ന്യൂദൽഹി : ഇസ്ലാമാബാദിലേക്ക് പോകുന്നത് ഇന്ത്യ-പാക് ബന്ധം ചർച്ച ചെയ്യാനല്ലെന്നും മറിച്ച് തന്റെ സന്ദർശനം ഷങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നത് മാത്രമാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂദൽഹിയിൽ ഐസി സെൻ്റർ ഫോർ ഗവേണൻസ് സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“അതെ, ഞാൻ ഈ മാസം പകുതിയോടെ പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങുകയാണ്, അത് എസ്‌സിഒ ( ഷങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ) തലവന്മാരുടെ യോഗത്തിന് വേണ്ടിയാണ്,” – ജയശങ്കർ പറഞ്ഞു.
പാകിസ്ഥാൻ ഇന്ത്യ ബന്ധത്തിന്റെ സ്വഭാവം വ്യത്യസ്തമായതിനാൽ ധാരാളം മാധ്യമശ്രദ്ധയുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ യാത്ര ഒരു ബഹുരാഷ്‌ട്ര പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരിക്കും. ഒരിക്കലും ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാനല്ല താൻ അവിടെ പോകുന്നത്. എസ്‌സിഒയിൽ നല്ലൊരു അംഗമാകാനാണ് അവിടെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷങ്ഹായ് ഉച്ചകോടി ഇത്തവണ ഇസ്ലാമാബാദിൽ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. കാരണം ഇന്ത്യയെപ്പോലെ പാകിസ്ഥാനും ഈ സംഘത്തിൽ അടുത്തിടെ അംഗമായതാണ്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വെള്ളിയാഴ്ച എംഇഎ നേരത്തെ അറിയിച്ചിരുന്നു. ഒക്‌ടോബർ 15-16 തീയതികളിലാണ് എസ്‌സിഒ ഉച്ചകോടി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: