പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ സനാതന ധർമ്മത്തിൽ അർപ്പണബോധമുള്ളവർക്ക് മാത്രമെ പങ്കെടുക്കാൻ സാധിക്കുകയുള്ളുവെന്ന് ജുന അഖാരയുടെ തലവൻ മഹന്ത് ഹരി ഗിരി. സനാതൻ ഇതര വിഭാഗക്കാരെ ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പല സാഹചര്യങ്ങളിലും സനാതനല്ലാത്ത ആളുകൾ മേളയിൽ പ്രവേശിക്കുന്നത് മുഴുവൻ സംഭവത്തെയും നശിപ്പിക്കുന്നു. മേളയുടെ സുരക്ഷയിൽ ആശങ്കയിലാണ് അഖാര പരിഷത്ത്. ഇവിടെ വരുന്ന എല്ലാ ആളുകളെയും അവരുടെ ആധാർ കാർഡ് പരിശോധിച്ച ശേഷം മാത്രമേ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഉത്തർപ്രദേശ് സർക്കാർ മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ ഭക്ഷണം കൊണ്ടുവരാൻ ആരെയും അനുവദിക്കരുത്. മേളയുടെ പരിശുദ്ധിക്ക് ഭംഗം വരാതിരിക്കാൻ 10 കിലോമീറ്റർ ചുറ്റളവിൽ കർശന സുരക്ഷ ഏർപ്പെടുത്തണം. മേളയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് സനാതന ജനതയുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. അതേ സമയം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് യുപി സർക്കാർ ഇവിടെ ഒരുക്കുന്നത്. കൂടാതെ ഉത്സവത്തിൽ പങ്കെടുക്കുന്ന ഏവർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി പ്രധാന റൂട്ടുകളിലെ ധാബകൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ എന്നിവ മികച്ചതാക്കുന്നതിന് സബ്‌സിഡി നൽകുമെന്ന് നേരത്തെ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: