹി: കഴിഞ്ഞ 21 മാസമായി പെട്രോള്‍-ഡീസല്‍ വില ഉയരാതെ പിടിച്ചുനിര്‍ത്തി എന്നത് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നയതന്ത്രവിജയമാണ്. അന്താരാഷ്‌ട്രബന്ധങ്ങളിലെ നൂല്‍പ്പാലത്തിലൂടെ വഴുതിവീഴാതെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയാണ് ഇന്ത്യ കുറഞ്ഞ വിലയില്‍ അസംസ്കൃത എണ്ണ സംഘടിപ്പിച്ച് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരാതെ പിടിച്ചുനിര്‍ത്തുന്നത്.

റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും വെനിസ്വേലയില്‍ നിന്നും സൗദിയില്‍ നിന്നുമെല്ലാം മാറി മാറി കുറഞ്ഞ വിലകളില്‍ അസംസ്കൃത എണ്ണ വാങ്ങി സംഭരിച്ചാണ് ഇന്ത്യ എണ്ണവിലക്കയറ്റം കഴിഞ്ഞ 21 മാസമായി പിടിച്ചുനിര്‍ത്തിയത്. 2024 മെയ് മാസത്തിലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് രൂപ പെട്രോളിനും ഡീസലിനും കുറയ്‌ക്കുകയും ചെയ്തു. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ബാരലിന് 75 ഡോളര്‍ എന്ന നിലയില്‍ നിന്നും 123 ഡോളര്‍ വരേയ്‌ക്കും ഉയര്‍ന്നിട്ടും ഇന്ത്യ വില കൂട്ടാതെ പിടിച്ചുനിന്നു.

വിലക്കയറ്റത്തിന്റെ സൂത്രധാരന്‍ എണ്ണവില

റിസര്‍വ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം നാണ്യപ്പെരുപ്പത്തിന്റെ സഹനപരിധി ആറ് ശതമാനം വരെയാണ്. നാണ്യപ്പെരുപ്പം നാല് ശതമാനമാക്കി നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നാണ്യപ്പെരുപ്പത്തെ ബാധിക്കുന്ന പ്രധാന ഘടകം പെട്രോള്‍-ഡീസല്‍ വിലയാണ്. ഇത് പിടിച്ചുനിര്‍ത്തുന്നതിനാലാണ് നാണ്യപ്പെരുപ്പം ആറ് ശതമാനത്തില്‍ കുറഞ്ഞ തോതില്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നത്.

ഇറാന്‍-ഇസ്രയേല്‍ യുദ്ധം: അസംസ്കൃത എണ്ണവില കുതിച്ചുയരുന്നു

ഇറാന്‍-ഇസ്രയേല്‍ യുദ്ധപശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില അന്താരാഷ്‌ട്ര വിപണിയില്‍ കുതിച്ചുയരുകയാണ്. മധ്യേഷ്യയില്‍ യുദ്ധസാഹചര്യത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല എന്നത് ആശങ്കാജനകമാണ്. ഇതോടെ എണ്ണവില പിടിച്ചുനിര്‍ത്താന്‍ പുതിയ വഴികള്‍ തേടുകയാണ് മൂന്നാം മോദി സര്‍ക്കാര്‍. ആരൊക്കെ എതിര്‍ത്താലും റഷ്യയില്‍ നിന്നും വിലകുറഞ്ഞ എണ്ണ വാങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിദേശരാജ്യത്തിനും ഇന്ത്യയെ തടയാനാവില്ലെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു. നേരത്തെ റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും എതിര്‍ത്തിരുന്നു. ഇത് മനസ്സില്‍വെച്ചുകൊണ്ടായ് ആര് എതിര്‍ത്താലും എന്ന പ്രയോഗം കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്.

റഷ്യ നല്‍കുന്ന കുറഞ്ഞവിലയുള്ള എണ്ണ ഇന്ത്യയ്‌ക്ക് സുപ്രധാനം

ഇറാന്‍-ഇസ്രായേല്‍ യുദ്ധ സാഹചര്യത്തില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ വിലക്കുറവില്‍ എണ്ണ വാങ്ങിയാലേ ഇന്ത്യയ്‌ക്ക് നിലനില്‍പുള്ളൂ. അതിനാലാണ് റഷ്യയില്‍ നിന്നും വില കുറഞ്ഞ എണ്ണവാങ്ങുക എന്ന നിലപാടില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി ഉറച്ചുനില്‍ക്കുന്നത്.

ഇന്ത്യയുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഒരു പ്രധാന ഘടകം പെട്രോള്‍, ഡീസല്‍ വില തന്നെയാണ്. ഈ വില കൂടിയാല്‍ ഇന്ത്യയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എളുപ്പമല്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക