വികസനം അനിവാര്യമാണ്. പുരോഗതിയുടെ അടിക്കല്ലാണ്. രാഷ്ട്ര വികസനത്തില്‍ പ്രാദേശികമായ വികസന പ്രക്രിയ ഏറെ പ്രധാനവുമാണ്. എന്നാല്‍, അത്രതന്നെ പ്രധാനമാണ് പൈതൃകങ്ങളും സ്മാരകങ്ങളും വിശ്വാസങ്ങളും. അവ സാംസ്കാരിക ജീവിതത്തിന്റെ അടിക്കല്ലുകളാണ്. രണ്ടിന്റേയും പ്രാധാന്യം വ്യത്യസ്തമാണെന്നു മാത്രം. രണ്ടിനേയും അറിഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വികസനം കൈവരുന്നത്. ആ നിലയ്ക്ക്, തിരുനാവായയിലെ നിര്‍ദിഷ്ട പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച തര്‍ക്കവും വിമര്‍ശനവും വികസന വിരുദ്ധമല്ല. ക്രിയാത്മകമാണ്. പൈതൃകത്തെ വേദനിപ്പിക്കാതെ വികസനത്തെ തലോടാനുള്ള വഴി കാണിച്ചുകൊടുക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനം അതിനെതിരെ കാണിക്കുന്ന വാശിക്കു ന്യായീകരണമില്ല. അടിസ്ഥാനമില്ലാത്ത ഇത്തരം കടുംപിടുത്തം ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരങ്ങള്‍ക്കെതിരെ മാത്രമാകുന്നു എന്നതു പുതിയ അനുഭവവുമല്ല.
നാടിന്റെ വികസനത്തിന് പാലം ആവശ്യമെങ്കില്‍ അതിന് സമൂഹം എതിരു നില്ക്കുമെന്നു കരുതാനാവില്ല. പക്ഷേ, അതിന്റെ നിര്‍മാണം ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ശൈലിയില്‍ത്തന്നെ വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. തിരുനാവായയേയും തവനൂരിനേയും ബന്ധിപ്പിക്കുന്ന പാലം ഭാരതപ്പുഴയുടെ രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കുകമാത്രമല്ല, ഇരുകരകളിലും വികസനം കടന്നു വരാനുള്ള വഴി തുറക്കുകയും ചെയ്യും. നല്ലകാര്യം തന്നെ. പക്ഷേ, അത് കേരള ഗാന്ധിയായ കെ.കേളപ്പന്റെ സ്മാരകം തകര്‍ത്തും മൂന്നു സുപ്രധാന ക്ഷേത്രങ്ങളുടെ വഴിയടച്ചും വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. ഇവയ്ക്കൊന്നും ദോഷം വരാതെയും നിലവില്‍ കണക്കാക്കുന്നതിനേക്കാള്‍ ചെലവു കുറച്ചും ഇതേ പാലം നിര്‍മിക്കാമെന്നു ചൂണ്ടിക്കാട്ടുന്ന സാങ്കേതിക വിദഗ്ധന്‍ ഇ. ശ്രീധരന്റെ നിര്‍ദേശത്തോടു മുഖം തിരിക്കുന്ന സമീപനം അധികൃതരില്‍ നിന്നുണ്ടായത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്തതാണ്. ഇത്തരം നിര്‍മാണ രംഗത്തെ തന്റെ പരിജ്ഞാനം പലതവണ തെളിയിച്ച വ്യക്തിയാണു ശ്രീധരന്. അദ്ദേഹത്തിന്റെ നിര്‍ദേശം അവഗണിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും സംശയവും അതുവഴി തര്‍ക്കവും തലപൊക്കും. അതാണ് തിരുനാവായയില്‍ സംഭവിച്ചത്. കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ക്കു താത്ക്കാലികമായ പരിഹാരമായെന്നു സമാധാനിക്കാം.
രാജ്യത്തിന് ഗന്ധി സ്മാരകം എത്രമാത്രം വിലമതിക്കാനാവാത്തതാണോ അത്രതന്നെ പ്രാധാന്യമാണ് കേരള ഗാന്ധിയുടെ സ്മാരകത്തിന് ഈ സംസ്ഥാനത്തും ഉള്ളത്. സ്വാതന്ത്ര്യ സമരം അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തംവഴി വ്യക്തിമുദ്രപതിച്ച കേളപ്പജിയുടെ ജീവിതം നമ്മുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. സാംസ്കാരിക പരിവര്‍ത്തനത്തിന് വഴിതെളിച്ച ചരിത്രം അദ്ദേഹത്തിന്റെ ജീവിതവുമായി കൈകോര്‍ത്തു നില്ക്കുന്നു. തലമുറകള്‍ മാറുന്നതുകൊണ്ടോ വ്യത്യസ്ത രാഷ്ട്രീയ ചിന്താധാരകള്‍ മുളപൊട്ടുന്നതുകൊണ്ടോ അതിന്റെ പ്രാധാന്യം കുറയുന്നില്ല. അന്നന്നത്തെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് മാത്രം അളക്കേണ്ടതല്ല കേളപ്പജിയെപ്പോലുള്ളവരുടെ ജീവിത സന്ദേശം. അതു കാലാതീതമായി നിലനില്ക്കും. ആ തിരിച്ചറിവാണ്, മാറിവരുന്ന കാലത്തെ ഭരണസംവിധാനത്തിനും ഭരണാധികാരികള്‍ക്കും വേണ്ടത്. അതു കൈമോശം വരുന്നു എന്ന ദു:ഖകരമായ സത്യമാണ് തിരുനാവായയിലെ തര്‍ക്കത്തില്‍ തെളിയുന്നത്.
നിളയുടെ ഇരുഭാഗത്തുമായി സ്ഥിതിചെയ്യുന്ന മൂന്നു ക്ഷേത്രങ്ങള്‍ക്കു പ്രാധാന്യം പലരീതിയിലാണ്. ത്രിമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ ക്ഷേത്രങ്ങളാണത്. അപൂര്‍വമാണ് ഇത്തരം ത്രിമൂര്‍ത്തി സംഗമം. ഈ ക്ഷേത്രങ്ങളുടെ ഇരുപ്പിന്റെ കണക്കിനു തന്നെ പ്രത്യേകതയുണ്ടത്രെ. മൂന്നു ക്ഷേത്രങ്ങളേയും നേര്‍രേഖയില്‍ ബന്ധിപ്പിച്ചാല്‍ കൃത്യമായ ത്രികോണാകൃതിയിലായിരിക്കുമത്രെ. വാസ്തു ശാസ്ത്രത്തിന്റെ, പ്രത്യേകിച്ചു ക്ഷേത്ര വാസ്തു ശാസ്ത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നായി വേണം ഇവയുടെ നിര്‍മാണത്തെ കാണാന്‍. അവയിലേയ്ക്കുള്ള വഴിയാണ് പാലത്തിന്റെ വരവോടെ അടഞ്ഞു പോകുന്നത്. ബ്രഹ്മാവിന്റെ ക്ഷേത്രങ്ങള്‍ അത്യപൂര്‍വമാണെന്നതു മറ്റൊരു പ്രത്യേകത. രാജസ്ഥാനിലെ പുഷ്കാര്‍, ഗോവയിലെ പനാജി, തമിഴ്നാട്ടിലെ കുംഭകോണം, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ ബ്രഹ്മാവിനു ക്ഷേത്രങ്ങളുണ്ടെന്നാണ് അറിവ്.
ഇത്തരം സാംസ്കാരിക പൈതൃകങ്ങളെ സംരക്ഷിക്കേണ്ട ചുമതലകൂടി ഭരണ സംവിധാനത്തിനില്ലേ? വികസനത്തിന്റെ അടിത്തറ കല്ലും മണ്ണും സിമന്റും മാത്രമല്ല. സാംസ്കാരികമായ മറ്റൊരു അടിത്തറകൂടിയുണ്ട്. അതാരും മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: