തിരൂരങ്ങാടി: വിഭജനാനന്തരം പാകിസ്ഥാന്‍ പൗരത്വം സ്വീകരിച്ചവരുടെ കേരളത്തിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ നിയമസഹായമെന്ന പേരില്‍ ചെറുക്കാന്‍ ചിലര്‍ സംഘടിക്കുന്നു. ഇവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് മുന്നില്‍ നില്ക്കുന്നത് മുസ്ലിം ലീഗ് എംഎല്‍എ കെ.പി.എ. മജീദാണ്. മലപ്പുറം തിരൂരങ്ങാടിയില്‍ എംഎല്‍എ വിളിച്ച യോഗത്തില്‍ നിയമ പരമായ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നല്കി.
മണ്ഡലത്തില്‍ എഴുപത്തഞ്ചോളം കുടുംബങ്ങളുടെ കൈവശം പാക് പൗരന്മാരുടെ സ്വത്തുവകകള്‍ ഉണ്ട്. നന്നമ്പ്രയില്‍ 28, തെന്നലയില്‍ 49, പരപ്പനങ്ങാടി, തിരൂരങ്ങാടി, പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും കുടുംബങ്ങളുടെ പക്കലാണ് പാക് പൗരന്മാരുടെ സ്ഥാവര സ്വത്തുള്ളത്. ഇവരില്‍ ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിട്ടുള്ളത്. പതിനഞ്ച് ദിവസത്തിനകം നോട്ടീസിന് മറുപടി നല്കാനാണ് നിര്‍ദേശം. ഇവര്‍ക്ക് അഭിഭാഷകരെ എംഎല്‍എ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഓരോര്‍ത്തരുടെയും പ്രശ്നങ്ങളും ഭൂമിയുടെ രീതിയും വ്യത്യസ്തമായതിനാല്‍ എംപിമാരെക്കൂടി ചേര്‍ത്ത് വിപുലമായ യോഗം ചേര്‍ന്ന് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മജീദ് പറഞ്ഞു. യോഗത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജി, ജനറല്‍ സെക്രട്ടറി കെ. കുഞ്ഞിമരക്കാര്‍, മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ. റസാഖ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: