ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഓപ്പറേഷൻ ഗുഗൽധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്.
ഗുഗൽദർ പ്രദേശത്ത് ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. അതിർത്തി വഴി ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുകയായിരുന്നു. ചിനാർ കോപ്‌സ് സംഭവ സമയം പ്രദേശത്ത് പെട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇത് ചെറുക്കുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരരെ വധിച്ചത്. കശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ആയിരുന്നു ഭീകരരെ നേരിട്ടത്.
രാത്രി അതിർത്തി വഴി നുഴഞ്ഞു കയറ്റത്തിന് സാദ്ധ്യതയുള്ളതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സൈന്യം സ്ഥലത്ത് പട്രോളിംഗിനായി എത്തിയത്. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം കുപ്‌വാരയുടെ നിയന്ത്രണ രേഖയ്‌ക്ക് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്.
അടുത്തിടെ ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: